GOLD RATE | പിന്നോട്ടില്ല; സംസ്ഥാനത്ത് കുതിച്ചു കയറി പുതിയ റെക്കോര്‍ഡില്‍ സ്വര്‍ണം; പവന് 68480

Update: 2025-04-03 06:23 GMT

കൊച്ചി: കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍ മാറ്റമില്ലാതിരുന്നത് ആഭരണ പ്രേമികളെയും സാധാരണക്കാരേയും സംബന്ധിച്ച് ആശ്വാസം തരുന്ന വാര്‍ത്തയായിരുന്നു. എന്നാല്‍ ഒരു ദിവസം പിന്നിട്ടപ്പോള്‍ കുതിച്ചുകയറി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കയാണ് സ്വര്‍ണം. പവന് 400 രൂപ കൂട്ടി 68480 ല്‍ ആണ് ഇന്ന് വ്യാപാരം നടക്കുന്നത്. 69,000 ല്‍ എത്താന്‍ 520 രൂപയുടെ ദൂരം മാത്രം.

ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ മിക്ക രാജ്യങ്ങള്‍ക്കും മേല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പകരത്തിനുപകരം തീരുവ (Reciprocal Tariff) ഏര്‍പ്പെടുത്തിയതോടെയാണ് സ്വര്‍ണവില കുതിച്ച് കയറി പുതിയ റെക്കോര്‍ഡ് കുറിച്ചത്. കഴിഞ്ഞദിവസം കുറിച്ച ഔണ്‍സിന് 3,149 ഡോളര്‍ എന്ന റെക്കോര്‍ഡ് പഴങ്കഥയാക്കി രാജ്യാന്തരവില 3,166.99 ഡോളര്‍ വരെയെത്തി. പിന്നീട് 3,120 ഡോളര്‍ നിലവാരത്തിലേക്ക് താഴ്‌ന്നെങ്കിലും നിലവില്‍ വ്യാപാരം ചെയ്യുന്നത് 3,148 ഡോളറില്‍. രാജ്യാന്തരവിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും വില മുന്നേറി പുതിയ ഉയരം കുറിച്ചു.

സ്വര്‍ണ വ്യാപാരി സംഘടനകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, 22 കാരറ്റ് സ്വര്‍ണത്തിന് ഇരു സംഘടനകളും ഒരേ വിലയാണ് വ്യാഴാഴ്ച നിശ്ചയിച്ചിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 50 രൂപ കൂട്ടി 8560 രൂപയിലും പവന് 400 രൂപ കൂട്ടി 68480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞദിവസം ഒരു ഗ്രാമിന് 8510 രൂപയും പവന് 68080 രൂപയുമായിരുന്നു

18 കാരറ്റ് സ്വര്‍ണത്തിന്റെ കാര്യത്തില്‍ വ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത വിലകളാണ് നിലനില്‍ക്കുന്നത്. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂട്ടി 7030 രൂപയായി വില നിശ്ചയിച്ചു. ഇവരുടെ കണക്കനുസരിച്ച് ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 400 രൂപ കൂട്ടി 56240 രൂപയാണ്. അതേസമയം, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില കുറച്ചിട്ടുണ്ട്. 112 രൂപയില്‍ നിന്ന് രണ്ട് രൂപ കുറച്ച് 110 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

അതേസമയം, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂട്ടി 7060 രൂപയാണ് വില നിര്‍ണയിച്ചിരിക്കുന്നത്. ഈ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 320 രൂപ കൂട്ടി 56480 രൂപയാണ് വില. വെള്ളിക്കും രണ്ട് രൂപ കുറച്ചു. 110 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

സ്വര്‍ണാഭരണം വാങ്ങാനുള്ള മിനിമം തുക പോലും നിലവില്‍ 74,000 രൂപയ്ക്ക് (പവന്‍ വില) മുകളിലാണ്. 3% ജി.എസ്.ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ്, പണിക്കൂലി എന്നിവയും ചേരുമ്പോഴേ സ്വര്‍ണാഭരണ വിലയാകൂ.

മിനിമം 5% പണിക്കൂലി കണക്കാക്കിയാല്‍ പോലും ഇന്നൊരു പവന്‍ ആഭരണം വാങ്ങാന്‍ കേരളത്തില്‍ 74,116 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 9,265 രൂപയും. അതേസമയം, പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ചില ജ്വല്ലറികളില്‍ ബ്രാന്‍ഡഡ് ആഭരണങ്ങള്‍ക്ക് പണിക്കൂലി 20 ശതമാനത്തിനും മുകളിലാകാം.

Similar News