ആശ്വാസം: തുടര്‍ച്ചയായ 2ാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്; പവന് 66,480 രൂപ

രണ്ടുദിവസത്തിനിടെ കുറഞ്ഞത് 2,000 രൂപ;

Update: 2025-04-05 05:53 GMT

സംസ്ഥാനത്ത് ആഭരണം വാങ്ങുന്നവര്‍ക്ക് ആശ്വാസം. തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്. പവന് 720 രൂപയും ഗ്രാമിന് 90 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. കഴിഞ്ഞദിവസം പവന് 1,280 രൂപയും ഗ്രാമിന് 160 രൂപയും ഇടിഞ്ഞ് 67,200 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ഇതോടെ രണ്ടുദിവസത്തിനിടെ പവന് 2,000 രൂപ ഇടിഞ്ഞ് വില 66,480 രൂപയായി. ഗ്രാമിന് 250 രൂപ കുറഞ്ഞ് 8,310 രൂപയും. ഏപ്രില്‍ 3ന് വില സംസ്ഥാനത്തെ സര്‍വകാല റെക്കോര്‍ഡായ ഗ്രാമിന് 8,560 രൂപയും പവന് 68,480 രൂപയുമായിരുന്നു.

സ്വര്‍ണവില കുറഞ്ഞതിന് ആനുപാതികമായി പണിക്കൂലിയും നികുതിഭാരവും ചേര്‍ത്തുള്ള വാങ്ങല്‍വിലയും കുറയുമെന്നത് ആഭരണപ്രിയര്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള വിശേഷാവശ്യങ്ങള്‍ക്കായി വലിയതോതില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും ആശ്വാസമാണ്. മുന്‍കൂര്‍ ബുക്കിങ് പ്രയോജനപ്പെടുത്തി നേട്ടം സ്വന്തമാക്കാനും ഇവര്‍ക്ക് കഴിയും.

വില കുറഞ്ഞുനില്‍ക്കുമ്പോള്‍ ബുക്ക് ചെയ്താല്‍, ബുക്ക് ചെയ്യുന്ന ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത് ഏതാണോ കുറവ്, ആ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാമെന്നതാണ് നേട്ടം. ഫലത്തില്‍, പിന്നീട് വില കൂടിയാലും അത് ഉപഭോക്താവിനെ ബാധിക്കില്ല. ഒട്ടുമിക്ക പ്രമുഖ ജ്വല്ലറികളും ഈ സൗകര്യം നല്‍കുന്നുണ്ട്.

ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ ചെയര്‍മാനായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) വില നിര്‍ണയപ്രകാരം കനംകുറഞ്ഞതും (ലൈറ്റ് വെയ്റ്റ്) വജ്രം ഉള്‍പ്പെടെ കല്ലുകള്‍ പതിപ്പിച്ചതുമായ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് ഇന്ന് 75 രൂപ കുറഞ്ഞ് 6,845 രൂപയായി. രണ്ടുദിവസം മുമ്പ് വില റെക്കോര്‍ഡ് 7,060 രൂപയായിരുന്നു. എസ്. അബ്ദുല്‍ നാസര്‍ വിഭാഗം എ.കെ.ജി.എസ്.എം.എ നല്‍കിയ വില ഗ്രാമിന് 70 രൂപ കുറച്ച് 6,810 രൂപയാണ്.

അതേസമയം, ഇരു വിഭാഗങ്ങളും വെള്ളിവില ഗ്രാമിന് 4 രൂപ കുറച്ച് 102 രൂപയാക്കി. രണ്ടുദിവസം മുമ്പ് 112 രൂപയായിരുന്നു. പാദസരം, അരഞ്ഞാണം തുടങ്ങി വെള്ളികൊണ്ടുള്ള ആഭരണങ്ങള്‍, പാത്രങ്ങള്‍, പൂജാസാമഗ്രികള്‍ തുടങ്ങിയവ വാങ്ങുന്നവര്‍ക്ക് ഈ വിലക്കുറവ് നേട്ടമാണ്. വ്യാവസായിക ആവശ്യത്തിന് വെള്ളി ഉപയോഗിക്കുന്നവര്‍ക്കും വിലയിടിവ് ആശ്വാസമാകും.

രണ്ടുദിവസം മുമ്പ് ഔണ്‍സിന് 3,166.99 ഡോളര്‍ എന്ന സര്‍വകാല റെക്കോര്‍ഡിട്ട രാജ്യാന്തര വില 3,018 ഡോളര്‍ വരെ താഴ്ന്നതിലാണ് കേരളത്തിലും വില കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലെ റെക്കോര്‍ഡ് കുതിപ്പ് മുതലെടുത്ത് ഗോള്‍ഡ് ഇടിഎഫ് പോലുള്ള നിക്ഷേപ പദ്ധതികളില്‍ ലാഭമെടുപ്പ് തകൃതിയായതോടെ രാജ്യാന്തര വില വീഴുകയായിരുന്നു.

ഡോളറിനെതിരെ രൂപയുടെ മൂല്യം വന്‍തോതില്‍ മെച്ചപ്പെട്ടത് ഇന്ത്യയില്‍ സ്വര്‍ണവില കൂടുതല്‍ കുറയാന്‍ സഹായിച്ചു. ഒരുവേള 84.95 വരെ രൂപ മുന്നേറി. നിലവില്‍ മൂല്യം 85.24. അതേസമയം, യുഎസിനെതിരെ ചൈന 34% പകരച്ചുങ്കവുമായി തിരിച്ചടിച്ചതോടെ രാജ്യാന്തര സ്വര്‍ണവില 3,033 ഡോളറിലേക്ക് കയറി. അല്ലായിരുന്നെങ്കില്‍ ഇന്ന് കേരളത്തില്‍ സ്വര്‍ണവില കൂടുതല്‍ ഇടിയുമായിരുന്നു.

3% പണിക്കൂലി, 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാല്‍) എന്നിവയും ചേരുമ്പോള്‍ ഇന്ന് ഒരു പവന്റെ വാങ്ങല്‍വില 71,953 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 8,994 രൂപയും. രണ്ടുദിവസം മുമ്പ് സ്വര്‍ണം വാങ്ങിയവര്‍ കൊടുത്തത് ഒരു പവന്‍ ആഭരണത്തിന് 74,116 രൂപയും ഒരു ഗ്രാം ആഭരണത്തിന് 9,265 രൂപയുമായിരുന്നു. ഇതു 5% പണിക്കൂലി പ്രകാരമുള്ള വാങ്ങല്‍വിലയാണ്. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് 3 മുതല്‍ 30% വരെയൊക്കെയാകാം. 

Similar News