വികസനത്തിന് ശിലപാകിയ കെ.എസ്. സുലൈമാന്‍ ഹാജി

Update: 2024-11-22 09:42 GMT

മുസ്ലിംലീഗിന്റെ സമുന്നതനായ നേതാവ് കെ.എസ്. സുലൈമാന്‍ ഹാജിയുടെ ഓര്‍മ്മകള്‍ തികട്ടിയെത്തുന്ന ദിനമാണ് നവംബര്‍ 23. 2015 നവംബര്‍ 23നാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. പിതാവിന്റെ അടുത്ത സുഹൃത്തെന്ന നിലയിലും ചികിത്സാവശ്യത്തിന് വീട്ടില്‍ വരുന്നയാളെന്ന നിലയിലും വളരെ മുമ്പേ അദ്ദേഹത്തെ അറിയാവുന്നതാണ്. സഫാരി സ്യൂട്ടും രോമത്തൊപ്പിയും ചുണ്ടില്‍ ചുരുട്ടും വെച്ച് അംബാസിഡര്‍ കാറില്‍ വരുന്ന സുമുഖനായ അദ്ദേഹത്തെ കാണാന്‍ തന്നെ രസമായിരുന്നു. അവിഭക്ത കണ്ണൂര്‍ ജില്ലയിലെ തലയെടുപ്പുള്ള മുസ്ലിംലീഗ് നേതാക്കളില്‍ പ്രധാനിയായിരുന്നു അദ്ദേഹം. കാസര്‍കോട് താലൂക്ക് പ്രസിഡണ്ട് പദവിയിലിരുന്ന് സംസ്ഥാന നേതാക്കള്‍ ചെവികൊടുക്കുന്ന നിലയിലേക്ക് അദ്ദേഹത്തിന്റെ നേതൃഗുണം ചെന്നെത്തിയിരുന്നു. സംസ്ഥാന കമ്മിറ്റിയംഗമെന്ന പദവി അതിന് മേമ്പൊടി ചാര്‍ത്തുകയും ചെയ്തിരുന്നു. പല നിര്‍ണ്ണായക ഘട്ടങ്ങളിലും മുസ്ലിംലീഗിന്റെ കാസര്‍കോടിന്റെ അവസാന വാക്കായിരുന്നു കെ.എസ്. സുലൈമാന്‍ ഹാജി. അതുകൊണ്ട് തന്നെ നേതാ ക്കളും സാധാരണ പ്രവര്‍ത്തകരും അദ്ദേഹത്തെ കിംഗ് മേക്കര്‍ എന്ന് വിളിച്ചിരുന്നു. 1970-80 കാലഘട്ടത്തില്‍ ടി.എ. ഇബ്രാഹിം സാഹിബിന്റെ വലം കയ്യായി പ്രവര്‍ത്തിച്ച് പാര്‍ട്ടി വളര്‍ത്തി. വിമോചന സമരകാലത്ത് പോരാട്ടത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. ബി.എം. അബ്ദുല്‍ റഹ്മാന്‍, എ.ആര്‍. കരിപ്പൊടി, താജ് അഹമദ് എന്നിവരോടൊപ്പം പ്രതിഷേധ സമരങ്ങള്‍ക്ക് പ്രവര്‍ത്തകരെ എത്തിക്കുന്നതിലും സമരം നയിക്കുന്നതിലും മുന്നില്‍ തന്നെ അദ്ദേഹം ഉണ്ടായിരുന്നു. ദൗര്‍ഭാഗ്യകരമായ മുസ്ലിംലീഗിന്റെ പിളര്‍പ്പില്‍ ചന്ദ്രിക ദിനപത്രം കൈവിട്ടു പോകാതിരിക്കാനും നിലനിര്‍ത്തുന്നതിനും പി. സീതി ഹാജിയോടൊപ്പം ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തിയിരുന്നു. ചന്ദ്രികയുടെ ഡയരക്ടര്‍ പദവിയിലിരുന്നു ചെയ്ത പ്രവര്‍ത്തനങ്ങളെക്കുറിച്ച് റഹ്മാന്‍ തായലങ്ങാടിയും എ.