വഴിയടയുമ്പോള്‍ ഉയരുന്ന ആശങ്ക

By :  Sub Editor
Update: 2025-03-21 10:39 GMT

ദേശീയപാതാ വികസനപ്രവൃത്തികള്‍ അവസാനഘട്ടത്തിലെത്തുമ്പോള്‍ കാസര്‍കോട് ജില്ലയിലെ പല പ്രദേശങ്ങളിലും ആശങ്കകള്‍ ഒഴിയുന്നില്ല. പൂര്‍ണമായും വഴിയടയുമെന്നുറപ്പുള്ള സ്ഥലങ്ങളിലാണ് ജനങ്ങള്‍ ആശങ്കയില്‍ കഴിയുന്നത്. ദേശീയപാതയുടെ രണ്ടുവശങ്ങളിലും സര്‍വീസ് റോഡുകളെ വേര്‍തിരിച്ചുകൊണ്ട് മതില്‍ നിര്‍മ്മിച്ചിരിക്കുകയാണ്. അതേസമയം മിക്കയിടങ്ങളിലും രണ്ടുഭാഗങ്ങളിലേക്കും കടന്നുപോകാന്‍ വഴികളില്ല. അടിപ്പാതയോ മേല്‍പ്പാതയോ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പലയിടങ്ങളിലും നടന്ന സമരങ്ങള്‍ മാസങ്ങളോളം നീണ്ടുനിന്നു. ദേശീയപാതാ നിര്‍മ്മാണത്തിന്റെ തുടക്കത്തില്‍ സമരം ചെയ്തവര്‍ക്ക് മാത്രമാണ് അടിപ്പാതയും മേല്‍പ്പാതയുമൊക്കെ അനുവദിച്ചത്. എന്നാല്‍ ചില പ്രദേശങ്ങളില്‍ അടിപ്പാതക്കായി സമരം ആരംഭിച്ചത് ഏറെ വൈകിയാണ്. അപ്പോഴേക്കും സര്‍വീസ് റോഡുകളുടെ പണി ആരംഭിച്ചിരുന്നു. അടിപ്പാത അനുവദിക്കാമെന്ന് ഇത്തരം പ്രദേശങ്ങളില്‍ ഉറപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും അതിന് വേണ്ട പ്രാരംഭ നടപടികള്‍ പോലുമാരംഭിച്ചിട്ടില്ല.

കുമ്പള പ്രദേശത്തെ ജനങ്ങള്‍ ദേശീയപാത മറികടക്കാന്‍ വഴിയില്ലാതെ കടുത്ത ദുരിതമനുഭവിക്കുകയാണ്. ദേശീയപാതാ നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തി ന ില്‍ക്കുമ്പോഴും കുമ്പളയിലെ വ്യാപാരികളും ഓട്ടോ തൊഴിലാളികളുമടക്കമുള്ളവര്‍ ഏറെ കഷ്ടത്തിലാണ്. റോഡിന് കിഴക്കുഭാഗത്തുള്ള നഗരത്തിലെ ബസ്സ്റ്റാന്റിലേക്ക് ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് കയറിവരാനുള്ള വഴിയാണ് ദേശീയപാതാ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇല്ലാതാകുന്നത്. വഴിയടഞ്ഞാല്‍ അത് യാത്രക്കാര്‍ക്കെല്ലാം വലിയ ദുരിതമായി മാറും. ഈ സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി, യു.എല്‍.സി.സി അധികൃതര്‍, ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല.

കാസര്‍കോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് സ്റ്റാന്റില്‍ കയറാന്‍ സാധിക്കാത്ത രീതിയിലാണ് വഴിയടയുന്നത്. ബസ്സ്റ്റാന്റില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് അടിപ്പാത നിര്‍മ്മിച്ചിരിക്കുന്നത്. കാസര്‍കോട്ടുനിന്ന് വരുന്ന വാഹനങ്ങള്‍ അടിപ്പാതയില്‍ കയറി കിഴക്കുവശത്തെ സര്‍വീസ് റോഡിലൂടെ ബസ് സ്റ്റാന്റില്‍ പ്രവേശിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ സര്‍വീസ് റോഡിന് വീതിയില്ലാത്തത് കാരണം ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഇതുകാരണം ബസ്സ്റ്റാന്റില്‍ പ്രവേശിക്കുന്നതിന് കാലതാമസം നേരിടുകയാണ്. സര്‍വീസ് റോഡിന് വീതി കൂട്ടി അടിപ്പാത മുതല്‍ ബസ്സ്റ്റാന്റ് വരെയുള്ള ഭാഗത്ത് രണ്ടുവരിപ്പാത നിര്‍മ്മിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകും. എന്നാല്‍ ഇതിനുവേണ്ട നടപടികള്‍ എപ്പോള്‍ തുടങ്ങുമെന്നതിന് വ്യക്തതയില്ല. മറ്റ് പല ഭാഗങ്ങളിലും അശാസ്ത്രീയമായ നിര്‍മ്മാണ പ്രവൃത്തികള്‍ കാരണം ജനങ്ങള്‍ അനുഭവിക്കുന്നത് കടുത്ത ദുരിതമാണ്. ദേശീയപാതാ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാകണം.

Similar News