ബെംഗളൂരു തുരങ്ക പാത നിര്‍മ്മിക്കാന്‍ അദാനിയും ടാറ്റയും മത്സരിക്കുന്നു

ടണലിന്റെ നിര്‍മാണത്തിനായി രാജ്യത്തെ മുന്‍നിര നിര്‍മ്മാണ സ്ഥാപനങ്ങളില്‍ നിന്നായി ഇതിനോടകം തന്നെ പത്ത് പേര്‍ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്;

Update: 2025-08-05 11:18 GMT

ബെംഗളൂരു: സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിനെ ഹെബ്ബാളുമായി ബന്ധിപ്പിക്കുന്ന ബെംഗളൂരുവിന്റെ 16.75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്ക പാത നിര്‍മ്മിക്കാന്‍ നിരവധി നിര്‍മാണ കമ്പനികള്‍ രംഗത്തെത്തി. അദാനി ഗ്രൂപ്പ്, എല്‍ ആന്‍ഡ് ടി ലിമിറ്റഡ്, ടാറ്റ പ്രോജക്ട്‌സ് എന്നിവയുള്‍പ്പെടെ രാജ്യത്തെ മുന്‍നിര നിര്‍മ്മാണ സ്ഥാപനങ്ങളില്‍ നിന്നായി ഇതിനോടകം തന്നെ പത്ത് പേര്‍ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

തിങ്കളാഴ്ച, വസന്തനഗറിലെ ബെംഗളൂരു സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ (ബി-സ്മൈല്‍) ആസ്ഥാനത്ത് നടന്ന പ്രീ-ബിഡ് മീറ്റിംഗില്‍ ഈ കമ്പനികളുടെ പ്രതിനിധികളെല്ലാം തന്നെ പങ്കെടുത്തു. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്ഥാപനം ഏകദേശം 20 ദിവസം മുമ്പ് മൂന്ന് വരി ഭൂഗര്‍ഭ ഇരട്ട തുരങ്ക പാത രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനുമായി ടെന്‍ഡറുകള്‍ ക്ഷണിച്ചിരുന്നു.

മേഘ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, ഐടിഡി സിമന്റേഷന്‍ ഇന്ത്യ, വിശ്വ സമുദ്ര എഞ്ചിനീയറിംഗ് ലിമിറ്റഡ്, ജയശങ്കര്‍, സീഗാള്‍ ഇന്ത്യ ലിമിറ്റഡ്, അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ പരിഷ്‌കരിച്ച ബില്‍ഡ്-ഓണ്‍-ഓപ്പറേറ്റഡ്-ട്രാന്‍സ്ഫര്‍ (BOOT) മോഡലിന് കീഴിലുള്ള പണി ഏറ്റെടുക്കാന്‍ ഇവരില്‍ ആരെല്ലാം മുന്നോട്ട് വരുമെന്ന് കണ്ടറിയുക തന്നെ വേണം.

ഈ പദ്ധതി പ്രകാരം, കമ്പനികള്‍ പദ്ധതി ചെലവിന്റെ 60% (10,619 കോടി രൂപ) നിക്ഷേപിക്കുമെന്നും ബിഡ് സമര്‍പ്പിക്കുന്ന സമയത്ത് 44 കോടി രൂപ നിക്ഷേപിക്കുമെന്നുമുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. പകരം 30 വര്‍ഷത്തേക്ക് ടോള്‍ പിരിവ് അവകാശം സര്‍ക്കാര്‍ നല്‍കും.

ഏകദേശം ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദേശം 200 ഓളം ചോദ്യങ്ങള്‍ ഉന്നയിച്ചതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

17,698 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി രണ്ട് പാക്കേജുകളായി തിരിച്ചിരിക്കുന്നു: ഹെബ്ബാല്‍ ജംഗ്ഷന്‍ മുതല്‍ ശേഷാദ്രി റോഡ് റേസ് കോഴ്സ് ജംഗ്ഷന്‍ (8.74 കിലോമീറ്റര്‍), ശേഷാദ്രി റോഡ് മുതല്‍ സില്‍ക്ക് ബോര്‍ഡ് വരെ (8.01 കിലോമീറ്റര്‍). ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 2 ആണ്.

ബി-സ്മൈല്‍ ടെക്നിക്കല്‍ ഡയറക്ടര്‍ ബി.എസ്. പ്രഹ്ലാദ് യോഗത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചു. 'മുന്‍നിര നിര്‍മ്മാണ കമ്പനികള്‍ അവരുടെ പ്രതിനിധികളെ അയച്ചിട്ടുണ്ട്,' 'പദ്ധതിയുടെ സങ്കീര്‍ണ്ണത കണക്കിലെടുത്ത് ബിഡ് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടാന്‍ ചിലര്‍ ഞങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അവശിഷ്ട നിര്‍മാര്‍ജനത്തിനും കാസ്റ്റിംഗ് യാര്‍ഡിനും ഭൂമി അനുവദിക്കുന്നതിനെക്കുറിച്ചും പ്രതിനിധികള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. അന്തിമ ബിഡ്ഡിംഗില്‍ പലരും പങ്കെടുക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്' - എന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍, ബിബിഎംപി സ്‌പെഷ്യല്‍ കമ്മീഷണര്‍ (പ്രൊജക്റ്റ്‌സ്) കരീ ഗൗഡ, വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയ കണ്‍സള്‍ട്ടന്റുകള്‍, കോടിക്കണക്കിന് രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ സാമ്പത്തിക ഉപദേഷ്ടാക്കള്‍ എന്നിവരും പങ്കെടുത്തു. കരാര്‍ ഏറ്റെടുക്കുന്നതിന് മുമ്പ് നിര്‍ദ്ദിഷ്ട ഇടനാഴിയില്‍ ഭൂസാങ്കേതിക അന്വേഷണങ്ങള്‍ നടത്താന്‍ പ്രതിനിധികള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതായും വൃത്തങ്ങള്‍ അറിയിച്ചു.

പദ്ധതി പ്രകാരം, നിര്‍മ്മാണ കമ്പനികള്‍ എട്ട് ടണല്‍ ബോറിംഗ് മെഷീനുകള്‍ (ടിബിഎമ്മുകള്‍) വിന്യസിക്കേണ്ടതുണ്ട്, ഓരോന്നിനും പ്രതിവര്‍ഷം ഏകദേശം 2 കിലോമീറ്റര്‍ തുരക്കാന്‍ കഴിയും. മൊത്തം 33.49 കിലോമീറ്റര്‍ നീളമുള്ള മൂന്ന് വരി ഭൂഗര്‍ഭ ഇരട്ട തുരങ്ക റോഡ് നിര്‍മിക്കുന്ന പാത ഇതിനകം തന്നെ നിരവധി പരിസ്ഥിതി, സാധ്യത, സാങ്കേതിക പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്.

Similar News