GOLD | ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണത്തിന് നേരിയ കുതിപ്പ്; പവന് 65560 രൂപ
കൊച്ചി: ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന്റെയും 18 കാരറ്റ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില വര്‍ധിച്ചു. സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, 22 കാരറ്റ് സ്വര്‍ണത്തിന് ഇരു സംഘടനകളും ഒരേവിലയാണ് നിശ്ചയിച്ചത്.
ബുധനാഴ്ച ഗ്രാമിന് 10 രൂപയും, പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8195 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65560 രൂപയിലുമെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണത്തിന് ഇടിവ് രേഖപ്പെടുത്തിയിരുന്നു.
സ്വര്‍ണം വാങ്ങുന്നവരെ സംബന്ധിച്ച് ആശ്വാസ ദിനങ്ങളായിരുന്നു കടന്നുപോയത്. ഇനിയുള്ള ദിവസങ്ങളില്‍ സ്വര്‍ണവില വീണ്ടും കുറയുമെന്ന് കരുതി കാത്തുനിന്നവര്‍ക്ക് തിരിച്ചടി നല്‍കിയാണ് വീണ്ടും കുതിപ്പ് തുടരുന്നത്. കഴിഞ്ഞദിവസം സ്വര്‍ണനിരക്ക് ഗ്രാമിന് 30 രൂപയും, പവന് 240 രൂപയും കുറഞ്ഞിരുന്നു.
കഴിഞ്ഞ 5 ദിവസത്തിനിടെ പവന് ആകെ കുറഞ്ഞത് 1,000 രൂപയാണ്. ഗ്രാമിന് 125 രൂപയും കുറഞ്ഞു. ഈ മാസം 20ന് കുറിച്ച പവന് 66,480 രൂപയും ഗ്രാമിന് 8,310 രൂപയുമാണ് കേരളത്തിലെ സര്‍വകാല റെക്കോര്‍ഡ്.
18 കാരറ്റ് സ്വര്‍ണത്തിന്റെ വില നിര്‍ണയത്തില്‍ സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്.
ഈ സംഘടനയുടെ കണക്കനുസരിച്ച്, 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 05 രൂപ കൂടി 6720 രൂപയായി. അതുപോലെ, ഒരു പവന് 40 രൂപ കൂടി 53760 രൂപയാണ് പുതിയ വില. സാധാരണ വെള്ളിയുടെ വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 108 രൂപയില്‍ നിന്ന് ഒരു രൂപ കൂടി 109 രൂപയായി തുടരുമെന്നും സംഘടന അറിയിച്ചു.
മറുവശത്ത്, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 05 രൂപ കൂട്ടി 6770 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
പവന് 40 രൂപ കൂട്ടി 54160 രൂപയാണ് ഈ സംഘടനയുടെ വില. സാധാരണ വെള്ളിയുടെ വിലയിലും സംഘടന മാറ്റം വരുത്തി. അവരുടെ കണക്കനുസരിച്ച്, ഗ്രാമിന് 108 രൂപയില്‍ നിന്ന് ഒരു രൂപ കൂട്ടി 109 രൂപയാണ് വെള്ളിയുടെ ബുധനാഴ്ചത്തെ വില.
രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 3,015 ഡോളറിനും 3,026 ഡോളറിനും ഇടയില്‍ വന്‍ ചാഞ്ചാട്ടത്തിലാണ്. വിവിധ രാജ്യങ്ങള്‍ക്കുമേല്‍ പകരച്ചുങ്കം ഈടാക്കാനുള്ള നിലപാട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മയപ്പെടുത്തുമെന്ന സൂചന കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില മികച്ചതോതില്‍ താഴാന്‍ സഹായിച്ചിരുന്നു. എന്നാല്‍, ഇതില്‍ നിന്ന് ട്രംപ് വീണ്ടും മലക്കംമറിയുമോ എന്ന ആശങ്ക ശക്തമായി. മാത്രമല്ല, ട്രംപിന്റെ കര്‍ക്കശമായ താരിഫ് നിലപാട് യുഎസില്‍ പണപ്പെരുപ്പം കത്തിക്കയറാന്‍ ഇടവരുത്തുമെന്ന വിലയിരുത്തലുകളും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടത്തിനു വഴിവച്ചു.