ജി.എസ്.ടി നിരക്ക് പരിഷ്‌കരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ 1,000 പോയിന്റ് ഉയര്‍ന്ന് സെന്‍സെക്‌സ്

ഓട്ടോ, ബാങ്ക്, മെറ്റല്‍ ഓഹരികളാണ് പ്രധാനമായി മുന്നേറിയത്;

Update: 2025-08-18 06:14 GMT

മുംബൈ: ജി.എസ്.ടി പരിഷ്‌കാരങ്ങള്‍ വ്യാപകമാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ 1,000 പോയിന്റ് ഉയര്‍ന്ന് സെന്‍സെക്‌സ്. സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ ജി.എസ്.ടി നിരക്ക് പരിഷ്‌കരിക്കുമെന്നാണ് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയത്. ഇതിന്റെ ചുവടുപിടിച്ചാണ് ഓഹരി വിപണിയിലെ ഈ കുതിപ്പ്. തിങ്കളാഴ്ച ബെഞ്ച് മാര്‍ക്ക് ഓഹരി വിപണി സൂചികകള്‍ ശക്തമായ ഒരു നോട്ടിലാണ് വ്യാപാരം ആരംഭിച്ചത്.

രാവിലെ 9:35 ന്, എസ് & പി ബിഎസ്ഇ സെന്‍സെക്‌സ് 1096.99 പോയിന്റ് ഉയര്‍ന്ന് 81,694.65 ലും എന്‍എസ്ഇ നിഫ്റ്റി 50 358.40 പോയിന്റ് ഉയര്‍ന്ന് 24,989.70 ലും എത്തി. നിഫ്റ്റി വീണ്ടും 25000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ ആണ് വീണ്ടെടുത്തത്. ഓട്ടോ, ബാങ്ക്, മെറ്റല്‍ ഓഹരികളാണ് പ്രധാനമായി മുന്നേറിയത്.

ഇന്ത്യയുടെ റേറ്റിങ് ബിബിബി നെഗറ്റീവില്‍ നിന്ന് ബിബിബിയിലേക്ക് ഉയര്‍ത്തിയ എസ് ആന്റ് പി ഗ്ലോബലിന്റെ നടപടിയും ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വിശ്വാസം അര്‍പ്പിച്ചുള്ള അംഗീകാരം. നിഫ്റ്റി ഓട്ടോ ഓഹരികള്‍ 3.6 ശതമാനം ഉയര്‍ന്നപ്പോള്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 2.7 ശതമാനവും ബാങ്കിങ് ഓഹരികള്‍ 1.2 ശതമാനവും മുന്നേറി.

ഹീറോ മോട്ടോകോര്‍പ്പ്, മാരുതി സുസുക്കി, ബജാജ് ഓട്ടോ, എം.ആന്റ്.എം, ടാറ്റ മോട്ടോഴ്സ് ഓഹരികളാണ് പ്രധാനമായും നേട്ടം ഉണ്ടാക്കിയത്. എന്‍ട്രി ലെവല്‍ ടൂവീലര്‍ വാഹനങ്ങള്‍, കോപാക്ട് കാറുകള്‍, ഹൈബ്രിഡ് വാഹനങ്ങള്‍ എന്നിവയുടെ ജി.എസ്.ടി നിരക്ക് കുറയുമെന്ന റിപ്പോര്‍ട്ടാണ് ഓട്ടോ ഓഹരികളില്‍ പ്രതിഫലിച്ചത്.

അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. 20 പൈസയുടെ നേട്ടത്തോടെ 87.39 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയിലെ മുന്നേറ്റമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. എങ്കിലും ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് മേലുള്ള തീരുവ സംബന്ധിച്ച് ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണയാകുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ കരുതലോടെയായിരിക്കും വിപണിയില്‍ ഇടപെടുക എന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.

സ്റ്റോക്ക് മാര്‍ക്കറ്റ് ഉയരുന്നത് സംബന്ധിച്ച് വിദഗ്ധരുടെ പ്രതികരണം അറിയാം

ആഗോള പരിതസ്ഥിതിയിലെ സ്ഥിരത ഇന്ത്യന്‍ വിപണികള്‍ക്ക് വളരെയധികം പോസിറ്റീവിറ്റി നല്‍കുന്നു എന്നതാണ് പ്രധാനം എന്നാണ് വെല്‍ത്ത് മില്‍സ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിലെ ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് ക്രാന്തി ബത്തിനി അഭിപ്രായപ്പെടുന്നത്. നിര്‍ദ്ദിഷ്ട ജി.എസ്.ടി നിരക്ക് കുറയ്ക്കലുകള്‍ ആഭ്യന്തര ഉപഭോഗത്തിനും ഉത്തേജനം നല്‍കിയെന്നും അതുകൊണ്ടാണ് വിപണിയില്‍ പൂര്‍ണ്ണമായ ഒരു തിരിച്ചുവരവ് കാണാന്‍ കഴിയുന്നത് എന്നും അദ്ദേഹം പറഞ്ഞു. പക്ഷേ നിക്ഷേപകര്‍ ആഗോള പ്രവണതകളും അവ എങ്ങനെ ഉയര്‍ന്നുവരുന്നു എന്നതും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിപണിയെ കൂടുതല്‍ ഉയരത്തിലേക്ക് കൊണ്ടുപോകാന്‍ സാധ്യതയുള്ള ശക്തമായ അനുകൂല സാഹചര്യങ്ങളുണ്ട് എന്നാണ് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ് മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാര്‍ അഭിപ്രായപ്പെട്ടത്. ദീപാവലിയോടെ ജി.എസ്.ടിയിലെ അടുത്ത പ്രധാന പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ ഒരു വലിയ പോസിറ്റീവാണെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ 28% നികുതി സ്ലാബിലുള്ള ഓട്ടോ, സിമന്റ് തുടങ്ങിയ മേഖലകള്‍ക്ക് നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിജയകുമാര്‍ പറഞ്ഞു. 'ടിവിഎസ് മോട്ടോഴ്സ്, ഹീറോ, ഐഷര്‍, എം & എം, മാരുതി എന്നിവ വാര്‍ത്തകളോട് പോസിറ്റീവായി പ്രതികരിക്കാന്‍ സാധ്യതയുണ്ട്. ജി.എസ്.ടി പരിഷ്‌കരണത്തില്‍ നിന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ സോവറിന്‍ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്താനുള്ള എസ് & പിയുടെ നീക്കം ഇതിന് മറ്റൊരു പ്രധാന ഉത്തേജനമാണെന്നും, യുഎസ്-ഇന്ത്യ വ്യാപാര ചര്‍ച്ചകള്‍ സ്തംഭിച്ചിരിക്കുന്നതിനാല്‍ ചില ജാഗ്രത നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 50% താരിഫ് ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി വിപണിയുടെ ആവേശത്തെ തടയും എന്നും അദ്ദേഹം പറഞ്ഞു.

Similar News