സംസ്ഥാനത്ത് സ്വര്‍ണത്തിന് വ്യത്യസ്ത നിരക്ക്; കണ്‍ഫ്യൂഷനില്‍ ഉപഭോക്താക്കള്‍
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഞെട്ടി ജനം. വ്യാഴാഴ്ച സ്വര്‍ണവിപണിയില്‍ വ്യത്യസ്ത നിരക്കുകള്‍ രേഖപ്പെടുത്തിയതാണ് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയത്. തൊട്ടടുത്ത കടകളില്‍ പോലും വ്യത്യസ്ത നിരക്കിലാണ് സ്വര്‍ണം വില്‍ക്കുന്നത്.
ഒരു വിഭാഗം സ്വര്‍ണവില വര്‍ധിപ്പിച്ചപ്പോള്‍ മറുവിഭാഗം കുറച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു വിഭാഗം മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ മറുവിഭാഗം രണ്ട് രൂപ കൂട്ടി ഭിന്നത രേഖപ്പെടുത്തി. വ്യാപാരി സംഘടനയിലെ പിളര്‍പ്പ് മൂലമാണ് സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലായി രണ്ട് സ്വര്‍ണനിരക്കുകള്‍ രേഖപ്പെടുത്തുന്നത്. അതേസമയം, ബുധനാഴ്ച സ്വര്‍ണത്തിന് രണ്ട് വിഭാഗവും നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.
ഭീമ ഗ്രൂപ് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ മാര്‍ച്ച് ആറിന് സ്വര്‍ണവില കുറച്ചതായി അറിയിച്ചു. സംഘടനയുടെ തീരുമാനപ്രകാരം, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറച്ച് 8020 രൂപയും പവന് 360 രൂപ കുറച്ച് 64160 രൂപയുമാണ് നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കുറച്ച് 6610 രൂപയും പവന് 280 രൂപ കുറച്ച് 52880 രൂപയുമാണ് വിപണിവില. അതേസമയം, സാധാരണ വെള്ളിയുടെ വില ഗ്രാമിന് 106 രൂപയില്‍നിന്ന് 02 രൂപ കൂട്ടി 108 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
അയമു ഹാജി പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷനും (AKGSMA) വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂട്ടി 8060 രൂപയും പവന് 80 രൂപ കൂട്ടി 64480 രൂപയുമാണ് നിശ്ചയിച്ച വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 05 രൂപ കൂട്ടി 6635 രൂപയും പവന് 40 രൂപ കൂട്ടി 53080 രൂപയുമാണ് സംഘടന തീരുമാനിച്ച നിരക്ക്. അതേസമയം, സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപയാണ്.
അന്താരാഷ്ട്ര വിലയ്ക്കും രൂപയുടെ വിനിമയ നിരക്കിനും ആനുപാതികമായാണ് വില നിശ്ചയിച്ചതെന്ന് അബ്ദുല്‍നാസര്‍ പറയുന്നു. കഴിഞ്ഞദിവസം 10 ഡോളര്‍ ആണ് ഔണ്‍സിന് കൂടിയത്. ഇതനുസരിച്ച് 20 രൂപയാണ് കൂട്ടേണ്ടത്.
രൂപ കരുത്ത് ആയതുകൊണ്ട് 10 രൂപയാണ് കൂട്ടിയത്. അതനുസരിച്ചാണ് ഗ്രാം വില 8,060 രൂപ നിശ്ചയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.