സ്വര്‍ണം വാങ്ങുന്നവര്‍ക്ക് നേരിയ ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 66280 രൂപ
22 കാരറ്റ് സ്വര്‍ണത്തിന് സംസ്ഥാനത്തുടനീളം ഒരേ വിലയാണ് ഈടാക്കുന്നത്;
കൊച്ചി: സാധാരണക്കാര്‍ക്കും, ആഭരണ പ്രേമികള്‍ക്കും, വിവാഹത്തിന് സ്വര്‍ണം എടുക്കുന്നവര്‍ക്കും ആശ്വാസമായി സ്വര്‍ണവിലയിലെ ഇടവ്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പവന് 68,000 രൂപ വരെ എത്തി റെക്കോര്‍ഡ് വിലയില്‍ നിന്നിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് അനുഭവപ്പെട്ടു.
സംസ്ഥാനത്ത് തിങ്കളാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 8285 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 200 രൂപ കുറഞ്ഞ് 66280 രൂപയായി. സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, 22 കാരറ്റ് സ്വര്‍ണത്തിന് സംസ്ഥാനത്തുടനീളം ഒരേ വിലയാണ് ഈടാക്കുന്നത്.
എന്നാല്‍, 18 കാരറ്റ് സ്വര്‍ണത്തിന്റെ വില നിര്‍ണയത്തില്‍ സ്വര്‍ണ വ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 6795 രൂപയും ഒരു പവന് 54360 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.
മറ്റൊരു സംഘടനയായ ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6830 രൂപയാണ് വില നിര്‍ണയിച്ചിരിക്കുന്നത്. ഈ സംഘടനയുടെ കണക്കനുസരിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54640 രൂപയാണ്. സാധാരണ വെള്ളിക്ക് ഗ്രാമിന് 102 രൂപ എന്ന നിരക്കിലാണ് ഇരു സംഘടനകളും വ്യാപാരം നടത്തുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറക്കുമതി തീരുവകളും ഇതിന് മറുപടിയായി ചൈനയും കാനഡയും സ്വീകരിച്ച നടപടികളുമാണ് സ്വര്‍ണ വിപണിയിലെ ഈ പ്രതിസന്ധിക്ക് കാരണം എന്ന് വിലയിരുത്തപ്പെടുന്നു. ട്രംപിന്റെ നടപടിയില്‍ ഓഹരി വിപണിയിലുണ്ടായ വിലയിടിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ കാര്യമായ കുറവുണ്ടാക്കിയത്.
സെന്‍സെക്‌സ് ഒറ്റയടിക്ക് മൂവായിരം പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റി ആയിരം പോയിന്റും ഇടിഞ്ഞു. ഇന്ത്യന്‍ വിപണിക്ക് മാത്രമല്ല ഏഷ്യന്‍ വിപണിക്ക് മൊത്തത്തില്‍ വലിയ തിരിച്ചടിയാണ് ട്രംപിന്റെ തീരുവ യുദ്ധത്തിലുണ്ടായിരിക്കുന്നത്. ജപ്പാന്‍, ഹോങ്കോങ് സൂചികകള്‍ ഒന്‍പത് ശതമാനം താഴ്ന്നു.
ആഗോള വ്യാപാരയുദ്ധം ഒട്ടുമിക്ക കമ്പനികളെയും സാമ്പത്തികമായി തളര്‍ത്തുമെന്നും മിക്ക രാജ്യങ്ങളുടെയും ജിഡിപി തകര്‍ന്നടിയുമെന്നുമുള്ള വിലയിരുത്തലുകളാണ് ഓഹരി വിപണികളെ വീഴ്ത്തുന്നത്. നിഫ്റ്റി മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് എന്നിവയും 6 ശതമാനത്തിനടുത്ത് തകര്‍ന്നു. അതേസമയം, ഓഹരിവിപണിയെ വരുംദിവസങ്ങളിലും കാത്തിരിക്കുന്നത് തകര്‍ച്ചയായേക്കാമെന്ന് വ്യക്തമാക്കി ഇന്ത്യ വിക്‌സ് 7.12% മുന്നേറി 20.88ല്‍ എത്തി. നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക അതിശക്തമെന്ന് വ്യക്തമാക്കുന്ന സൂചികയാണിത്.