ചാറ്റ് ജി.പി.ടിയ്ക്കായി മാനസികാരോഗ്യ കേന്ദ്രീകൃതമായ പുതിയ ഫീച്ചറുകളുമായി ഓപ്പണ്‍ എഐ

ചാറ്റ് ജിപിടിയില്‍ ദീര്‍ഘനേരം സംസാരിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഇടവേളകള്‍ എടുക്കാനുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ ഇത് നല്‍കുന്നു;

Update: 2025-08-08 07:19 GMT

കാലിഫോര്‍ണിയ: ചാറ്റ് ജി.പി.ടിയ്ക്കായി മാനസികാരോഗ്യ കേന്ദ്രീകൃതമായ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഓപ്പണ്‍ എഐ. തിങ്കളാഴ്ച മുതല്‍ പുതിയ ഫീച്ചര്‍ നിലവില്‍ വന്നു. ചാറ്റ് ജിപിടിയില്‍ ദീര്‍ഘനേരം സംസാരിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഇടവേളകള്‍ എടുക്കാനുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ ഇത് നല്‍കുന്നു. ഉപയോക്താക്കളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (AI) തമ്മില്‍ ആരോഗ്യകരവും സന്തുലിതവുമായ ബന്ധം നിലനിര്‍ത്താന്‍ ഇത് സഹായിക്കുമെന്നാണ് ഓപ്പണ്‍ എഐയുടെ വിലയിരുത്തല്‍. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം മാനസികാരോഗ്യവും കണക്കിലെടുത്താണ് പുതിയ സവിശേഷത രൂപകല്‍പ്പന ചെയ്തതെന്നും കമ്പനി അവകാശപ്പെടുന്നു.

ഗെയിമിംഗ് അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ആപ്പുകള്‍ പോലെ തന്നെയാണ് ആളുകള്‍ ഇപ്പോള്‍ ചാറ്റ് ജിപിടി ഉള്‍പ്പെടെയുള്ള ചാറ്റ് ബോട്ടുകള്‍ക്കും അടിമപ്പെട്ടുകൊണ്ടിരിക്കുന്നത്. ആളുകള്‍ ചാറ്റ് ജിപിടിയില്‍ മണിക്കൂറുകളോളം ചാറ്റ് ചെയ്യുമ്പോള്‍ അത് അവരുടെ സ്‌ക്രീന്‍ സമയം വര്‍ധിപ്പിക്കുകയും പലരുടെയും മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. ഇത് ഒഴിവാക്കുകയാണ് പുതിയ ഫീച്ചറിന്റെ ലക്ഷ്യം.

ചാറ്റ് ജിപിടി സുരക്ഷിതവും സഹായകരവും ഉത്തരവാദിത്തമുള്ളതുമായ ഒരു എഐ ടൂളായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഓപ്പണ്‍ എഐയുടെ വിശാല തന്ത്രത്തിന്റെ ഭാഗമാണ് പുതിയ മാനസികാരോഗ്യ ഫീച്ചറുകള്‍. പ്രത്യേകിച്ച് സമ്മര്‍ദ്ദം, ഉത്കണ്‍ഠ, വൈകാരിക ദുര്‍ബലത തുടങ്ങിയവ ഉള്ള ഉപയോക്താക്കള്‍ക്ക് ഇവ ഏറെ ഉപകാരപ്രദമാണ്.

പുതിയ ഓര്‍മ്മപ്പെടുത്തല്‍ സവിശേഷത ഒരു സൗമ്യമായ അറിയിപ്പിന്റെ രൂപത്തിലാണ് വരുന്നത്. ചാറ്റ് ജിപിടിയുമായി ദീര്‍ഘനേരം ചാറ്റ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ 'നിങ്ങള്‍ കുറച്ചുനേരമായി ചാറ്റ് ചെയ്യുകയാണ് ഒരു ഇടവേളയ്ക്ക് നല്ല സമയമാണോ?' എന്ന ഒരു പ്രോംപ്റ്റ് കാണാന്‍ സാധിക്കും. കൂടാതെ 'ചാറ്റ് ചെയ്യുന്നത് തുടരുക' അല്ലെങ്കില്‍ സെഷന്‍ അവസാനിപ്പിക്കുക എന്ന ഓപ്ഷനുകളും ഉണ്ടായിരിക്കും.

