റിപ്പോ നിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്; ഭവന - വാഹന വായ്പ പലിശ കുറയും

Update: 2025-02-07 06:07 GMT

മുംബൈ: രാജ്യത്തെ റിപ്പോ നിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. അടിസ്ഥാന പലിശനിരക്ക് 0.25% വെട്ടിക്കുറച്ചു. ഇതോടെ റിപ്പോനിരക്ക് ദശാബ്ദത്തിലെ തന്നെ ഉയരമായ 6.50 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായി. അഞ്ച് വര്‍ഷത്തിന് ശേഷമാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറക്കുന്നത്.

ഇതോടെ ഗാര്‍ഹിക, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക, സ്വര്‍ണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശയില്‍ മാറ്റം വരും. ഇഎംഐ കുറയും. ഇത് ജനങ്ങളെ സംബന്ധിച്ച് വന്‍ ആശ്വാസമാകും. റിപ്പോ നിരക്ക് കുറക്കാന്‍ റിസര്‍വ് ബാങ്ക് മോണിറ്ററി കമ്മിറ്റി ഐക്യകണ്‌ഠേനയാണ് തീരുമാനമെടുത്തതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ ആദ്യ എംപിസി യോഗമായിരുന്നു ഇത്.

കേന്ദ്ര ബജറ്റില്‍ ആദായനികുതിഭാരം കുറച്ചതിന് തൊട്ടുപിന്നാലെയാണ് വായ്പകളുടെ പലിശഭാരവും കുറയുകയെന്നത് വന്‍ നേട്ടമാണ്. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) കുറയുമെന്നതിനാല്‍ വായ്പാ ഇടപാടുകാര്‍ക്ക് ഓരോ മാസവും കൂടുതല്‍ തുക വരുമാനത്തില്‍ മിച്ചം പിടിക്കാം. ഈ തുക മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുമാകും.

2023 ഫെബ്രുവരിയിലാണ് റിപ്പോ നിരക്ക് 6.50 ആക്കിയത്. തുടര്‍ന്ന് 12 പണനയനിര്‍ണ്ണയ സമിതി ചേര്‍ന്നെങ്കിലും റിപ്പോ നിരക്ക് കുറച്ചിരുന്നില്ല. രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞെന്ന് കണ്ടാണ് പുതിയ തീരുമാനം. 2020 മെയ് മാസത്തില്‍ റിപ്പോ നിരക്ക് 4% ആയി കുറച്ചപ്പോഴാണ് അവസാനമായി നിരക്ക് കുറച്ചത്. തുടര്‍ന്ന്, ആര്‍ബിഐ ഏഴ് തവണ പലിശനിരക്ക് ഉയര്‍ത്തി, 6.50 ശതമാനത്തിലെത്തി. 2023 ഫെബ്രുവരി മുതല്‍ നിരക്ക് മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഇഎംഐ ഭാരം എത്ര കുറയും

നിങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ ഭവന വായ്പയുണ്ടെന്നിരിക്കട്ടെ. തിരിച്ചടവ് കാലാവധി 20 വര്‍ഷം. പലിശനിരക്ക് 9 ശതമാനവും ഇഎംഐ (പ്രതിമാസ തിരിച്ചടവ് തുക) 22,493 രൂപയാണെന്നും കരുതുക. റീപ്പോനിരക്ക് 0.25% കുറച്ചതോടെ പലിശ 8.75 ശതമാനത്തിലേക്ക് താഴും. ഇഎംഐ 22,093 രൂപയായും കുറയും.

Similar News