സംസ്ഥാനത്ത് കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണം വയലന്‍സ് സിനിമകളാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പല ഭാഗങ്ങളിലും നടക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ടെലിവിഷന്‍ ചാനലുകളിലുമെല്ലാം ഇപ്പോള്‍ ഇക്കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. മാര്‍ക്കോ പോലുള്ള അതിഭീകരമായ വയലന്‍സ് രംഗങ്ങളുള്ള സിനിമകള്‍ പുതിയ തലമുറയില്‍പെട്ടവര്‍ക്ക് കൊലപാതകങ്ങള്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണയാകുന്നുവെന്നാണ് വിമര്‍ശനം. മാര്‍ക്കോ സിനിമക്ക് ടെലിവിഷന്‍ ചാനലില്‍ പ്രദര്‍ശനത്തിന് അനുമതി നിഷേധിക്കപ്പെട്ടത് ഇത്തരമൊരു പശ്ചാത്തലത്തിലാണ്. ഒ.ടി.ടിയിലെ പ്രദര്‍ശനത്തിനും വിലക്കുണ്ടാകുമെന്നാണ് അറിയുന്നത്. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമേ കാണാനാകൂവെന്ന സര്‍ട്ടിഫിക്കറ്റോടെയാണ് മാര്‍ക്കോ പ്രദര്‍ശനത്തിനെത്തിയതെങ്കിലും തിയേറ്ററുകളില്‍ പ്രായപരിധിയുടെ പേരുള്ള വിലക്കോ നിയന്ത്രണമോ ഉണ്ടായിരുന്നില്ല. കൊച്ചുകുട്ടികള്‍ വരെ ക്രൂരമായ കൊലപാതകരംഗങ്ങളും മനുഷ്യ മന:സാക്ഷി മരവിപ്പിക്കുന്ന ചോരക്കളിയും നിറഞ്ഞ മാര്‍ക്കോ സിനിമ കണ്ടിരുന്നു. ഇങ്ങനെയുള്ള സിനിമകള്‍ കുട്ടികളിലും യുവാക്കളിലും പ്രതികൂലമായ സ്വാധീനം ചെലുത്തുമെന്നത് ശരിയാണ്. മാര്‍ക്കോ മാത്രമല്ല, വയലന്‍സിന് പ്രാധാന്യമുള്ള മറ്റ് ചില മലയാള സിനിമകളും സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ വയലന്‍സ് സിനിമകളെ മാത്രം ഇത്തരം പ്രശ്‌നങ്ങളില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താനാകില്ല. ഇവിടത്തെ അധികാര കേന്ദ്രങ്ങളുടെയും നിയമ സംവിധാനങ്ങളുടെയും പോരായ്മകളും പൊതുസമൂഹത്തിന്റെ ജാഗ്രതക്കുറവും എല്ലാം കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണമാകുന്നുണ്ട്.
മയക്കുമരുന്നിന്റെ വ്യാപനം തടയുന്നതില്‍ ഇവിടത്തെ നിയമ സംവിധാനങ്ങള്‍ക്ക് ഗുരുതരമായ വീഴ്ചകള്‍ സംഭവിക്കുകയാണ്. കഞ്ചാവിനും മയക്കുമരുന്നിനും മദ്യത്തിനുമൊക്കെ കുട്ടികളും യുവാക്കളും അടിമകളാകുന്നുണ്ട്. മയക്കുമരുന്ന് ലഹരിയില്‍ നടത്തുന്ന കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം വയലന്‍സ് സിനിമകള്‍ക്കല്ല. അതേസമയം വയലന്‍സ് സിനിമകള്‍ കണ്ട് കുറ്റം ചെയ്യാനുള്ള വാസന ചില കുട്ടികളില്‍ ഉണ്ടായിക്കൂടെന്നുമില്ല. അതുകൊണ്ട് വയലന്‍സ് സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതുകൊണ്ട് മാത്രം കുറ്റകൃത്യങ്ങള്‍ കുറയുമെന്ന ധാരണ മൗഢ്യമാണ്. നിലവിലുള്ള സാമൂഹികാവസ്ഥയും കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതാണ്. അതുകൊണ്ട് കുടുംബങ്ങളിലെയും സമൂഹത്തിലെയും അരക്ഷിതാവസ്ഥക്ക് കാരണമാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയെന്നത് പരമപ്രധാനമാണ്.