GOLDRATE | സാധാരണക്കാരെയും ആഭരണ പ്രേമികളേയും നിരാശപ്പെടുത്തി റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണം; പവന് 66880

Update: 2025-03-29 06:19 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധന. തുടര്‍ച്ചയായ ദിവസങ്ങളിലുള്ള ഈ കുതിപ്പ് വിവാഹാവശ്യത്തിന് സ്വര്‍ണം എടുക്കുന്നവരെയും ആഭരണ പ്രേമികളേയും വ്യാപാരികളേയും ഒരുപോലെ നിരാശരാക്കിയിരിക്കുകയാണ്.

രാജ്യാന്തര സ്വര്‍ണവില കഴിഞ്ഞദിവസം കുറിച്ച ഔണ്‍സിന് 3,076 ഡോളര്‍ എന്ന റെക്കോര്‍ഡ് ഇന്നു 3,086 ഡോളറായി തിരുത്തിയപ്പോള്‍ കേരളത്തിലും പിറന്നത് പുതിയ റെക്കോര്‍ഡ്. നാല് ദിവസത്തിനിടെ പവന് 1400 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന്റെ വില 20 രൂപ വര്‍ധിച്ച് 8360 രൂപയിലെത്തി. ഇതോടെ ഒരു പവന്റെ വില 160 രൂപ ഉയര്‍ന്ന് 66880 രൂപയായിരിക്കുകയാണ്. കഴിഞ്ഞദിവസം ഗ്രാമിന് 8340 രൂപയും പവന് 66720 രൂപയെന്ന റെകോര്‍ഡ് വിലയിലാണ് വ്യാപാരം നടത്തിയിരുന്നത്.

സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ടെങ്കിലും 22 കാരറ്റ് സ്വര്‍ണത്തിന് സംസ്ഥാനത്ത് ഒരേ വിലയാണ് ഈടാക്കുന്നത്. എന്നാല്‍, 18 കാരറ്റ് സ്വര്‍ണത്തിന് വ്യത്യസ്ത വിലയാണ് സ്വര്‍ണ വ്യാപാരി സംഘടനകള്‍ നിശ്ചയിച്ചിരിക്കുന്നത്.

കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂട്ടി 6855 രൂപയും പവന് 120 രൂപ കൂട്ടി 54840 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയുടെ വിലയില്‍ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. സാധാരണ വെള്ളിയുടെ വില ഗ്രാമിന് 112 രൂപയില്‍ തന്നെ തുടരുന്നു.

അതേസമയം, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ വര്‍ദ്ധിപ്പിച്ച് 6900 രൂപയാണ് വില നിര്‍ണയിച്ചിരിക്കുന്നത്. ഈ സംഘടനയുടെ കണക്കനുസരിച്ച് പവന് 120 രൂപയുടെ വര്‍ധനവോടെ 55200 രൂപയാണ് വില. ഈ സംഘടനയും വെള്ളിയുടെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 111 രൂപയില്‍ വ്യാപാരം നടക്കുന്നു.

ലോകത്ത് സാമ്പത്തിക അനിശ്ചിതത്വം, ഓഹരി-കടപ്പത്ര വിപണികളുടെ തളര്‍ച്ച, യുദ്ധം, രാജ്യങ്ങള്‍ക്കിടയിലെ വ്യാപാര-നയതന്ത്ര ബന്ധങ്ങളിലെ അസ്വാരസ്യം തുടങ്ങിയ സാഹചര്യങ്ങളില്‍ സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ക്ക് 'സുരക്ഷിത നിക്ഷേപം' (safe-haven demand) എന്ന പെരുമ കിട്ടാറുണ്ട്. അതായത്, മറ്റ് നിക്ഷേപങ്ങളില്‍ നിന്ന് നഷ്ടം ഭയന്നു പിന്മാറുന്ന നിക്ഷേപകര്‍ പ്രതിസന്ധിയൊക്കെ മാറുംവരെ തല്‍കാലത്തേക്ക് ആ പണം ഗോള്‍ഡ് ഇടിഎഫ് പോലുള്ള നിക്ഷേപ പദ്ധതികളിലേക്ക് മാറ്റും. സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ പൊതുവേ ഭേദപ്പെട്ട നേട്ടം നല്‍കാറുണ്ടെന്നതും അവര്‍ കണക്കിലെടുക്കുന്നു.

ഇങ്ങനെ സ്വര്‍ണത്തിലേക്ക് നിക്ഷേപമൊഴുകുമ്പോള്‍ വില കുതിക്കും. ഇതിനെല്ലാം പുറമെ കരുതല്‍ ശേഖരത്തിലേക്ക് ഇന്ത്യയുടെ റിസര്‍വ് ബാങ്ക് ഉള്‍പ്പെടെ ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിച്ചേര്‍ക്കുന്നതും ആഭരണമെന്ന നിലയില്‍ ഉത്സവ, വിവാഹ സീസണില്‍ ലഭിക്കുന്ന ഡിമാന്‍ഡും സ്വര്‍ണവില വര്‍ധനയുടെ ആക്കംകൂട്ടുന്നു.

ജി.എസ്.ടിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ചാര്‍ജും കൂടിച്ചേരുമ്പോഴാണ് വില കൂടിയതിന്റെ ഭാരം ശരിക്കുമറിയുക. മൂന്നു ശതമാനം പണിക്കൂലിയും 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസും പണിക്കൂലിയും (മിനിമം 5% കണക്കാക്കിയാല്‍) ചേര്‍ത്ത് 72,385 രൂപ കൊടുത്താലേ ഒരു പവന്‍ ആഭരണം ഇന്നു വാങ്ങാനാകൂ. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 9,048 രൂപയും.

നേരത്തേ, സ്വര്‍ണവില കുറഞ്ഞുനിന്നപ്പോള്‍ മുന്‍കൂര്‍ ബുക്കിങ് സൗകര്യപ്പെടുത്തിയവരെ ഈ വിലക്കയറ്റം ബാധിക്കില്ലെന്ന നേട്ടമുണ്ട്. കാരണം, ബുക്ക് ചെയ്ത ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത് ഏതാണോ കുറവ്, ആ വിലയ്ക്കു സ്വര്‍ണാഭരണം വാങ്ങാമെന്നതാണ് നേട്ടം. വിവാഹാവശ്യത്തിനു സ്വര്‍ണാഭരണം വാങ്ങാന്‍ ശ്രമിക്കുന്നവരില്‍ ഭൂരിഭാഗവും നിലവില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഒട്ടുമിക്ക വ്യാപാരികളും പറയുന്നു.

ഈ മാസം ഒന്നിന് നിങ്ങള്‍ ഒരു പവന്‍ ആഭരണം ബുക്ക് ചെയ്തിരുന്നു എന്നു കരുതുക, അന്നുവില 63,520 രൂപയേ ഉണ്ടായിരുന്നുള്ളൂ; പണിക്കൂലിയും ജി.എസ്.ടിയും മറ്റും ചേര്‍ത്താലും 68,750 രൂപ നിരക്കില്‍ ഒരു പവന്‍ ആഭരണം ലഭിക്കുമായിരുന്നു. ഇന്നു നല്‍കേണ്ട വിലയേക്കാള്‍ 3,600 രൂപയോളം കുറവ്.

Similar News