MARRIAGE | ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ വിവാഹം; അതിഥികളെ സ്വീകരിക്കാന്‍ നഗരം സജ്ജം; തടസങ്ങളൊന്നുമില്ലെന്ന് വെനീസ്
വെനീസ്: ആമസോണ്‍ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ജെഫ് ബെസോസിന്റെയും പ്രതിശ്രുതവധു ലോറന്‍ സാഞ്ചസിന്റെയും വിവാഹത്തിന് തടസങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിച്ച് വെനീസ്. ജൂണ്‍ 24 മുതല്‍ 26 വരെ വിവാഹ ആഘോഷങ്ങള്‍ നടക്കുമെന്നും വെനീസ് ലഗൂണില്‍ എത്തുന്ന 500 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കപ്പലില്‍ വച്ച് വിവാഹം നടക്കുമെന്നും അധികൃതര്‍ സ്ഥിരീകരിച്ചതായി സിഎന്‍എന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
അതിഥികളെ സ്വീകരിക്കാന്‍ നഗരം സജ്ജമാണെന്നും നഗരത്തിന്റെ പൗരാണികത ചോരാതെ നിലനിര്‍ത്തിക്കൊണ്ടായിരിക്കും ആഘോഷങ്ങള്‍ എന്ന് ഉറപ്പാക്കുമെന്നും സംഘാടകരെ പിന്തുണയ്ക്കുമെന്നും വെനീസ് മേയര്‍ ലൂയിജി ബ്രുഗ് നാരോയും പറഞ്ഞു. നൂറു കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങായത് കൊണ്ടുതന്നെ നഗരത്തിലെ താമസക്കാര്‍ക്കോ വിനോദസഞ്ചാരികള്‍ക്കോ ഒരു തടസ്സവും വരുത്താതെ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വിവാഹം എന്ന് നടക്കും എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 'ജെഫ് ബെസോസിന്റെ വിവാഹത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. അതെല്ലാം അടിസ്ഥാനരഹിതമാണ്' എന്നും വെനീസ് മേയര്‍ പറഞ്ഞു.
200 അതിഥികളെ മാത്രമേ വിവാഹത്തിന് ക്ഷണിക്കുകയുള്ളൂ. വലിയ അന്താരാഷ്ട്ര പരിപാടികള്‍ കൈകാര്യം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് വിപുലമായ അനുഭവമുണ്ടെന്നും മേയര്‍ പറഞ്ഞു. ജി 20, ജി 7 ഉച്ചകോടികള്‍, ആര്‍ക്കിടെക്ചര്‍, സിനിമാ ബിനാലെസ്, മറ്റ് സ്വകാര്യ പരിപാടികള്‍, വിഐപി വിവാഹങ്ങള്‍ എന്നിവ നടത്തിയതിലുള്ള അനുഭവം വച്ചാണ് മേയര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എല്ലാ ആഴ്ചയും വിവിധ പരിപാടികള്‍ക്കും ഷോകള്‍ക്കും ഇവിടം വേദിയാകാറുണ്ടെന്നും മേയര്‍ അറിയിച്ചു.
നേരത്തെ, ബെസോസിന്റെ വിവാഹ സംഘാടകര്‍ വെനീസിലെ പ്രധാന ആഡംബര ഹോട്ടലുകളില്‍ മുറികള്‍ റിസര്‍വ് ചെയ്തിട്ടുണ്ടെന്നും, ഇത് പൗരന്മാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും തടസമാകുമെന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെ ഉദ്ധരിച്ചാണ് മേയര്‍ വിവാഹത്തിന് തടസമില്ലെന്ന് പറഞ്ഞത്.
എന്നിരുന്നാലും, ബെല്‍മണ്ട് ഹോട്ടല്‍ സിപ്രിയാനി, സെന്റ് റെജിസ് വെനിസ്, ഗ്രിറ്റി പാലസ്, ഹോട്ടല്‍ ഡാനിയേലി, 2014 ല്‍ ജോര്‍ജ്ജ് ക്ലൂണിയുടെയും അമല്‍ അലമുദ്ദീന്റെയും വിവാഹത്തിന് വേദിയായ ആഡംബര ഗ്രാന്‍ഡ് അമന്‍ ഹോട്ടല്‍ എന്നിവയുള്‍പ്പെടെ ഗ്രാന്‍ഡ് കനാലിനടുത്തുള്ള വെനീസിലെ പ്രധാന ആഡംബര ഹോട്ടലുകളെല്ലാം ജൂണിലെ അവസാന വാരാന്ത്യത്തിനായി ഏതാണ്ട് പൂര്‍ണ്ണമായും ബുക്ക് ചെയ്യപ്പെട്ടിരുന്നുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
2023 മേയില്‍ ജെഫ് ബെസോസിന്റെയും പ്രതിശ്രുതവധു ലോറന്‍ സാഞ്ചസിന്റെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ബ്ലൂംബെര്‍ഗിന്റെ സമ്പന്ന സൂചിക പ്രകാരം, 61 കാരനായ ജെഫ് ബെസോസ് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാണ്. 244 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 54 കാരിയായ ലോറന്‍ സാഞ്ചസ് ദി വ്യൂ, കെടിടിവി, ഫോക്‌സ് 11 എന്നിവയുള്‍പ്പെടെ നിരവധി വാര്‍ത്താ ചാനലുകളുടെ റിപ്പോര്‍ട്ടറും വാര്‍ത്താ അവതാരകയുമായിരുന്നു.
ഇവാങ്ക ട്രംപും ജാരെഡ് കുഷ് നറും വിവാഹത്തില്‍ പങ്കെടുക്കുമെന്ന് പീപ്പിള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതിഥി പട്ടികയില്‍ ക്രിസ് ജെന്നര്‍, കിം കര്‍ദാഷിയാന്‍, ഇവാ ലോംഗോറിയ എന്നിവരുടെ പേരുകളും ഉള്‍പ്പെടുന്നു.
നേരത്തെ, ദീര്‍ഘകാലത്തെ ദാമ്പത്യത്തിന് ശേഷം മുന്‍ ഭാര്യയായ മക്കെന്‍സി സ്‌കോട്ടുമായി ബെസോസ് വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തില്‍ നാല് കുട്ടികളുണ്ട്. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഹെഡ്ജ് ഫണ്ട് ഡി.ഇ.ഷോയ്ക്ക് വേണ്ടി ജോലി ചെയ്യുമ്പോഴാണ് മക്കെന്‍സി സ്‌കോട്ട് ജെഫ് ബെസോസിനെ കണ്ടുമുട്ടുന്നത്.
ആമസോണ്‍ തുടങ്ങുന്നതിനായി സിയാറ്റിലിലേക്ക് മാറുന്നതിന് മുമ്പ് 1993ല്‍ ഇരുവരും വിവാഹിതരായി. ആമസോണ്‍ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി മാറി. ജെഫ് ബെസോസുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മക്കെന്‍സി സ്‌കോട്ട് ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചത്. ജെഫ് ബെസോസില്‍ നിന്നുള്ള വിവാഹമോചനത്തിന് ശേഷം, മക്കെന്‍സി സ്‌കോട്ടിന് 253600 കോടി രൂപയുടെ ആമസോണ്‍ ഓഹരി ലഭിച്ചിരുന്നു.