സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഇരുസംഘടനകളും വ്യത്യസ്ത വില രേഖപ്പെടുത്തി
കൊച്ചി: സംസ്ഥാനത്ത് ഇരുവിഭാഗം സ്വര്‍ണ വ്യാപാരി സംഘടനകളും സ്വര്‍ണ വില കൂട്ടി. ഒരു വിഭാഗം 55 രൂപയും മറുവിഭാഗം 40 രൂപയുമാണ് ഗ്രാമിന് കൂട്ടിയത്. ഇതോടെ ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി.ഗോവിന്ദന്‍ ചെയര്‍മാനായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) ഗ്രാം വില 8,065 രൂപയും
പവന്‍ വില 64,520 രൂപയുമായി നിര്‍ണയിച്ചു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂട്ടി 6645 രൂപയും പവന് 360 രൂപ കൂട്ടി 53160 രൂപയുമാണ് വിപണിവില. സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപയാണ്.
അതേസമയം അയമു ഹാജി പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രടറിയുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റസ് അസോസിയേഷനും (AKGSMA)വിഭാഗം ഗ്രാമിന് 8,050 രൂപയും പവന് 64,400 രൂപയായും നിശ്ചയിച്ചു. ഇതനുസരിച്ച് കേരളത്തിലെ പല കടകളിലും പലവില നല്‍കേണ്ടി വരുന്ന അവസ്ഥയിലാണ് ഉപയോക്താക്കള്‍. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂട്ടി 6630 രൂപയും പവന് 240 രൂപ കൂട്ടി 53040 രൂപയുമാണ് സംഘടന തീരുമാനിച്ച നിരക്ക്. സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപയാണ്.
രണ്ടുദിവസം മുമ്പാണ് വ്യാപാരി സംഘടനയില്‍ പിളര്‍പ്പ് ഉണ്ടായത്. തുടര്‍ന്ന് ഇരുവിഭാഗങ്ങളും വ്യത്യസ്ത സ്വര്‍ണവിലയാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞദിവസം രണ്ട് സംഘടനയും ഒരേ സ്വര്‍ണവിലയാണ് നിശ്ചയിച്ചിരുന്നത്.പവന് 560 രൂപയാണ് ചൊവ്വാഴ്ച വര്‍ധിച്ചത്.
ഇതോടെ 64,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് വര്‍ധിച്ചത്. 8010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6600 രൂപയും പവന് 52800 രൂപയുമായിരുന്നു വിപണിവില.
ഫെബ്രുവരി 25ന് പവന് 64,600 രൂപയായി ഉയര്‍ന്നിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പവന് ആയിരം രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും തിരിച്ചുകയറുകയാണ്. വെള്ളിവിലയും വര്‍ധിച്ചു. സാധാരണ വെള്ളിക്ക് ഗ്രാമിന് 105 രൂപയില്‍ നിന്ന് 01 രൂപ കൂടി 106 രൂപയായി.
ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്ന് മുന്നേറിയത്. തുടര്‍ന്നിങ്ങോട്ട് റെക്കോര്‍ഡ് വിലയായിരുന്നു. ചുരുക്കം ദിവസങ്ങളില്‍ മാത്രമാണ് വില കുറഞ്ഞത്.
ആഗോള സമ്പദ് വ്യവസ്ഥയെയും വ്യാപാര, വാണിജ്യമേഖലയെയും അസ്വസ്ഥമാക്കുന്ന യുഎസിന്റെ തീരുവനയം, യുക്രെയ്ന്‍ വിഷയത്തില്‍ യുഎസും യൂറോപ്യന്‍ രാഷ്ട്രങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നത, സ്വര്‍ണത്തിന് റിസര്‍വ് ബാങ്കില്‍ നിന്നടക്കം ലഭിക്കുന്ന വന്‍ ഡിമാന്‍ഡ് തുടങ്ങിയവ വിലയെ വീണ്ടും മുന്നോട്ട് നയിച്ചേക്കാം എന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.