എം. ഹസ്സനും തങ്ങളുടെ ഓര്‍മ്മക്കുറിപ്പുകളില്‍ വാചാലതയോടെ പറയുന്നുണ്ട്. ചന്ദ്രികയുടെ ജീവനക്കാരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും അറിയാനും കേള്‍ക്കാനും അദ്ദേഹത്തിന്റെ മനസ്സിനെയും കാതിനെയും പാകമാക്കി വെച്ചിരുന്നു. പരിഹാരം കാണാനും ചേര്‍ത്ത് പിടിക്കാനും ആത്മാര്‍ത്ഥ പരിശ്രമം നടത്തിയിരുന്നു. കാസര്‍കോട് ചന്ദ്രികയില്‍ നിന്നും താനാഗ്രഹിച്ച കോഴിക്കോട്ടേക്ക് മാറ്റം കിട്ടിയപ്പോള്‍ എങ്കില്‍ ഇവിടെയാര് എന്ന് റഹ്മാന്‍ തായലങ്ങാടിയോട് ചോദിച്ചവരില്‍ ടി.എ ഇബ്രാഹിം സാഹിബിനൊപ്പം സുലൈമാന്‍ ഹാജിയും ഉണ്ടായിരുന്നു. പോകുന്നതില്‍ താല്‍പര്യമില്ലാഞ്ഞിട്ടും തന്റെ അംബാസിഡര്‍ കാര്‍ സ്വയം ഓടിച്ച് കോഴിക്കോട്ടേക്ക് കൊണ്ട് പോയി അറയിലാക്കിയ കഥയും റഹ്മാന്‍ തായലങ്ങാടി സരസമായി ഓര്‍മ്മിച്ചെടുക്കുന്നു. എം.ഇ.എസ്. ഹോസ്റ്റലിലെ പഴയ ബ്ലോക്കിലെ ഒറ്റമുറിയും അവിടെ താമസിക്കാന്‍ കിടക്ക, തലയണ, ബെഡ്ഷീറ്റുകള്‍, ടേബിള്‍ലാമ്പ് മറ്റു അത്യാവശ്യ സാധനങ്ങള്‍ വാങ്ങിത്തന്ന കാര്യങ്ങളും അദ്ദേഹം അനുസ്മരിക്കുന്നു. ഭക്ഷണപ്രിയനായ സുലൈമാന്‍ ഹാജിയെക്കുറിച്ചുള്ള ഓര്‍മ്മകളും റഹ്മാന്‍ തായലങ്ങാടി പങ്കുവെക്കുന്നു. ഒരിക്കല്‍ കോഴിക്കോട്ടേക്ക് പോകുമ്പോള്‍ കൊയിലാണ്ടിക്കടുത്ത് ഒരു ചെറിയ പുല്ലു മേഞ്ഞചായക്കടക്ക് മുമ്പില്‍ കാര്‍ നിര്‍ത്തുകയും ചൂടും സ്വാദുമുള്ള കല്ലുമ്മക്കായ വെച്ചിരുന്ന ട്രേ അടക്കം എടുത്ത് കല്ലുമ്മക്കായ തിന്നാന്‍ തുടങ്ങി. ചായ കടക്കാരന്‍ പ്രതീക്ഷിക്കാത്ത ഒരു തുക കയ്യില്‍ വെച്ചു കൊടുത്തു. അദ്ദേഹത്തിന്റെ വരവ് കണ്ട് അമ്പരന്ന് പോയ ചായക്കടക്കാരനെക്കുറിച്ചും തന്റെ നിലക്കും വിലക്കും ചേര്‍ന്ന കടയല്ലെന്ന് ചിലരെങ്കിലും കരുതുന്ന ചെറിയ പുല്ലുമേഞ്ഞ ചായക്കടയിലെ ഒറ്റ പലകയുടെ ബെഞ്ചിലിരുന്നു ചായ കുടിച്ച അദ്ദേഹത്തിന്റെ ലാളിത്യത്തെക്കുറിച്ചും റഹ്മാന്‍ തായലങ്ങാടി എടുത്തു പറയുന്നു. ഒരു പൊതുപ്രവര്‍ത്തകന്‍ കാണിക്കേണ്ട ഉദാത്തമായ മാതൃക. ചന്ദ്രികയുടെ ജീവനക്കാരനായിരുന്ന എ.എം. ഹസ്സനും അദ്ദേഹത്തിന്റെ ചേര്‍ത്തുപിടിക്കലിന് വിധേയനായ വ്യക്തിയാണ്. ടി.കെ.സി. അബ്ദുല്‍ ഖാദര്‍ മുഖേന ചന്ദ്രികയില്‍ ജോലി വേണമെന്നാവശ്യപ്പെട്ടതും ജോലി നല്‍കാമെന്നും അതുകൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയില്ലെന്നും ജോലിയാണ് ഉദ്ദേശമെങ്കില്‍ ബോംബൈയില്‍ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ഏര്‍പ്പാട് ചെയ്യാമെന്നും സാവകാശം റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ സഹായത്തോടെ ഗള്‍ഫില്‍ നല്ല ജോലി കണ്ടെത്താനാകുമെന്നും ഉപദേശ രൂപേണ പറഞ്ഞ കാര്യം എ.