കുറ്റകരമാണ് ഈ അനാസ്ഥകള്‍

By :  Sub Editor
Update: 2025-04-08 10:33 GMT

ദേശീയപാതാ നിര്‍മ്മാണ പ്രവൃത്തികള്‍ക്കിടയിലുണ്ടാകുന്ന അശ്രദ്ധകളും അനാസ്ഥകളും പല തരത്തിലുള്ള അപകടങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും ഇടവരുത്തുകയാണ്. എന്തൊക്കെ അനുഭവങ്ങളുണ്ടായാലും ഇത്തരത്തിലുള്ള കുറ്റകരമായ അനാസ്ഥകള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. കഴിഞ്ഞ ദിവസം അത്തരമൊരു സംഭവം മാവുങ്കാലില്‍ നടന്നു. മാവുങ്കാലില്‍ ദേശീയപാതമേല്‍പ്പാലത്തില്‍ നിന്നും റബ്ബര്‍കട്ട തലയില്‍ വീണ് ഒരു യുവതിക്ക് ഗുരുതരമായ പരിക്ക് സംഭവിച്ചിരിക്കുകയാണ്. മാവുങ്കാലില്‍ ബസിറങ്ങിയ യുവതി 12 വയസുകാരനായ മകനോടൊപ്പം മേല്‍പ്പാലത്തിനടിയിലൂടെ നടന്നുപോകുമ്പോള്‍ പാലത്തിന് മുകളില്‍ നിന്ന് റബ്ബര്‍കട്ട തെറിച്ചുവീഴുകയായിരുന്നു. തലയ്ക്കും കഴുത്തിനും ഷോള്‍ഡറിനും ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ യുവതിയെ നാട്ടുകാരാണ് ആസ്പത്രിയിലെത്തിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് യുവതിക്കൊപ്പമുണ്ടായിരുന്ന മകന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.

ദേശീയപാത നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നതിലും സൂക്ഷിക്കുന്നതിലും ജാഗ്രത കാണിക്കാത്തതാണ് അപകടത്തിനിടയാക്കുന്നത്. മേല്‍പ്പാലം പോലെ ഉയരമുള്ള ഭാഗത്ത് ഭാരമുള്ള റബ്ബര്‍കട്ടകള്‍ അടക്കമുള്ള സാമഗ്രികള്‍ സൂക്ഷിക്കുമ്പോള്‍ താഴെ നടന്നുപോകുന്നവരുടെ ദേഹത്ത് അത് വീഴാനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികളെടുക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ അതുണ്ടാകുന്നില്ല. ജീവന്‍ നഷ്ടമായാല്‍ അതിന്റെ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുകയെന്ന ചോദ്യമുയരുന്നുണ്ട്.

സംസ്ഥാനത്തെ പല ഭാഗങ്ങളിലും ഇതുപോലുള്ള അപകടങ്ങളുണ്ടാകുന്നുണ്ട്. നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. ദേശീയപാതാ നിര്‍മ്മാണ സാധനങ്ങള്‍ കൊണ്ടുപോകുകയായിരുന്ന വാഹനത്തില്‍ നിന്ന് കോണ്‍ക്രീറ്റ് കട്ട തെറിച്ചുവീണ് രണ്ടുപേര്‍ അതിദാരുണമായി മരണപ്പെട്ട സംഭവമുണ്ടായത് സമീപകാലത്താണ്. ദേശീയപാത നിര്‍മ്മാണത്തിനായെടുത്ത കുഴികളില്‍ വീണും എത്രയോ അപകടമരണങ്ങള്‍ സംഭവിച്ചു. ദേശീയപാത വികസന പ്രവൃത്തി പൂര്‍ണമാകുമ്പോഴേക്കും ഒരുപാട് മനുഷ്യജീവനുകള്‍ ബലി നല്‍കേണ്ടിവരുന്നത് സന്തോഷത്തിനിടയിലെ വലിയൊരു ദു:ഖം തന്നെയാണ്. ശ്രദ്ധിച്ചാല്‍ ഒഴിവാക്കാമായിരുന്ന അപകടങ്ങളാണ് പലയിടങ്ങളിലും സംഭവിച്ചത്.

പെരിയയില്‍ മേല്‍പ്പാലം നിര്‍മ്മാണത്തിനിടെയുണ്ടായ അപകടവും ആരും മറന്നിട്ടില്ല. മേല്‍പ്പാലത്തിനായി കെട്ടിയുയര്‍ത്തിയ സാമഗ്രികള്‍ അപ്പാടെ നിലംപതിക്കുകയായിരുന്നു. ഈ സമയത്ത് അവിടെ ആളുകളുണ്ടായിരുന്നെങ്കില്‍ കൂട്ടമരണം തന്നെ സംഭവിക്കുമായിരുന്നു. ദേശീയപാത നിര്‍മ്മാണപ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനിയുടെ ഭാഗത്തുനിന്നുള്ള ജാഗ്രതക്കുറവ് ഇതുപോലുള്ള അപകടങ്ങള്‍ സംഭവിക്കാന്‍ ഇടവരുത്തുന്നുണ്ട്. പ്രവൃത്തികള്‍ നടത്തുമ്പോള്‍ ജനങ്ങളുടെ ജീവന് ഭീഷണിയാകാതിരിക്കാന്‍ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

Similar News