സൂക്ഷിക്കണം, സൂര്യാഘാതത്തെ

Update: 2025-05-16 11:29 GMT

കൊടും ചൂടില്‍ തളര്‍ന്നുവീഴുകയും മരണപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് മാര്‍ക്കറ്റില്‍ സാധനം വാങ്ങാന്‍ വന്ന വയോധികന്‍ കടുത്ത ചൂടില്‍ തളര്‍ന്നുവീഴുകയായിരുന്നു. ചൂടിന്റെ കാഠിന്യം വര്‍ധിച്ചതോടെ അധികൃതര്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വെയിലത്ത് ജോലി ചെയ്യുന്നവര്‍ ഉച്ചക്ക് 12 മണിമുതല്‍ വൈകിട്ട് മൂന്ന് മണിവരെ വിശ്രമിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വേനല്‍മഴ പെയ്തതോടെ പകല്‍നേരത്ത് ചൂടിന്റെ കാഠിന്യം കൂടിയിരിക്കുകയാണ്.

ദേശീയപാത നിര്‍മ്മാണപ്രവൃത്തികളിലും കഠിനാധ്വാനം നിറഞ്ഞ മറ്റ് ജോലികളിലും ഏര്‍പ്പെടുന്നവര്‍ ഏറെ ജാഗ്രത പാലിക്കേണ്ട സമയം കൂടിയാണിത്. പണിയെടുക്കുന്നവരും എടുപ്പിക്കുന്നവരും ആ പ്രശ്‌നത്തെ നിസ്സാരമായി കാണരുത്. അധികൃതരുടെ നിര്‍ദ്ദേശത്തെ അവഗണിക്കുന്നവര്‍ക്ക് അതിന്റേതായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഏറെ ഗൗരവത്തോടെ തന്നെ കാണണം. സൂര്യാഘാതം ക്ഷീണവും തളര്‍ച്ചയുമുണ്ടാക്കുമെന്ന് മാത്രമല്ല മരണത്തിന് തന്നെ കാരണമായിത്തീരും. ശരീരമാസകലം പൊള്ളലേല്‍ക്കാനും ഇടവരുത്തുന്നു. അതുകൊണ്ടാണ് ഉച്ചക്ക് ചൂടിന് കാഠിന്യമേറുമ്പോള്‍ വിശ്രമം നിര്‍ബന്ധമാക്കുന്നത്.

ദേശീയപാത വികസനപ്രവൃത്തിയെ തുടര്‍ന്ന് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പൊളിച്ച് നീക്കിയതിനാല്‍ പല ഭാഗങ്ങളിലും യാത്രക്കാര്‍ക്ക് പൊരിവെയിലത്ത് നില്‍ക്കേണ്ടിവരുന്നു. ഇങ്ങനെ നില്‍ക്കുന്നവരിലും ചൂട് താങ്ങാനാകാതെ തളര്‍ന്നുവീഴുന്നവരുണ്ട്. താപനില നേരത്തെ ഉയര്‍ന്നതുകൊണ്ട് കുടിവെള്ളക്ഷാമവും രൂക്ഷമായി തുടരുകയാണ്. കുടിവെള്ള പ്രശ്‌നം മാത്രമല്ല കൃഷിയാവശ്യത്തിനുള്ള വെള്ളത്തിന്റെ തോതും കുറഞ്ഞുവരുന്നുണ്ട്. പുഴകളും മറ്റ് ജലാശയങ്ങളും പൂര്‍ണ്ണമായും വറ്റുന്ന സ്ഥിതിയാണുള്ളത്. അതുകൊണ്ട് തന്നെ ചൂടിനെ നേരിടാനുള്ള ജാഗ്രതയും മുന്‍കരുതലും അനിവാര്യമാണ്. പുഴകള്‍ക്കും മറ്റ് ജലസ്രോതസുകള്‍ക്കും മലകള്‍ക്കും നേരെയുള്ള കയ്യേറ്റങ്ങളും വയലുകളും തണ്ണീര്‍തടങ്ങളും നികത്തുന്നതും വരള്‍ച്ചക്ക് കാരണമാകുന്നുണ്ട്. അനുഭവത്തിലൂടെ ഇതൊക്കെ ബോധ്യപ്പെട്ടിട്ടും താല്‍ക്കാലിക ലാഭത്തിനും സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കും വേണ്ടിയുള്ള പ്രകൃതി ധ്വംസനങ്ങള്‍ തുടരുകയാണ്. ഇതിന്റെയൊക്കെ പരിണിതഫലം ഭയാനകം തന്നെയായിരിക്കും. നാട് ഇതുവരെ കാണാത്ത കൊടും വരള്‍ച്ചക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതുകൊണ്ട് പ്രകൃതിക്കെതിരായ ചൂഷണങ്ങളും ധ്വംസനങ്ങളും തടയാന്‍ കര്‍ശന നടപടികള്‍ ആവശ്യമാണ്.

Similar News