എം. ഹസ്സന്‍ ഓര്‍ത്തെടുക്കുന്നു. പിന്നീട് ചന്ദികയുടെ കാസര്‍കോട് ലേഖകനാവാന്‍ വഴി തുറന്നപ്പോള്‍ അദ്ദേഹം ചെയ്തു കൊടുത്ത സഹായങ്ങളെക്കുറിച്ചും വാചാലനാകുന്നു. ചന്ദ്രികയുടെ വരുമാനം കൊണ്ട് കാസര്‍കോട് ജീവിക്കാന്‍ പ്രയാസമാകുമെന്ന് അദ്ദേഹം പറഞ്ഞു. ചെലവ് ചുരുക്കുന്നതിനായി അദ്ദേഹത്തിന്റെ കൂടി ഉടമസ്ഥതയിലുള്ള നെല്ലിക്കുന്നിലെ ഫാക്ടറിയിലെ ബംഗ്ലാവ് പോലുള്ളൊരു മുറിയില്‍ സൗജന്യ താമസത്തിന് അവസരമൊരുക്കുകയും ചെയ്തു. എന്നാല്‍ രാത്രികാലങ്ങളിലുള്ള കാല്‍നട യാത്രയുടെ പ്രയാസം കണക്കിലെടുത്ത് താമസം ടൗണിലെ ഹോംലിങ്ക്‌സ് ലോഡ്ജിലേക്ക് മാറ്റേണ്ടി വന്നു. സി.എച്ച്.എ. റഹ്മാന്‍ താമസിക്കുന്ന മുറിയില്‍ പകുതി വാടകക്ക് താമസം തുടങ്ങി. വാടക നല്‍കിയിരുന്നത് സുലൈമാന്‍ ഹാജിയായിരുന്നു. ചന്ദ്രികയോടുള്ള അടുപ്പം അദ്ദേഹത്തിന് പുസ്തകങ്ങളോടുള്ള അടുപ്പത്തിന് കാരണമായി. ഒരിക്കല്‍ കോഴിക്കോട് നാഷണല്‍ ബുക്ക് സ്റ്റാളിലേക്ക് പോകാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും അന്നത്തെ മാനേജര്‍ ശ്രീധരനെ പരിചയപ്പെടുകയും പെട്ടെന്ന് തന്നെ തമ്മില്‍ സൗഹൃദം സ്ഥാപിക്കുകയും ചെയ്ത കാര്യവും റഹ്മാന്‍ തായലങ്ങാടി ഓര്‍മ്മിക്കുന്നു. കാറിന്റെ ഡിക്കില്‍ കൊള്ളാത്തത്ര പുസ്തകങ്ങള്‍ വാങ്ങിക്കുകയും അതിലേറെ ഭാഗവും റഹ്മാന്‍ തായലങ്ങാടിക്ക് സമ്മാനമായി നല്‍കിയതും ഇന്നും തന്റെ പുസ്തക ശേഖരത്തില്‍ അമൂല്യമായി സൂക്ഷിച്ചു വെച്ചിരിക്കുന്ന കാര്യവും റഹ്മാന്‍ തായലങ്ങാടി എടുത്തു പറയുന്നു. വിജ്ഞാന കോശത്തിന്റെ പത്ത് വാള്യമടക്കം ശബ്ദ താരാവലി, അപശബ്ദ ബോധിനി എന്നീ പുസ്തകങ്ങളാണ് പാരിതോഷികമായി നല്‍കിയത്. സേട്ടുസാഹിബിനെ ബേവിഞ്ചയിലൂടെ കടത്തി വിടില്ലെന്ന് വാശി പിടിച്ചവരെ ആകാശത്തേക്ക് വെടിയുതിര്‍ത്ത് വിരട്ടിവിട്ട കഥ കേട്ട് മാത്രം അറിയാമായിരുന്ന എ.എസ്. മുഹമ്മദ്കുഞ്ഞിക്കും പറയാനുണ്ട് സുലൈമാന്‍ ഹാജിയെ കുറിച്ചുള്ള നേര്‍അനുഭവങ്ങള്‍. തന്റെ വിദ്യാര്‍ത്ഥി ജീവിതം കഴിഞ്ഞ ഇടവേളയില്‍ എയര്‍ലൈന്‍സ് ലോഡ്ജില്‍ പ്രവര്‍ത്തിച്ചിരുന്ന താലൂക്ക് മുസ്ലിംലീഗ് ഓഫീസില്‍ ചുമതലക്കാരനാവുകയും മധുരം ഇഷ്ട്ടപ്പെട്ടിരുന്ന സുലൈമാന്‍ ഹാജിയെ മധുര പലഹാരങ്ങള്‍ നല്‍കി സ്വീകരിച്ചതും ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ പേര്‍സണല്‍ സെക്രട്ടറിയായിരുന്നു എ.എസ്. ഓരോ ദിവസവും കെട്ടുകണക്കിന് കത്തുകള്‍ അദ്ദേഹത്തിന് വരുമായിരുന്നു. അതില്‍ ചിലതൊക്കെ ധനസഹായം ചോദിച്ചു കൊണ്ടായിരിക്കും. സഹായം അനുവദിക്കേണ്ടത് തിരഞ്ഞ് വെച്ച് ഒരു സംഖ്യ മണിയോര്‍ഡറായി അയച്ചു കൊടുക്കും. ആ ചുമതലയൊക്കെ എ.എസിനെയാണ് അദ്ദേഹം ഏല്‍പ്പിച്ചിരുന്നത്. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും നിശബ്ദവിപ്ലവം സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു കെ.എസ്. സുലൈമാന്‍ ഹാജിയുടേത്. കാസര്‍കോട് നഗരസഭ നിലവില്‍ വന്നത് 1968ലാണെങ്കിലും മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയത് 1979 മുതലാണ്. നഗരത്തിന്റെ വികസനത്തിന് ശിലപാകിയത് സുലൈമാന്‍ ഹാജി ചെയര്‍മാന്‍ പദവിയിലുണ്ടായിരുന്ന കാലത്താണ്. ജനകീയനും ദീര്‍ഘദൃഷ്ടിയുള്ള വികസന കാഴ്ചപ്പാടുള്ള ഭരണാധികാരിയായി മാറാനും അദ്ദേഹത്തിന് സാധിച്ചു. തളങ്കര ജദീദ് റോഡ് വാര്‍ഡില്‍ നിന്നാണ് അദ്ദേഹം നഗരസാഭാംഗമായത്. നഗരസഭയായി ഉയര്‍ത്തപ്പെട്ടതിന് ശേഷമുള്ള രണ്ടാമത്തെ ഭരണസമിതിയുടെ നേതൃത്വം അദ്ദേഹത്തിന്റെ ചുമലിലായി. മുസ്ലിംലീഗിന്റെ ആദ്യത്തെ ചെയര്‍മാന്‍. പ്രവര്‍ത്തകരോടൊപ്പം ഒട്ടി നില്‍ക്കുന്ന നേതാവായിരുന്നുവെന്ന് ടി.ഇ. അബ്ദുല്ല പറയുമായിരുന്നു. തലയെടുപ്പുള്ള നേതാവായിട്ടു പോലും സാധാരണ വളണ്ടിയര്‍മാരെപോലെ പച്ച യൂണിഫോമിട്ട് ഒരു കയ്യില്‍ കിംഗ് എഡ്വേര്‍ഡ് ചുരുട്ടുമായി ജീപ്പോടിച്ചു വരുന്ന അദ്ദേഹത്തെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുള്ള കാര്യവും ടി.ഇ. അബ്ദുല്ല പറയും. ഭരണ സമിതിയുടെ പ്രവര്‍ത്തനത്തിന് ശക്തി പകരാന്‍ തനത് വരുമാനത്തിന്റെ വര്‍ധനവ് അത്യന്താപേക്ഷിതമാണ്. അതിന് വേണ്ടി പഴയ പഞ്ചായത്ത് ഓഫീസ് നിലനിന്നിരുന്ന സ്ഥലത്ത് പാലികഭവന്‍ എന്ന പേരില്‍ ഒരു വാണിജ്യ സമുച്ചയം പണിതുയര്‍ത്തി. ഓഫീസ് പ്രവര്‍ത്തനം അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. ഉദ്യോഗസ്ഥരേയും പ്രതിപക്ഷ പാര്‍ട്ടികളേയും വിശ്വാസത്തിലെടുത്തു പ്രവര്‍ത്തിച്ചു.

