അപ്രതീക്ഷിത മഴ ജാഗ്രത വേണം

Update: 2024-12-04 10:17 GMT

കാസര്‍കോട് ജില്ലയടക്കം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതി തീവ്രമഴയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. കുറച്ചുദിവസം കനത്ത മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്തങ്ങളും റോഡപകടങ്ങളും മറ്റ് അപകടങ്ങളുമുണ്ടാകുന്നത് മഴക്കാലത്താണ്. മഴ അതി തീവ്രമാകുമ്പോള്‍ അപകടത്തിന്റെ വ്യാപ്തിയും കൂടും.

കാസര്‍കോട് ജില്ലയില്‍ അപകടകരമായ ഒട്ടേറെ സാഹചര്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യമാണ്. ദേശീയപാതവികസനപ്രവൃത്തികള്‍ തുടരുന്നതിനാല്‍ എങ്ങും അപകടങ്ങള്‍ പതിയിരിക്കുന്നു. വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ പോകാനുള്ള സാഹചര്യം ദേശീയപാതയിലില്ല. ദേശീയപാതയിലെ വളവും തിരിവും പല ഭാഗങ്ങളിലും വ്യത്യാസപ്പെട്ടിട്ടുണ്ട്. റോഡരികുകളില്‍ കുഴികളുണ്ട്. കനത്ത മഴ പെയ്തതോടെ ഇവയില്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്. റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഒലിച്ചുവന്ന് ചെളി രൂപപ്പെട്ടിരിക്കുന്നു. വാഹനങ്ങള്‍ തെന്നി വീഴാനുള്ള സാധ്യതയേറെയാണ്. അപകടങ്ങളും ഗതാഗതക്കുരുക്കും കൂടുതലായി ഉണ്ടാകും. വളരെ ശ്രദ്ധിച്ച് വാഹനമോടിച്ചില്ലെങ്കില്‍ അപകടത്തില്‍പെടും. ദേശീയപാതയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ കാരണം വാഹനഗതാഗതം താറുമാറായിട്ടുണ്ട്. കുമ്പള, മഞ്ചേശ്വരം, ഹൊസങ്കടി ഭാഗങ്ങളിലൊക്കെയും വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. റോഡ് സുരക്ഷാനിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. മത്സ്യത്തൊഴിലാളികളും ഏറെ ശ്രദ്ധിക്കണം. കടലേറ്റമുണ്ട്. പ്രതികൂല കാലാവസ്ഥയായതിനാല്‍ സ്വയം സുരക്ഷ ഉറപ്പുവരുത്തണം. കടല്‍ക്ഷോഭമുള്ളതിനാല്‍ തീരദേശകുടുംബങ്ങള്‍ ആശങ്കയിലാണ്. അതിശക്തമായ കാറ്റുള്ളതിനാല്‍ പഴകിയ കെട്ടിടങ്ങള്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ക്കുമിടയിലൂടെയുള്ള യാത്ര ഒഴിവാക്കണം. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന നിരവധി പ്രദേശങ്ങള്‍ കാസര്‍കോട് ജില്ലയിലുണ്ട്. ജില്ലയില്‍ തെക്കില്‍, ബേവിഞ്ച ഭാഗങ്ങളിലും ചെറുവത്തൂരിലും ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയോരത്തും മഴക്കാലത്ത് മണ്ണിടിഞ്ഞ് ഗതാഗത സ്തംഭനമുണ്ടാകാറുണ്ട്. ഇത്തരം ഭാഗങ്ങളില്‍ വാഹനങ്ങളോടിക്കുമ്പോള്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം. പെട്ടെന്ന് കാലാവസ്ഥയില്‍ മാറ്റം വന്നതോടെ പനിയും മറ്റ് സാംക്രമികരോഗങ്ങളും പടരാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ആസ്പത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം.

Similar News