GOLD | തുടര്‍ച്ചയായ രണ്ടാം ദിനവും നെഞ്ചിടിപ്പേകി സ്വര്‍ണ വില; 320 രൂപ കൂടി, പവന് 65880 രൂപ

Update: 2025-03-27 06:07 GMT

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും നെഞ്ചിടിപ്പേകി സ്വര്‍ണ വിലയില്‍ വര്‍ധനവ്. കഴിഞ്ഞ ദിവസം സ്വര്‍ണനിരക്ക് ഗ്രാമിന് 10 രൂപയും, പവന് 80 രൂപയും കൂടിയിരുന്നു. രാജ്യാന്തരവിലയുടെ തിരിച്ചുകയറ്റത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വിലക്കയറ്റം.

തുടര്‍ച്ചയായുള്ള ദിവസങ്ങളിലെ വര്‍ധനവ് ആവശ്യക്കാരെ സംബന്ധിച്ച് നെഞ്ചിടിപ്പേകുന്നതാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. വില കുറയാന്‍ കാത്തുനിന്നവര്‍ക്കാണ് ഇതോടെ തിരിച്ചടി കിട്ടിയത്. ഈ മാസം 20ന് രേഖപ്പെടുത്തിയ ഗ്രാമിന് 8,310 രൂപയും പവന് 66,480 രൂപയും എന്ന റെക്കോര്‍ഡ് ഭേദിക്കുമോ എന്നാണ് വിപണി ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന്റെയും 18 കാരറ്റ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കൂടി.

എന്നാല്‍, 22 കാരറ്റ് സ്വര്‍ണത്തിന് ഇരു സംഘടനകളും ഒരേവിലയാണ് നിശ്ചയിച്ചത്. ഗ്രാമിന് 40 രൂപയും, പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8235 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65880 രൂപയിലുമെത്തി.

എന്നാല്‍, 18 കാരറ്റ് സ്വര്‍ണത്തിന്റെയും വില നിര്‍ണയത്തില്‍ സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. കെ. സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്.

ഈ സംഘടനയുടെ കണക്കനുസരിച്ച്, 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കൂടി 6755 രൂപയായി. അതുപോലെ, ഒരു പവന് 280 രൂപ കൂടി 54040 രൂപയാണ് പുതിയ വില. അതേസമയം, സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 109 രൂപയായി തുടരുമെന്നും അവര്‍ അറിയിച്ചു.

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA)18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂട്ടി 6800 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. പവന് 240 രൂപ കൂട്ടി 54400 രൂപയാണ് ഈ സംഘടനയുടെ വില. സാധാരണ വെള്ളിയുടെ വിലയിലും സംഘടന മാറ്റം വരുത്തി. അവരുടെ കണക്കനുസരിച്ച്, ഗ്രാമിന് 109 രൂപയില്‍ നിന്ന് ഒരു രൂപ കൂട്ടി 110 രൂപയാണ് വെള്ളിയുടെ വ്യാഴാഴ്ചത്തെ വില.

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കുമേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്താനുള്ള നിലപാട് പ്രസിഡന്റ് ട്രംപ് മയപ്പെടുത്തുമെന്ന പ്രതീക്ഷകള്‍ വെറുതെയായത് സ്വര്‍ണത്തിന് തിരിച്ചുകയറാനുള്ള ഊര്‍ജമായി.

കഴിഞ്ഞദിവസം വാഹന ഇറക്കുമതിക്ക് 25% ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ ട്രംപ്, ഏപ്രില്‍ രണ്ടിന് പകരച്ചുങ്കം സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്തുമെന്നും വ്യക്തമാക്കി. ഇതോടെ, യുഎസില്‍ പണപ്പെരുപ്പം കൂടുന്നതുള്‍പ്പെടെ സമ്പദ് വ്യവസ്ഥ സമ്മര്‍ദ്ദത്തിലാകുമെന്ന വിലയിരുത്തലും ആഗോള വ്യാപാരയുദ്ധം കലുഷിതമാകുമെന്ന നിരീക്ഷണങ്ങളും ശക്തമായതും സ്വര്‍ണവിലയെ വീണ്ടും മുന്നോട്ടു നയിച്ചു.

Similar News