നഗരത്തിന്റെ ഭാവി വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. അതിന്റെ ഭാഗമെന്ന നിലയില്‍ കെ.എം. ഹസ്സന്‍ ഉള്‍പ്പടെയുള്ള സഹപ്രവര്‍ത്തകരുടെയടക്കം അഭിപ്രായങ്ങള്‍ മാനിച്ച് പുതിയ ബസ്സ്റ്റാന്റ് എന്ന ആശയത്തിന് തുടക്കമിട്ടു. അതിനാവശ്യമായ സ്ഥലമെടുപ്പ് നടത്തിയത് ഈ കാലഘട്ടത്തിലാണ്. അന്ന് പൊന്നും വില കൊടുത്താണ് സ്ഥലം ലഭ്യമാക്കിയത്. നഗരവികസനത്തിന് വിശദമായ ആസൂത്രണം ആവശ്യമാണെന്ന അദ്ദേഹത്തിന്റെ ബോധ്യത്തില്‍ നിന്നാണ് നഗരാസൂത്രണ പദ്ധതിക്ക് തുടക്കമിടുന്നത്. 1991ല്‍ ഷംനാടിന്റെ കാലത്താണ് ഈ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നത്. 84ല്‍ തന്റെ ഭരണ കാലാവധി കഴിഞ്ഞിട്ട് വീണ്ടും അദ്ദേഹത്തെ തന്നെ അവസരം നല്‍കാനായിരുന്നു ജനങ്ങളുടെ താല്‍പര്യം. എന്നാല്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ അദ്ദേഹം തുനിഞ്ഞില്ല. സേട്ടുസാഹിബ് നാഷണല്‍ ലീഗ് രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ നിന്ന സുലൈമാന്‍ ഹാജി പാര്‍ട്ടിയുടെ പ്രഥമ സംസ്ഥാന ഖജാഞ്ചിയായിരുന്നു. ആത്മീയതയില്‍ അലിഞ്ഞ് ചേരുമ്പോഴും നേരിയ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തിയിരുന്നു. നാഷണല്‍ ലീഗിന്റെ ജില്ലാ പ്രസിഡണ്ട് പദവിയിലും കുറച്ച് കാലമുണ്ടായിരുന്നു. ശേഷം തീര്‍ത്തും രാഷ്ട്രീയം ഉപേക്ഷിച്ച് ആത്മീയതയില്‍ അലിഞ്ഞു ചേര്‍ന്നു. ആകാരം കൊണ്ടും സൗന്ദര്യം കൊണ്ടും ആരെയും ആകര്‍ഷിച്ചിരുന്ന സഫാരി സ്യൂട്ടും രോമത്തൊപ്പിയും ചുണ്ടില്‍ ചുരുട്ടും വെച്ചിരുന്ന അദ്ദേഹം തൂവെള്ള ജുബ്ബയും കണ്ണില്‍ സുറുമയും തലയില്‍ ഒരു വശത്ത് ചെറിയ വാലുള്ള വെള്ള തലപ്പാവുമണിഞ്ഞ് വേഷവിധാനത്തില്‍ പോലും സമ്പൂര്‍ണ്ണ പരിവര്‍ത്തനത്തിന് വിധേയനായിരുന്നു. വലിയൊരു ജനകീയ നേതാവിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വലുതല്ലെങ്കിലും അദ്ദേഹത്തിന്റെ പിന്‍ഗാമിയെന്ന നിലയില്‍ ഞാന്‍ പ്രതിനിധാനം ചെയ്തിരുന്ന ഖാസി ലൈന്‍ വാര്‍ഡില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ പുതിയ ഒരു സ്ട്രീറ്റ് ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യമുണ്ട്. പരലോക ജീവിതം ധന്യമാകട്ടെയെന്ന പ്രാര്‍ത്ഥനയോടെ.


Similar News