കേരളത്തില്‍ കുടുംബപ്രശ്‌നങ്ങള്‍ രൂക്ഷമാകുമ്പോള്‍ പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും ഇതുസംബന്ധിച്ച കേസുകളുടെ എണ്ണവും ഇരട്ടിയാകുകയാണ്. ലഹരി ഉപയോഗവും സംശയരോഗവും സാമ്പത്തിക പ്രശ്‌നങ്ങളുമൊക്കെ കുടുംബബന്ധങ്ങളുടെ താളം തെറ്റിക്കുകയാണ്. കുടുംബപ്രശ്‌നങ്ങള്‍ കാരണമുള്ള ആത്മഹത്യകളും കൊലപാതകങ്ങളും കേരളത്തില്‍ വര്‍ധിച്ചുവരികയാണെന്നാണ് ഏറ്റവും പുതിയ കണക്ക്. കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയതിന് കാരണം സംശയരോഗമായിരുന്നു. സമാനമായ ഒട്ടനവധി കൊലപാതകങ്ങള്‍ കേരളത്തിലെ വിവിധ ഭാഗങ്ങളിലുണ്ടാകുന്നുണ്ട്. ലഹരി ഉപയോഗം സംശയരോഗം വര്‍ധിക്കാന്‍ ഒരു കാരണമാണ്. ദാമ്പത്യത്തിലുണ്ടാകുന്ന അസ്വാരസ്യങ്ങളാണ് കുടുംബങ്ങളില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുന്നത്. നിസ്സാര കാരണങ്ങളുടെ പേരിലാണ് ദമ്പതികള്‍ കലഹിക്കുന്നത്. ഇതിന്റെ പേരിലുള്ള വിവാഹമോചനങ്ങളും വര്‍ധിക്കുകയാണ്. ഒരു കുടുംബത്തില്‍ ഏത് സമയത്തും കൊലപാതകമോ ആത്മഹത്യയോ നടക്കാമെന്ന സ്ഥിതിയാണുള്ളത്. കുടുംബപ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ മാനസികമായി ബാധിക്കുന്നത് കുട്ടികളെയാണ്. കുടുംബങ്ങളിലുണ്ടാകുന്ന കലഹങ്ങള്‍ കുട്ടികളുടെ മാനസികനിലയെ തന്നെ തകരാറിലാക്കുന്നു. ദിവസവും കലഹമുള്ള വീടുകളിലെ കുട്ടികള്‍ പഠനത്തില്‍ പിറകോട്ട് പോകുന്നു. അവരില്‍ അപകര്‍ഷതാബോധവും വീട്ടുകാരോടും സമൂഹത്തോടുമുള്ള വെറുപ്പും വര്‍ധിക്കുന്നു. ഇത്തരം കുടുംബങ്ങളിലെ പല കുട്ടികളും മയക്കുമരുന്നിന് അടിമകളാകുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലഹരിമാഫിയകളുടെ വലയില്‍ ഇങ്ങനെയുള്ള കുട്ടികള്‍ എളുപ്പത്തില്‍ വീഴും. അവര്‍ ലഹരി ഉപയോഗിക്കുന്നതോടൊപ്പം അതിന്റെ വിതരണക്കാരായി മാറുകയും ചെയ്യും. ലഹരിക്കടിമയായാല്‍ ഏത് കുറ്റകൃത്യവും ചെയ്യാന്‍ മടിയില്ലാത്തവരുടെ എണ്ണമാണ് സമൂഹത്തില്‍ വര്‍ധിക്കുന്നത്. സമൂഹത്തില്‍ അക്രമങ്ങളും കൊലപാതകങ്ങളും കവര്‍ച്ചകളും മറ്റ് കുറ്റകൃത്യങ്ങളും വര്‍ധിക്കാന്‍ ഇത് കാരണമാകും. അതുകൊണ്ടുതന്നെ കുടുംബങ്ങളിലുണ്ടാകുന്ന സ്ഥിരമായ പ്രശ്നങ്ങള്‍ നന്മയുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിന് തടസം തന്നെയാണ്. അയല്‍ബന്ധങ്ങള്‍ പോലും ദുര്‍ബലമാകുന്ന ഇക്കാലത്ത് തൊട്ടടുത്ത് നടക്കുന്ന വീട്ടിലെ പ്രശ്‌നങ്ങള്‍ പോലും ആരും അറിയുന്നില്ല. മുന്‍കാലത്ത് ഒരു വീട്ടില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അയല്‍വീട്ടുകാര്‍ ഓടിയെത്തുമായിരുന്നു. ഇക്കാലത്ത് ആരും തിരിഞ്ഞുനോക്കില്ല. ഈ സാഹചര്യത്തില്‍ ഓരോ കുടുംബത്തിലുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹരിക്കാനും ആവശ്യമായ സാമൂഹിക ഇടപെടല്‍ അത്യാവശ്യമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണം.