സംസ്ഥാനത്ത് സ്വര്‍ണത്തിന് ഒറ്റയടിക്ക് കൂടിയത് 2,160 രൂപ; ഇത് ചിരിത്രത്തില്‍ ആദ്യം; പവന് 68,480

സ്വര്‍ണത്തോടൊപ്പം വെള്ളി വിലയിലും വര്‍ധനവ്;

Update: 2025-04-10 06:18 GMT

ഏതാനും ദിവസത്തെ ഇടിവിന് ശേഷം കഴിഞ്ഞദിവസം സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായി. എന്നാല്‍ വ്യാഴാഴ്ച ഒറ്റയടിക്ക് പവന് 2,160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്‍ വില 68,480 രൂപയിലെത്തി. ഗ്രാമിന് 270 രൂപ കൂടി 8,560 രൂപയിലെത്തി. ഇത് രണ്ടും സര്‍വകാല റെക്കോര്‍ഡാണ്.

സംസ്ഥാനത്ത് സ്വര്‍ണവില ഒറ്റദിവസം തന്നെ ഇത്രയും കൂടുന്നത് അപൂര്‍വമാണ്. പണിക്കൂലിയും ഹോള്‍മാര്‍ക്ക് ഫീസും നികുതിയും കൂടിച്ചേരുമ്പോള്‍ ഇതില്‍ കൂടുതലാകും. ഇക്കഴിഞ്ഞ ഏപ്രില്‍ 3നും സ്വര്‍ണവില ഇതേ ഉയരത്തില്‍ എത്തിയിരുന്നു.

3 ശതമാനമാണ് സ്വര്‍ണത്തിന്റെ ജി.എസ്.ടി. സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ ജി.എസ്.ടിക്ക് പുറമെ 53.10 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ്, പണിക്കൂലി എന്നിവയും നല്‍കണം. പണിക്കൂലി 3 മുതല്‍ 30 ശതമാനം വരെയൊക്കെയാകാം. മിനിമം 5% പണിക്കൂലി കണക്കാക്കിയാല്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ 74,116 രൂപ നല്‍കണം. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 9,265 രൂപയും നല്‍കണം.

ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ നയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന് (എ.കെ.ജി.എസ്.എം.എ) കീഴിലെ ജ്വല്ലറികളില്‍ വില ഗ്രാമിന് 255 രൂപ കൂടി 7,090 രൂപയായി. വെള്ളിക്ക് വില മൂന്നു രൂപ ഉയര്‍ന്ന് ഗ്രാമിന് 105 രൂപയായി. എസ്. അബ്ദുല്‍ നാസര്‍ വിഭാഗം ഇന്ന് 18 ഗ്രാമിന് നല്‍കിയ വില ഗ്രാമിന് 255 രൂപ ഉയര്‍ത്തി 7,050 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് 3 രൂപ ഉയര്‍ത്തി 105 രൂപ.

ഒട്ടുമിക്ക രാജ്യങ്ങള്‍ക്കുംമേല്‍ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചിട്ടും ചൈനയ്ക്ക് ഇളവ് നല്‍കിയില്ലെന്നു മാത്രമല്ല, തീരുവ 104ല്‍ നിന്ന് ട്രംപ് 125 ശതമാനത്തിലേക്ക് കുത്തനെ കൂട്ടിയത് സ്വര്‍ണവില കുതിക്കാന്‍ കാരണമായി. രാജ്യാന്തരവില ഔണ്‍സിന് ഒറ്റയടിക്ക് 150 ഡോളറിനടുത്താണ് കയറിയത്. ഒറ്റദിവസം ഇത്രയും വലിയ കയറ്റം ചരിത്രത്തിലാദ്യം. കഴിഞ്ഞദിവസം 3,000 ഡോളര്‍ നിലവാരത്തിലായിരുന്ന വില 117 ഡോളര്‍ ഉയര്‍ന്ന് 3,129 ഡോളറില്‍ എത്തിനില്‍ക്കുന്നു. കഴിഞ്ഞയാഴ്ച കുറിച്ച 3,169.99 ഡോളറാണ് റെക്കോര്‍ഡ്.

ചൈന, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ 90-ദിവസ ഇളവ് ബാധകമല്ല. ലോക സമ്പദ് വ്യവസ്ഥയുടെ 43 ശതമാനത്തോളം കൈയാളുന്നത് ഏറ്റവും വലിയ രണ്ടു സാമ്പത്തികശക്തികളായ യുഎസും ചൈനയുമാണെന്നിരിക്കെ, ഇവര്‍ തമ്മിലെ തര്‍ക്കം ആഗോള സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഇതോടെ സ്വര്‍ണനിക്ഷേപ പദ്ധതികള്‍ക്ക് കിട്ടുന്ന വന്‍ സ്വീകാര്യതയാണ് വില കുതിച്ചുയരാന്‍ കാരണം. വരും ദിവസങ്ങളിലും സ്വര്‍ണവില കൂടാനാണ് സാധ്യത.

Similar News