കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് എന്ന രോഗം പടര്‍ന്നുപിടിക്കുകയാണ്. കാസര്‍കോട് ജില്ലയിലടക്കം മുണ്ടിനീര് വ്യാപകമാകുകയാണ്. മരണം വരെ സംഭവിക്കാവുന്ന മാരകരോഗമല്ലെങ്കില്‍ കൂടിയും ഈ രോഗമുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും അസഹനീയമാണ്. അതുകൊണ്ടുതന്നെ മുണ്ടിനീരിനെതിരെ ജാഗ്രത പാലിക്കേണ്ടത് അനിവാര്യം തന്നെയാണ്. വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് പടരുന്നതില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വൈറസ് മൂലം വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്. അസുഖബാധിതര്‍ പൂര്‍ണമായും മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നത്. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് മുണ്ടിനീര് വന്നാല്‍ മറ്റ് കുടുംബാംഗങ്ങളെയും അത് ബാധിക്കുന്നു. മുണ്ടിനീര് ലക്ഷണങ്ങളുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ പോയാല്‍ മറ്റ് കുട്ടികളിലേക്കും രോഗം വ്യാപിക്കുന്നു. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടുന്നത് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഈ സാഹചര്യത്തില്‍ രക്ഷിതാക്കള്‍ ശ്രദ്ധപുലര്‍ത്തണം.
രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കേണ്ടതും അത്യന്താപേക്ഷിതമാണ്. കുട്ടികളെയാണ് ഈ രോഗം കൂടുതലായും ബാധിക്കുന്നത്. പ്രത്യേകിച്ച് പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് ഏറെയും രോഗബാധയുണ്ടാകുന്നത്. ഉമിനീര്‍ സ്പര്‍ശനം വഴി ശരീരത്തില്‍ കടക്കുന്ന വൈറസ് രണ്ട് മുതല്‍ 18 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പുറപ്പെടുവിക്കുന്നതാണ് പതിവ്. പനി, ചുമ, തലവേദന, ജലദോഷം, ചെവി വേദന തുടങ്ങിയ അസ്വസ്ഥതകളും ഉണ്ടാകുന്നുണ്ട്. വീക്കം വരുന്നതിന് അഞ്ച് ദിവസം മുമ്പ് തന്നെ രോഗം പടരാനുള്ള സാധ്യതയുമുണ്ട്. മുണ്ടിനീര് വന്നാല്‍ പിന്നെ ഭക്ഷണം കഴിക്കാന്‍ ഏറെ പ്രയാസപ്പെടും. ജീവിതശൈലി രോഗങ്ങളുള്ളവര്‍ക്കാണ് മുണ്ടിനീര് വരുന്നതെങ്കില്‍ അവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വലുതായിരിക്കും.
കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലയുടെ തെക്കന്‍ മേഖലകളിലാണ് കൂടുതലും മുണ്ടിനീര് പടരുന്നത്. വേഗത്തില്‍ സുഖപ്പെടാത്തതുകൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തെ പോലും ഈ പ്രശ്‌നം ബാധിക്കുന്നു. കൂട്ടികള്‍ക്ക് നല്‍കിയിരുന്ന സൗജന്യവാക്സിന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെ കുട്ടികളുടെ പ്രതിരോധശേഷി കുറഞ്ഞെന്നും മുണ്ടിനീര് പടരാന്‍ ഇത് കാരണമാണെന്നും വ്യക്തമായിട്ടുണ്ട്. മുണ്ടിനീര്, അഞ്ചാംപനി, റൂബെല്ല തുടങ്ങിയവയെ പ്രതിരോധിക്കുന്നതിനാണ് കുട്ടികള്‍ക്ക് സൗജന്യവാക്സിന്‍ നല്‍കിയിരുന്നത്. ഇതില്‍ മുണ്ടിനീരിനുള്ള സൗജന്യവാക്സിന്‍ കേന്ദ്രസര്‍ക്കാര്‍ 2018 മുതല്‍ ഒഴിവാക്കിയിരിക്കുകയാണ്. 2018ന് ശേഷം ജനിച്ച കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കുറയാന്‍ ഇത് കാരണമാണ്. മുണ്ടിനീരിനെതിരെ പ്രതിരോധം ശക്തമാക്കുന്നതിനൊപ്പം കുട്ടികള്‍ക്കുള്ള സൗജന്യവാക്സിന്‍ വിതരണം പുനരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം.