കുന്നിടിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളൊക്കെയും ക്ഷണിച്ചുവരുത്തുന്നത് വലിയ ദുരന്തങ്ങളാണ്. ദേശീയപാത വികസനത്തിനായി സംസ്ഥാനത്തെ പല ഭാഗങ്ങളിലും കുന്നുകളിടിച്ചിട്ടുണ്ട്. പാത വികസനത്തിന് ആവശ്യമായ രീതിയില്‍ മാത്രം മതിയായ മുന്‍കരുതലോടെയും സുരക്ഷയോടെയും കുന്നില്‍ നിന്നും മണ്ണെടുത്ത് നീക്കുന്നതിന് പകരം പലയിടങ്ങളിലും നടന്നിരിക്കുന്നത് അനിയന്ത്രിതമായ കുന്നിടിക്കലാണ്.
കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍, ബേവിഞ്ച അടക്കമുള്ള ഭാഗങ്ങളില്‍ ദേശീയപാത വികസനത്തിനായി കുന്നിടിച്ചത് തികച്ചും അശാസ്ത്രീയമായാണ്. അതിന്റെ പരിണിതഫലങ്ങള്‍ മഴക്കാലത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്നു. തെക്കില്‍ ബേവിഞ്ച ഭാഗങ്ങളില്‍ മഴക്കാലത്ത് കുന്നിടിച്ച ഭാഗത്തുനിന്നും കുന്നിടിഞ്ഞ് ദേശീയപാതയിലേക്ക് വീണ് ദിവസങ്ങളോളം ഗതാഗതം സ്തംഭിക്കുന്നുണ്ട്. മണ്ണ് പൂര്‍ണ്ണമായും നീക്കിയാലും മഴ കുറയുന്നതുവരെ ഈ റൂട്ടില്‍ ഗതാഗതം നിരോധിക്കുകയും ചെയ്യുന്നു. മഴക്കാലത്ത് തെക്കില്‍ ഭാഗത്ത് നിരവധി കുടുംബങ്ങളാണ് മണ്ണിടിച്ചില്‍ ഭീഷണി നേരിടാറുള്ളത്. കാലവര്‍ഷത്തിന് ഇനി അധികം ദിവസങ്ങളില്ല. കനത്ത മഴവരുമ്പോള്‍ എന്തൊക്കെ സംഭവിക്കുമെന്നോര്‍ത്ത് കുന്നിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്.
കഴിഞ്ഞ ദിവസം ചെറുവത്തൂര്‍ മട്ടലായിയില്‍ കുന്നിന്റെ അരികിടിഞ്ഞുവീണ് ഇതരസംസ്ഥാനതൊഴിലാളിയായ 18കാരന് ദാരുണാന്ത്യമാണ് സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് തൊഴിലാളികള്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. മട്ടലായി കുന്നിനരികില്‍ സുരക്ഷാഭിത്തി നിര്‍മ്മിക്കുന്നതിന് കമ്പി കെട്ടി കോണ്‍ക്രീറ്റ് ചെയ്യാനുള്ള ജോലിക്കിടെയാണ് കുന്നിന്റെ അരികിടിഞ്ഞുവീണ് തൊഴിലാളികള്‍ അതിനടിയില്‍ പെട്ടത്. മൂന്ന് തൊഴിലാളികളെയും പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഒരു തൊഴിലാളി മരണപ്പെടുകയായിരുന്നു. മഴ വരുമ്പോള്‍ ഏത് സമയത്തും ഇടിയാന്‍ പാകത്തിലുള്ള കുന്നുകള്‍ ഒരു പ്രദേശത്താകമാനം അപായഭീഷണിയാണുയര്‍ത്തുന്നത്. പ്രദേശവാസികളുടെ ജീവനും ജീവിതവും വെല്ലുവിളി നേരിടുന്നു.
ഇതുവഴിയുള്ള കാല്‍നടയാത്രയും വാഹനയാത്രയും അരക്ഷിതാവസ്ഥയിലാണ്. പരിസ്ഥിതിക്കും ഇത് ഭീഷണിയായി മാറുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെയും ജലസംരക്ഷണത്തിന്റെയും പ്രഭവകേന്ദ്രങ്ങളാണ് കുന്നുകളും മലകളും. കുന്നുകളും മലകളും ഇല്ലാതാകുന്നതുകൊണ്ടാണ് മഴക്കാലത്ത് ഉരുള്‍പൊട്ടലും പ്രളയവും ഒക്കെയുണ്ടാകുന്നത്. വേനല്‍ക്കാലത്താകട്ടെ കൊടുംവരള്‍ച്ചയെ അഭിമുഖീകരിക്കേണ്ടിവരുന്നു. കുന്നുകള്‍ ഇടിച്ച് ഇല്ലാതാക്കിക്കൊണ്ടുള്ള വികസനം വിനാശമാണുണ്ടാക്കുക. മനുഷ്യനിര്‍മ്മിതമായ ഇത്തരം ദുരന്തങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണ്ണമായും മനുഷ്യര്‍ക്ക് തന്നെയാണ്. പ്രകൃതിക്കല്ല. പ്രകൃതിയെ സംരക്ഷിക്കാതെ ഒരു വികസനത്തിന്റെയും പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുകയില്ല.