17,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ്: അനില്‍ അംബാനിക്ക് സമന്‍സ് അയച്ച് ഇഡി

ഓഗസ്റ്റ് 5 ന് ന്യൂഡല്‍ഹിയിലെ ഇഡി ആസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകണമെന്നാണ് സമന്‍സില്‍ പറഞ്ഞിരിക്കുന്നത്;

Update: 2025-08-01 10:32 GMT

മുംബൈ: 17,000 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അനില്‍ അംബാനിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമന്‍സ് അയച്ചു.

ഓഗസ്റ്റ് 5 ന് ന്യൂഡല്‍ഹിയിലെ ഇഡി ആസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകണമെന്നാണ് സമന്‍സില്‍ പറഞ്ഞിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) അന്വേഷണം നടത്തുകയാണ് ഇഡി. അന്വേഷണത്തിന്റെ ഭാഗമായി, കഴിഞ്ഞ ആഴ്ച അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട മുംബൈയിലെ 35 ഓളം സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഏകദേശം 50 കമ്പനികളെയും 25 വ്യക്തികളെയും കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ് നടത്തിയത്.

അനില്‍ അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ 10,000 കോടി രൂപയുടെ വായ്പ തരപ്പെടുത്തി തിരിമറി നടത്തിയെന്ന് ഓഹരി വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെബി ഇഡിക്കടക്കം റിപ്പോര്‍ട്ട് നല്‍കിയെന്നാണ് സൂചനകള്‍. ഇതു പ്രകാരമാണ് ഇഡിയുടെ അന്വേഷണം.

അതേസമയം, ആരോപണങ്ങള്‍ റിലയന്‍സ് ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. വായ്പാത്തുക 6,500 കോടി രൂപ മാത്രമാണെന്നിരിക്കെ 10,000 കോടി രൂപയുടെ തിരിമറി നടത്തിയെന്ന് എങ്ങനെ ആരോപിക്കാനാകുമെന്നാണ് കമ്പനി അധികൃതരുടെ ചോദ്യം. 2016-17 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍ സിഎല്‍ഇ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മുഖേന റിലയന്‍സ് ഗ്രൂപ്പ് പണംതിരിമറി നടത്തിയെന്നാണ് സെബിയുടെ പ്രധാന ആരോപണം. സിഎല്‍ഇ റിലയന്‍സുമായി ബന്ധമുള്ള കമ്പനിയായിട്ടും ഇക്കാര്യം റിലയന്‍സ് ഗ്രൂപ്പ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിട്ടില്ലെന്നും സെബി ആരോപിക്കുന്നു.

റിലയന്‍സ് ഗ്രൂപ്പിന് കീഴിലെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് പവര്‍ ഓഹരികള്‍ ഗ്രൂപ്പിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കടുത്ത വില്‍പനസമ്മര്‍ദമാണ് നേരിടുന്നത്. ഇന്നും നഷ്ടത്തോടെയാണ് ഓഹരികളുടെ തുടക്കം. വിവാദങ്ങളും ആരോപണങ്ങളും ഇരു കമ്പനികളുടെയും പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് അവ വ്യക്തമാക്കിയിരുന്നെങ്കിലും ഓഹരികള്‍ സമ്മര്‍ദത്തിലായിട്ടുണ്ട്.

Similar News