പുലിയെ ജനവാസമേഖലയില്‍ ഇറക്കിവിടരുത്

By :  Sub Editor
Update: 2025-02-27 07:27 GMT

കൊളത്തൂരില്‍ പിടിയിലായ പുലിയെ ജനവാസമേഖലയില്‍ ഇറക്കിവിട്ടതിനെതിരെ പ്രതിഷേധം കത്തിപ്പടരുകയാണ്. ബെള്ളൂര്‍ പഞ്ചായത്തിലെ ജനവാസമേഖലയില്‍ പുലിയെ തുറന്നുവിട്ടതോടെ ഇവിടത്തെ ജനങ്ങള്‍ അങ്ങേയറ്റം അസ്വസ്ഥരും ആശങ്കാകുലരുമാണ്. അടുത്തെങ്ങും ജനവാസമില്ലാത്ത എത്രയോ പ്രദേശങ്ങള്‍ കാസര്‍കോട്ടെ അതിര്‍ത്തിയിലുണ്ടെന്നിരിക്കെ വനം വകുപ്പധികൃതര്‍ പുലിയെ തുറന്നുവിട്ടത് ജനവാസമേഖലയിലാണെന്ന യാഥാര്‍ഥ്യം അമ്പരപ്പുളവാക്കുന്നതാണ്. ഒരു ജനവാസമേഖലയില്‍ നിന്നും പിടികൂടിയ പുലിയെ മറ്റൊരു ജനവാസമേഖലയില്‍ തള്ളിയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ജനങ്ങളുടെ സുരക്ഷിതത്വത്തിനെതിരെയുള്ള വെല്ലുവിളി തന്നെയാണെന്ന് പറയേണ്ടിവരും. ബെള്ളൂര്‍ പഞ്ചായത്തില്‍ മാത്രമല്ല അടുത്തുള്ള കര്‍ണ്ണാടകയിലെ പ്രദേശത്തും പ്രതിഷേധമുയരുകയാണ്. പുലിയെ തുറന്നുവിട്ട ജാബ്രി വനമേഖലയ്ക്ക് തൊട്ടടുത്താണ് കര്‍ണ്ണാടകയിലെ പ്രദേശമായ പാണാജെ. ഈ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ ഇക്കാര്യം സംബന്ധിച്ച് പുത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. പൊലീസ് പരാതി കര്‍ണ്ണാടക വനംവകുപ്പിലെ ഉന്നതാധികാരികള്‍ക്ക് കൈമാറിയിട്ടുണ്ട്. ജനവാസമേഖലയില്‍ പുലിയെ ഇറക്കിയതിനെതിരെ ബെള്ളൂര്‍ പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കാസര്‍കോട് ഡി.എഫ്.ഒ ഓഫീസ് ഉപരോധിച്ചിരുന്നു. പാണാജെ പഞ്ചായത്തിലെ പല വാര്‍ഡുകളിലും ഗ്രാമസഭാ യോഗങ്ങള്‍ വിളിച്ചുുചേര്‍ക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. കൊളത്തൂരില്‍ വനംവകുപ്പധികൃതര്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയിരുന്നത്. പുലിയെ പിടികൂടി കൊണ്ടുപോകുമ്പോള്‍ അതിനെ എവിടെ കൊണ്ടുവിടണമെന്ന കാര്യത്തില്‍ കാര്യമായ ധാരണയൊന്നും ഉണ്ടായിരുന്നില്ലെന്ന് വേണം കരുതാന്‍. ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവന് ഭീഷണിയായ പുലിയെ അവിടെ നിന്ന് പിടികൂടി കൊണ്ടുപോകുമ്പോള്‍ അത് മറ്റൊരു പ്രദേശത്തെ ജനങ്ങള്‍ക്ക് ഭീഷണിയായി മാറാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതായിരുന്നു. ജനവാസം തീരെയില്ലാത്ത ഭാഗത്തെ ഉള്‍വനത്തിലേക്ക് പുലിയെ വിടണമായിരുന്നു. അതിന് തയ്യാറാകാതെ എവിടെ പുലിയെ കൊണ്ടുവിടണമെന്ന കാര്യത്തില്‍ മുന്‍കൂട്ടി തീരുമാനിക്കുകയും അത് നടപ്പാക്കുകയുമാണ് അധികൃതര്‍ ചെയ്തത്. പുലിയെ ഇറക്കിവിടുന്ന ഭാഗത്ത് ജനങ്ങള്‍ താമസിക്കുന്നുണ്ടെന്ന വസ്തുത കണക്കിലെടുത്തില്ല. തിടുക്കത്തില്‍ എവിടെയെങ്കിലും പുലിയെ പോലെയുള്ള ഹിംസ്രജീവിയെ ഇറക്കിവിടുന്ന അഴകൊഴമ്പന്‍ സമീപനം വനംവകുപ്പധികൃതരുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. വന്യജീവികളുടെ സംരക്ഷണം ഉറപ്പാക്കുമ്പോള്‍ മനുഷ്യരുടെ ജീവന്‍ അരക്ഷിതാവസ്ഥയിലാകുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ലാത്തതാണ്. ഇക്കാര്യത്തില്‍ ഗുരുതര വീഴ്ചയാണ് വനംവകുപ്പധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നത്. ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും ഭയവിഹ്വലരും അസ്വസ്ഥരുമാകാനാണ് വനംവകുപ്പിന്റെ നടപടി ഇടവരുത്തിയിരിക്കുന്നത്. പട്രോളിംഗും നിരീക്ഷണവും എത്രമാത്രം പ്രയോജനപ്പെടുമെന്ന് കണ്ടുതന്നെ അറിയണം.

Similar News