അമിതമായ സ്‌ക്രീന്‍ സമയം കുറയ്ക്കുന്നതിനും ശ്രദ്ധാപൂര്‍വ്വമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന യൂട്യൂബ്, ടിക്ടോക്, എക്‌സ് ബോക്‌സ് പോലുള്ള പ്ലാറ്റ് ഫോമുകള്‍ ഉപയോഗിക്കുന്ന ഇടപെടലുകള്‍ക്ക് സമാനമാണ് പുതിയ ഫീച്ചര്‍.

അറിയിപ്പ് ലഭിച്ച് കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് ചാറ്റ് ചെയ്യുന്നത് തുടരുകയോ അല്ലെങ്കില്‍ അവര്‍ക്ക് വേണമെങ്കില്‍ ഒരു ചെറിയ ഇടവേള എടുക്കുകയോ ചെയ്യാം. ഈ സവിശേഷത നിന്‍ടെന്‍ഡോ പോലുള്ള ഗെയിമുകള്‍ക്ക് സമാനമാണ്. അവിടെ ഉപയോക്താക്കള്‍ക്ക് സ്വയം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്ന തരത്തില്‍ ദീര്‍ഘനേരം കളിച്ചതിന് ശേഷം താല്‍ക്കാലികമായി നിര്‍ത്താന്‍ നിര്‍ദ്ദേശിക്കുന്നു.

ചാറ്റ് ജിപിടി ആഴ്ചയില്‍ 700 ദശലക്ഷം സജീവ ഉപയോക്താക്കളിലേക്ക് എത്തുകയും ഓണ്‍ലൈന്‍ ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കുന്നതിനായി പുതിയ ഏജന്റ് കഴിവുകള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മാറ്റങ്ങള്‍ വരുന്നത്. എ.ഐ സിസ്റ്റവുമായി ആശ്രിതത്വ ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനുപകരം ഉപയോക്താക്കള്‍ അവരുടെ ലക്ഷ്യങ്ങള്‍ കാര്യക്ഷമമായി നേടിയാല്‍ ഉപയോഗ സമയം കുറയ്ക്കുന്നത് ഉല്‍പ്പന്ന വിജയത്തെ സൂചിപ്പിക്കുമെന്ന് ഓപ്പണ്‍ എ. ഐ ഊന്നിപ്പറയുന്നു.

അതേസമയം, ബന്ധങ്ങളിലെ തീരുമാനങ്ങള്‍ പോലുള്ള ഉയര്‍ന്ന ഉത്തരവാദിത്തമുള്ള സാഹചര്യങ്ങളിലോ വൈകാരികമായി സെന്‍സിറ്റീവ് ആയ സാഹചര്യങ്ങളിലോ ചാറ്റ് ജിപിടി ഉറച്ച ഉത്തരങ്ങള്‍ നല്‍കാനുള്ള സാധ്യത കുറയ്ക്കുന്ന മറ്റൊരു മാറ്റവും പരിഗണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ നേരിട്ടുള്ള അഭിപ്രായം നല്‍കുന്നതിനുപകരം, ചാറ്റ് ബോട്ട് ഇനി ഉപയോക്താക്കളെ വിവിധ കാഴ്ചപ്പാടുകളിലൂടെയോ തിരഞ്ഞെടുപ്പുകളിലൂടെയോ നയിക്കും.

അതായത് മനുഷ്യ ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ളവ സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ ഒരു എഐ സിസ്റ്റത്തിലേക്ക് മാറ്റരുത് എന്ന ആശയത്തെ ഈ ഫീച്ചര്‍ ശക്തിപ്പെടുത്തുന്നു. ഇത് കൂടുതല്‍ ജാഗ്രതയോടെയും പിന്തുണയോടെയും സംഭാഷണ ശൈലിയിലേക്കുള്ള ഒരു മാറ്റത്തെ അടയാളപ്പെടുത്തുന്നു.

ദൈനംദിന ജീവിതത്തില്‍ എഐ കൂടുതല്‍ സംയോജിപ്പിക്കുന്നത് തുടരുമ്പോള്‍ സുരക്ഷ, സഹാനുഭൂതി, മനുഷ്യ ക്ഷേമം എന്നിവയുടെ ഉയര്‍ന്ന നിലവാരം പാലിക്കുന്നതിനായി ചാറ്റ് ജിപിടിയുടെ പെരുമാറ്റം തുടര്‍ച്ചയായി പരിഷ്‌കരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഓപ്പണ്‍ എഐ വ്യക്തമാക്കുന്നു.

Similar News