GOLD RATE | സംസ്ഥാനത്ത് സ്വര്‍ണവില 68000 രൂപ കടന്ന് സര്‍വകാല റെക്കോര്‍ഡില്‍; 7 ദിവസത്തിനിടെ 2600 രൂപയുടെ വര്‍ധനവ്

Update: 2025-04-01 05:58 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 68000 രൂപയും കടന്ന് സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപ കൂടി 68080 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 2600 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

സ്വര്‍ണവില ഉയരുന്നത് സാധാരണക്കാരെയും വിവാഹാവശ്യത്തിന് സ്വര്‍ണം എടുക്കുന്നവരേയും വ്യാപാരികളേയും ഒരുപോലെ പ്രയാസപ്പെടുത്തുകയാണ്. വില കുറയുമെന്ന് കാത്തിരുന്ന് സ്വര്‍ണം എടുക്കാത്തവരെ ഈ റെക്കോര്‍ഡ് വില നിരാശപ്പെടുത്തുന്നതാണ്.

രാജ്യാന്തര സ്വര്‍ണവില വൈകാതെ 3,200 ഡോളര്‍ ഭേദിക്കുമെന്നാണ് പൊതു വിലയിരുത്തല്‍. 2025ന്റെ അവസാനത്തോടെ വില 4,000 ഡോളര്‍ വരെയാകാനുള്ള സാധ്യതയും നിരീക്ഷകര്‍ തള്ളുന്നില്ല. അങ്ങനെയെങ്കില്‍ കേരളത്തില്‍ ഒരു പവന്‍വില 75,000-80,000 രൂപ നിരക്കിലേക്കും എത്താം. പണിക്കൂലിയും നികുതിയും ചേരുമ്പോള്‍ വാങ്ങല്‍വില പവന് 85,000 രൂപയും കടക്കാം. കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം ഔണ്‍സിന് 300 ഡോളറോളം കൂടിയിട്ടുണ്ട്. ഒരുമാസത്തിനിടെ പവന് 4,000 രൂപയോളവും കൂടിയെന്നതും സ്വര്‍ണക്കുതിപ്പിന്റെ ശക്തി വ്യക്തമാക്കുന്നു.

സ്വര്‍ണ വ്യാപാരി സംഘടനകള്‍ക്കിടയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ടെങ്കിലും, 22 കാരറ്റ് സ്വര്‍ണത്തിന് ഇരു സംഘടനകളും ചൊവ്വാഴ്ച ഒരേ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. ഗ്രാമിന് 85 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 8510 രൂപയായി ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 680 രൂപ കൂടി 68080 രൂപയിലെത്തി.

18 കാരറ്റ് സ്വര്‍ണത്തിന്റെ കാര്യത്തില്‍ വ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത വിലകളാണ് നിലനില്‍ക്കുന്നത്. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ വര്‍ദ്ധിപ്പിച്ച് 6980 രൂപയായി വില നിശ്ചയിച്ചു.

ഇവരുടെ കണക്കനുസരിച്ച് ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 560 രൂപ വര്‍ധിച്ച് 55840 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയും വര്‍ധിപ്പിച്ചു. 111 രൂപയില്‍ നിന്ന് ഒരു രൂപ വര്‍ധിപ്പിച്ച് 112 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

അതേസമയം, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂട്ടി 7020 രൂപയാണ് വില നിര്‍ണയിച്ചിരിക്കുന്നത്. ഈ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 560 രൂപയുടെ വര്‍ദ്ധനവോടെ 56160 രൂപയാണ് വില. വെള്ളിനിരക്കില്‍ മാറ്റമില്ല. 112 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഒരു രാജ്യത്തിനും പകരച്ചുങ്കത്തില്‍ ഇളവുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ യുഎസ് ഡോളറും യുഎസ് ഗവണ്‍മെന്റിന്റെ ട്രഷറി ബോണ്ട് യീല്‍ഡും (കടപ്പത്ര ആദായനിരക്ക്) ദുര്‍ബലമായതും സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് കൂട്ടി. ഇതോടെ വിലയും കുതിച്ചുയരുകയായിരുന്നു.

യൂറോ, യെന്‍ തുടങ്ങി ലോകത്തെ 6 മുന്‍നിര കറന്‍സികള്‍ക്കെതിരായ യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് 109.18 നിലവാരത്തില്‍ നിന്ന് 104.08ലേക്കും 10-വര്‍ഷ യുഎസ് ട്രഷറി യീല്‍ഡ് 4.28ല്‍ നിന്ന് 4.20 ശതമാനത്തിലേക്കും ഇടിഞ്ഞതോടെ നിക്ഷേപകര്‍ ഗോള്‍ഡ് ഇടിഎഫിലേക്ക് ചുവടുമാറ്റുകയായിരുന്നു.

ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ 3% ജിഎസ്ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി എന്നിവയും കൂടി ബാധകം. അതായത്, മിനിമം 5% പണിക്കൂലി കണക്കാക്കിയാല്‍ പോലും ഇന്നൊരു പവന്‍ ആഭരണം വാങ്ങാന്‍ കേരളത്തില്‍ 73,685 രൂപ നല്‍കണം. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് മിനിമം 9,210 രൂപയും നല്‍കണം. അതായത്, രണ്ടുപവന്റെ മാല വാങ്ങാന്‍ പോലും ഒന്നരലക്ഷം രൂപയോളം വരും.

Similar News