സൂക്ഷിക്കണം വിഷപ്പാമ്പുകളെ

By :  Sub Editor
Update: 2025-01-22 08:51 GMT

പുലികളുടെയും തെരുവ് നായ്ക്കളുടെയും ശല്യം പോലെ ജനജീവിതത്തിന് മറ്റൊരു കടുത്ത ഭീഷണി വിഷപ്പാമ്പുകളാണ്. തണുപ്പ് കാലം അവസാനിക്കാറായതോടെ ഇനി പാമ്പുകളുടെ ശല്യം കൂടുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും വിഷപ്പാമ്പുകള്‍ വീട്ടിനകത്തേക്ക് നുഴഞ്ഞുകയറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജലസേചനം നടക്കുന്ന ഭാഗങ്ങളിലും പാമ്പുകള്‍ താവളമുറപ്പിക്കുന്നു.

കഴിഞ്ഞ ദിവസം ചിറ്റാരിക്കാല്‍ തയ്യേനി അത്തിയടുക്കത്തെ വീട്ടിനുള്ളില്‍ വിഷസര്‍പ്പം കയറിയത് വീട്ടുകാരെയും പരിസരവാസികളെയും പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ വനംവകുപ്പ് ജീവനക്കാര്‍ പാമ്പിനെ പിടികൂടി കാട്ടിലേക്ക് വിടുകയായിരുന്നു. വീട്ടുവളപ്പില്‍ പണിയെടുക്കുന്നതിനിടെ തയ്യേനിയിലെ അമ്മിണി പാമ്പുകടിയേറ്റ് മരിച്ചത് ഒരാഴ്ച മുമ്പാണ്. ജനവാസ കേന്ദ്രമായ നല്ലോംപുഴ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിന് സമീപത്തെ കൃഷിയിടത്തില്‍ നിന്ന് നാല് മീറ്ററോളം നീളമുള്ള രാജവെമ്പാലയെ നാട്ടുകാര്‍ പിടികൂടിയത് ഏതാനും ദിവസം മുമ്പാണ്. ഇതിനെ വനംവകുപ്പുദ്യോഗസ്ഥര്‍ പിടികൂടി കാട്ടിലേക്ക് വിടുകയായിരുന്നു.

ചൂട് കൂടുമ്പോള്‍ പാമ്പുകള്‍ ഈര്‍പ്പമുള്ള സ്ഥലത്തേക്ക് കൂട്ടത്തോടെ എത്തുകയാണ് ചെയ്യുന്നത്. 28 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ജീവിക്കാന്‍ പാമ്പുകള്‍ക്കാകും. താപനില കൂടുമ്പോള്‍ ശരീര താപനില നിയന്ത്രിക്കാനാണ് പാമ്പുകള്‍ തണുപ്പ് കിട്ടുന്ന സ്ഥലങ്ങളിലേക്കെത്തുന്നത്. വേനല്‍ കടുക്കുമ്പോള്‍ ജലസേചനമുള്ള കൃഷിയിടങ്ങളിലും മറ്റും പാമ്പുകളെത്തുന്നു. പറമ്പില്‍ ജോലി ചെയ്യുമ്പോഴും കൃഷിപ്പണിയെടുക്കുമ്പോഴും പാമ്പ് കടിയേല്‍ക്കാനുള്ള സാധ്യത ഈ സാഹചര്യത്തില്‍ വര്‍ധിക്കുകയാണ്. പാമ്പുകളുടെ വാസ സ്ഥലം കാടുകളാണ്. എന്നാല്‍ പരിസ്ഥിതിയെ ധ്വംസിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായും പാമ്പുകളുടെ വാസയിടങ്ങള്‍ ഇല്ലാതാകാന്‍ കാരണമാകുന്നുണ്ട്. കാടുകള്‍ വെട്ടി വെളുപ്പിക്കുന്നതും ജലാശയങ്ങള്‍ മണ്ണിട്ടുനികത്തുന്നതും മറ്റ് ജീവികളെപ്പോലെ തന്നെ പാമ്പുകളുടെ നിലനില്‍പ്പിനെയും ബാധിക്കുകയാണ്. വീടിന് ചുറ്റും കാട് പിടിച്ചുകിടക്കുന്ന പറമ്പുകളാണെങ്കില്‍ പാമ്പുകള്‍ വീടിനകത്തേക്ക് പ്രവേശിക്കുമെന്നുറപ്പാണ്. വീടിനോട് ചേര്‍ന്ന് വിറകുകള്‍ അട്ടിവെക്കുന്നതും ചിരട്ടകള്‍, ചകിരി, ഓട്ടുകഷണങ്ങള്‍ മുതലായവ കൂട്ടിവെക്കുന്നതും പാമ്പുകള്‍ വരാന്‍ കാരണമാകും. ഇവയ്ക്കിടയില്‍ പാമ്പുകള്‍ നുഴഞ്ഞുകയറി കിടക്കുന്നുണ്ടാകും. വിറകും മറ്റും എടുക്കുമ്പോള്‍ പാമ്പ് കടിയേല്‍ക്കുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. വീട്ടില്‍ തറയോട് ചേര്‍ന്ന് ചെടിച്ചട്ടികള്‍ വെക്കുന്നതും അപകടമാണ്. ചെടികള്‍ക്ക് വെള്ളമൊഴിക്കുന്നതിനാല്‍ തണുപ്പ് കിട്ടാന്‍ പാമ്പുകള്‍ ചെടികള്‍ക്കിടയില്‍ പതുങ്ങിക്കിടക്കും. വീട്ടിന് പുറത്ത് അഴിച്ചുവെക്കുന്ന ഷൂസുകളിലും പാമ്പുകള്‍ കയറാറുണ്ട്. വീട്ടിലേക്ക് ചാഞ്ഞുകിടക്കുന്ന മരക്കൊമ്പുകള്‍ വഴിയും പാമ്പുകളെത്താം. പാമ്പുകളുടെ സാന്നിധ്യത്തിന് കാരണമാകുന്ന സാഹചര്യങ്ങളെല്ലാം ഒഴിവാക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മുന്‍കരുതല്‍.

വീടിന് സമീപത്തെ ജലസംഭരണികളും ശുചിമുറികളും ഗോവണിപ്പടികളുമൊക്കെ പാമ്പുകളെത്തുന്ന ഇടങ്ങളാണ്. അതുകൊണ്ട് അതീവ ജാഗ്രത തന്നെ ആവശ്യമാണ്.

Similar News