GOLD RATE | സംസ്ഥാനത്ത് റെക്കോര്‍ഡ് കടന്ന് സ്വര്‍ണവില; 3 ദിവസത്തിനിടെ 1240 രൂപയുടെ വര്‍ധനവ്; പവന് 66720
സംസ്ഥാനത്ത് റെക്കോര്‍ഡ് കടന്ന് സ്വര്‍ണവില. തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1240 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ആഗോള വ്യാപാര, നയതന്ത്ര ബന്ധങ്ങളെ താറുമാറാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടക്കമിട്ട താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ഉയരത്തിലേക്ക് കത്തിക്കയറുകയാണ് രാജ്യാന്തര സ്വര്‍ണവില. ഔണ്‍സിന് ഒറ്റയടിക്ക് 40 ഡോളറിലധികം മുന്നേറി വില 3,076.71 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച കുറിച്ച 3,058 ഡോളര്‍ എന്ന റെക്കോര്‍ഡ് മറക്കാം. രാജ്യാന്തര വിപണിയുടെ ആവേശം കേരളത്തിലും ആഞ്ഞടിച്ചു.
ഇന്ത്യന്‍ രൂപ ഇന്ന് നേരിയ നേട്ടത്തിലാണ് ഡോളറിനെതിരെ വ്യാപാരം തുടങ്ങിയത്. അല്ലായിരുന്നെങ്കില്‍ സ്വര്‍ണവില ഇന്നു കൂടുതല്‍ ഉയരുമായിരുന്നു. കാരണം, രൂപ ശക്തമാവുകയും ഡോളര്‍ താഴുകയും ചെയ്തതോടെ സ്വര്‍ണം ഇറക്കുമതിച്ചെലവില്‍ ആനുപാതിക കുറവുണ്ടായിട്ടുണ്ട്.
സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന്റെയും 18 കാരറ്റ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കൂടി. 22 കാരറ്റ് സ്വര്‍ണത്തിന് ഇരു സംഘടനകളും ഒരേവിലയാണ് നിശ്ചയിച്ചത്. ഗ്രാമിന് 105 രൂപയും, പവന് 840 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8340 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66720 രൂപയിലുമെത്തി. കഴിഞ്ഞ ദിവസം സ്വര്‍ണനിരക്ക് ഗ്രാമിന് 40 രൂപയും, പവന് 320 രൂപയും കൂടിയിരുന്നു.
എന്നാല്‍, 18 കാരറ്റ് സ്വര്‍ണത്തിന്റെ വില നിര്‍ണയത്തില്‍ സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്.
ഈ സംഘടനയുടെ കണക്കനുസരിച്ച്, 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കൂടി 6840 രൂപയായി. അതുപോലെ, ഒരു പവന് 680 രൂപ കൂടി 54720 രൂപയാണ് പുതിയ വില. സാധാരണ വെള്ളിയുടെ വിലയും കൂടി. ഗ്രാമിന് 109 രൂപയില്‍നിന്ന് മൂന്ന് രൂപ കൂടി 112 രൂപയായി തുടരുമെന്നും അവര്‍ അറിയിച്ചു.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കൂട്ടി 6885 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. പവന് 680 രൂപ കൂട്ടി 55080 രൂപയാണ് ഈ സംഘടനയുടെ വില. സാധാരണ വെള്ളിയുടെ വിലയിലും സംഘടന മാറ്റം വരുത്തി. അവരുടെ കണക്കനുസരിച്ച്, ഗ്രാമിന് 110 രൂപയില്‍നിന്ന് ഒരു രൂപ കൂട്ടി 111 രൂപയാണ് വെള്ളിയുടെ വെള്ളിയാഴ്ചത്തെ വില.
രാജ്യാന്തര സ്വര്‍ണ്ണവില 3075 ഡോളറും രൂപയുടെ വിനിമയ നിരക്ക് 85.61 ആണ്. ട്രംപിന്റെ വാഹന താരിഫുകള്‍ ആഗോള വിപണിയില്‍ കൂടുതല്‍ അനിശ്ചിതത്വം ഉണ്ടാക്കിയതോടെ സ്വര്‍ണ്ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തി. രാജ്യാന്തര സ്വര്‍ണ്ണവില 3085 ഡോളര്‍ കടന്നാല്‍ 3150 ഡോളര്‍ വരെ പോയേക്കാവുന്ന സൂചനകളാണ് വരുന്നത്.
ട്രംപിന്റെ അടങ്ങാത്ത താരിഫ് കലിമൂലം ഓഹരി, കടപ്പത്ര വിപണികളും ഡോളറും ഇടിഞ്ഞു. ഇതോടെ സ്വര്‍ണനിക്ഷേപ പദ്ധതികള്‍ക്ക് 'സ്വീകാര്യത' വര്‍ധിപ്പിച്ചത് വില കൂടാന്‍ വഴിയൊരുക്കി. ഗോള്‍ഡ് ഇടിഎഫ് പോലുള്ള പദ്ധതികളിലേക്ക് നിക്ഷേപം ഒഴുകുകയാണ്. ഫാര്‍മ മേഖലയ്ക്കും കനത്ത തീരുവ കരുതിവച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. ഏപ്രിലിന്റെ തുടക്കത്തില്‍ തന്നെ പുതിയ 'പകരച്ചുങ്കം' (Reciprocal Tariff) പ്രഖ്യാപനവുമുണ്ടാകും. ഇതെല്ലാം സ്വര്‍ണത്തിനാണ് കുതിപ്പേകുക.
റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണ ഉയരുന്നത് ആഭരണപ്രേമികള്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള വിശേഷാവശ്യങ്ങള്‍ക്കായി വന്‍തോതില്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും തിരിച്ചടിയാണ്. സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ അടിസ്ഥാന വിലയ്ക്ക് പുറമേ 3% ജിഎസ്ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസ്, പണിക്കൂലി എന്നിവയും നല്‍കണം. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ഇതു 3 മുതല്‍ 30 ശതമാനം വരെയൊക്കെയാകാം.
പണിക്കൂലി കുറവുള്ളതും മറ്റ് ഓഫറുകളുള്ളതുമായ ജ്വല്ലറികളില്‍ നിന്ന് ആഭരണം വാങ്ങുന്നത് ഉപഭോക്താക്കള്‍ക്ക് നേരിയ ആശ്വാസം നല്‍കും. ഇന്നു മിനിമം 5% പണിക്കൂലി കണക്കാക്കിയാല്‍ തന്നെ ഒരു പവന്‍ ആഭരണത്തിന് കേരളത്തില്‍ 72,215 രൂപയോളം കൊടുക്കണം. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 9,030 രൂപയോളവും. ആദ്യമായാണ് ഗ്രാമിന്റെ വാങ്ങല്‍ വില 9,000 രൂപയും പവന്റേത് 72,000 രൂപയും കടക്കുന്നത് (5% പണിക്കൂലി പ്രകാരം).