ചെറിയൊരു ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്
കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളിലെ വര്‍ധനവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. വ്യാപാരി സംഘടനയിലെ പിളര്‍പ്പ് മൂലം സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യത്യസ്ത സ്വര്‍ണനിരക്കുകളാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഒരേ വിലയാണ് ഇരുസംഘനകളും നിശ്ചയിച്ചിരിക്കുന്നത്.
എന്നാല്‍ 18 കാരറ്റ് സ്വര്‍ണത്തിന് വ്യത്യസ്ത നിരക്കുകളാണ് രേഖപ്പെടുത്തിയത്. സാധാരണ വെള്ളിയുടെ വിലയില്‍ ഇരു സംഘടനകള്‍ക്കും മാറ്റമില്ല. ഒരേ വിലയില്‍ തുടരുന്നു. തിങ്കളാഴ്ച ഇരു വിഭാഗം വ്യാപാരി സംഘടനകളും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറച്ച് 8020 രൂപയും, പവന് 240 രൂപ കുറച്ച് 64160 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കുറച്ച് 6615 രൂപയും, പവന് 160 രൂപ കുറച്ച് 52920 രൂപയുമാണ് വിപണി വില. സാധാരണ വെള്ളിക്ക് മാറ്റമില്ല. ഗ്രാമിന് 106 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
അയമു ഹാജി പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറച്ച്, ഗ്രാമിന് 8020 രൂപയും പവന് 64160 രൂപയുമാണ് നിശ്ചയിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കുറച്ച് 6600 രൂപയും, പവന് 160 രൂപ കുറച്ച് 52800 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 106 രൂപ എന്ന നിലയില്‍ തുടരുന്നു.
ഈ മാസത്തെ റെക്കോര്‍ഡ് വിലയായ 64,520 രൂപയും കടന്ന് സ്വര്‍ണം റെക്കോര്‍ഡ് ഭേദിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വില താഴേക്ക് ഇടിയുന്നതാണ് കണ്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി 60000 കടന്ന് മുന്നേറിയത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് കണ്ടത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.