ചാറ്റ് ജിപിടിക്കും എ.ഐക്കും ഇതിന് കഴിയില്ല.. നിങ്ങള്‍ക്ക് ആദ്യം വേണ്ടത്..

പ്രമുഖ എഴുത്തുകാരനും വാഗ്മിയും വ്യക്തിത്വ വികസന പരിശീലകനുമായ ക്രിസ് വെസ്റ്റ്ഫാള്‍ വിശദീകരിക്കുന്നു;

Update: 2024-11-25 07:14 GMT

എന്ത് സംശയനിവാരണത്തിനും എന്ത് സഹായത്തിനും ചാറ്റ് ജിപിടിയെയും നിര്‍മിത ബുദ്ധിയെയും (എ.ഐ) ആശ്രയിക്കുന്നവരാണ് പുതുതലമുറ. ഹോംവര്‍ക്കാവട്ടെ ഓഫീസ് ജോലികളാവട്ടെ ഏതിനും ചാറ്റ്ജിപിടിയിലാണ് ആദ്യം ചോദിക്കുന്നത്. സെമിനാര്‍, പവര്‍ പോയിന്റ് അവതരണം, പ്രസംഗം, തുടങ്ങി എന്തിനും വിഷയങ്ങള്‍ കണ്ടെത്താനും വിഷയങ്ങളെ അപഗ്രഥിക്കാനും വിശദീകരിക്കാനും ക്രോഡീകരിക്കാനും സമയമില്ലാത്തതിനാല്‍ ചാറ്റ്ജിപിടിക്ക് അടിമപ്പെടുന്നവരാണ് ഏറെയും. എന്നാല്‍ ഇതിനൊക്കെ മുമ്പ് വ്യക്തി എന്ന നിലയിലുണ്ടായിരിക്കേണ്ട സോഫ്റ്റ് സ്‌കില്ലുകളില്‍ വിജയിക്കണമെന്നും ഇതിന് ചാറ്റ്ജിപിടി അല്ലെങ്കില്‍ എ.ഐയെ കൊണ്ട് കഴിയില്ല എന്നും വിശദീകരിക്കുകയാണ് പ്രമുഖ എഴുത്തുകാരനും വാഗ്മിയും വ്യക്തിത്വ വികസന പരിശീലകനുമായ ക്രിസ് വെസ്റ്റ്ഫാള്‍.


വിഷയങ്ങളെ കുറിച്ച് വിശദമായ കുറിപ്പുകള്‍ ചാറ്റ്ജിപിടിക്ക് തരാന്‍ കഴിഞ്ഞേക്കാം എന്നാല്‍ അത് അവതരിപ്പിക്കാനും ഓഡിയന്‍സിലേക്ക് കൃത്യമായി എത്തിക്കാനും അവതാരകന്‍ ശ്രമിച്ചാല്‍ മാത്രമേ നടക്കൂ. അതിന് മികച്ച അവതരണ ശൈലി ആര്‍ജിച്ചെടുക്കണം. ശരീരഭാഷ, ശബ്ദം, ഇതൊക്കെ ഘടകങ്ങളാണ്. എല്ലാത്തിനും ഉപരി കാണികളില്‍ നിന്നുണ്ടാവുന്ന ചോദ്യങ്ങള്‍ക്ക് സമയബന്ധിതമായി മറുപടി പറയാനുള്ള കഴിവാണ് ഉണ്ടാവേണ്ടത്.

പരിശീലനം, സഹപ്രവര്‍ത്തകരുമായുള്ള ബന്ധം, ഇതൊക്കെ എ.ഐക്കും ചാറ്റ് ജിപിടിക്കും പുറത്തുള്ള കാര്യങ്ങളാണ്.ഓഫീസിലെ ശമ്പളവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഓഫീസിന്റെ രാഷ്ട്രീയം, സഹപ്രവര്‍ത്തകന്റെ തെറ്റ് തിരുത്തല്‍ തുടങ്ങി ഇത്തരം സംഭാഷണങ്ങളിലും ചര്‍ച്ചകളിലും ഒക്കെ മാനുഷികമായ അവബോധം ആദ്യം കൈവരിക്കണം. സ്വന്തം കാലില്‍ നിന്ന് കൊണ്ട് ചിന്തിക്കാനും നല്ലൊരു കേള്‍വിക്കാരനാവാനും വിശദീകരണം നല്‍കാനും കഴിയണം. എന്ത് പറയണം എന്നത് ചാറ്റ്ജിപിടി തന്നേക്കാം. പക്ഷെ അത് എങ്ങനെ ഏത് രീതിയില്‍ സംവേദനം ചെയ്യണം എന്നത് വ്യക്ത്യാധിഷ്ഠിതമാണ്.

സാഹചര്യങ്ങളെ വൈകാരികമല്ലാതെ നോക്കിക്കാണാന്‍ ആണ് ചാറ്റ്ജിപിടി സഹായിക്കുന്നത്. നിങ്ങളുടെ കരിയര്‍ പടുത്തുയര്‍ത്താനും നൈപുണ്യം ഉണ്ടാക്കിയെടുക്കാനും നിങ്ങള്‍ തന്നെ ശ്രമിക്കണമെന്നും ക്രിസ് വെസ്റ്റ്ഫാള്‍ വ്യക്തമാക്കുന്നു.