'ലോക'യുടെ മാസ്മരികത

Update: 2025-09-20 10:06 GMT
ദീര്‍ഘകാലത്തെ മരണമില്ലാത്ത അമരജീവിതം ഉണ്ടാക്കിയ വിരക്തിയുടെ ഭാവമായിരുന്നു കല്യാണി പ്രിയദര്‍ശന്റെ മുഖത്ത് സ്ഥായിയായി ഉണ്ടായിരുന്നത്. ഇതിനെ അഭിനയത്തിലെ ബ്രില്ല്യന്‍സ് എന്ന് വിളിക്കാം.

കുട്ടികളായിരിക്കുമ്പോള്‍ നാം അമ്മയില്‍ നിന്നും അമ്മൂമ്മയില്‍ നിന്നുമൊക്കെ കേട്ട കഥകളും കേള്‍ക്കാന്‍ ഏറെ ഇഷ്ടപ്പെട്ട കഥകളില്‍ പലതും മിത്തുകളായിരുന്നു. രാത്രിയിലാണവ കേള്‍ക്കാറ്. രാത്രിയും രാത്രിയുടെ ഇരുട്ടും ഇരുട്ടിന്റെ ഭീകരതയും ആ കഥകളുമായി അങ്ങേയറ്റം ഇഴചേര്‍ന്ന ഘടകങ്ങളായിരുന്നു.

ലക്കസ്സിരി, അണങ്ങ്, ദീനക്കാര്‍ തുടങ്ങിയ യക്ഷിയുടെ വകഭേദങ്ങള്‍ അത്യുത്തരകേരളത്തിലെ മുസ്ലിം വീടുകളില്‍ പോലും കുട്ടികള്‍ കേട്ടിരുന്ന ഉമ്മയുടെയും ഉമ്മൂമ്മയുടെയും കഥകളില്‍ നിറഞ്ഞുനിന്നിരുന്നു

ഉമ്മ പറഞ്ഞു ഞാന്‍കേട്ട കഥകളിലെ ലക്കസ്സിരി, കടലിലെ തിരമാലില്‍ നിന്ന് നടന്നുകയറി ബേക്കല്‍ കോട്ടയുടെ അരികിലൂടെ, ഉച്ചിയില്‍ തീ ജ്വലിപ്പിച്ചുകൊണ്ട്, ചിറിയില്‍ ചോരയൊലിപ്പിച്ചുകൊണ്ട്, നീണ്ടമുടി നിലത്തിട്ടിഴച്ച് നടന്നുനീങ്ങിപ്പോകുന്ന രംഗം ഇപ്പോഴും മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു.

പിന്നീട് കണ്ട സിനിമകളിലെ വെള്ളസാരിയുടുത്ത് പാട്ടും പാടി വരുന്ന സ്ത്രീ പ്രേതങ്ങള്‍ മനസ്സില്‍ നേരത്തെ രൂപപ്പെട്ടിരുന്ന പ്രേതചിത്രങ്ങളെ ഉറപ്പിക്കുന്നവയായിരുന്നു.

മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ കേട്ട ആ യക്ഷികഥകളുടെ പശ്ചാത്തലം ബേക്കലിലെ സമുദ്രതീരത്തിനും നീണ്ടുനീണ്ടുപോകുന്ന റെയില്‍പാളത്തിനും ഇടയ്ക്ക് കണ്ണെത്താ ദൂരത്തോളം നീണ്ടുകിടന്ന പുകയിലപ്പാടങ്ങളും പൊയ്യക്കുന്നുകളുമായിരുന്നു. അതിന്റെ അകമ്പടി സംഗീതം വയലോരത്ത് നിന്നും ഉയര്‍ന്നുകേട്ട ഇടതടവില്ലാത്ത ചീവീടുകളുടെ കരച്ചിലൂമായിരുന്നു. മറ്റു പലയിടങ്ങളിലും ഇത് മാടന്‍, നീലി, മറുത, ചാത്തന്‍, യക്ഷി തുടങ്ങിയവയായിരുന്നു.

ഈ ഓണം ആഘോഷദിനങ്ങളില്‍ റിലീസായ ഒരു മലയാള സിനിമ അത്തരമൊരു യക്ഷിക്കഥ, അത് നഷ്ടപ്പെട്ട പുതിയ തലമുറയ്ക്കുവേണ്ടി പറയുകയാണ്. പറയുന്നതും കേള്‍ക്കുന്നതും അല്ലെങ്കില്‍ കാണുന്നതും പുതിയ തലമുറ തന്നെ.

സൂപ്പര്‍ ഹീറോ ചിത്രമായ ലോകഃ ചാപ്റ്റര്‍ 1: ചന്ദ്ര. ആണ് ഈ സിനിമ. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ഈ ചലച്ചിത്രം നിര്‍മ്മിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ ബാനറായ വേഫെറെര്‍ ഫിലിംസാണ്. കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍, സാന്‍ഡി എന്നിവര്‍ക്കൊപ്പം അരുണ്‍ കുര്യന്‍, ചന്തു സലിംകുമാര്‍, നിഷാന്ത് സാഗര്‍, രഘുനാഥ് പലേരി, വിജയരാഘവന്‍, നിത്യശ്രീ, ശരത്ത് സഭ എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

പുതിയ കുട്ടികള്‍ക്ക് നഷ്ടമായ യക്ഷിക്കഥകളിലെ കഥാപാത്രങ്ങളെ പുതിയ സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടുകളുമായി ചേര്‍ത്തുകെട്ടി, പുതിയ ജീവിത പരിസരത്തില്‍ പ്ലേസ് ചെയ്യുന്നു. പിന്നീടവ ആധുനിക സാങ്കേതിക മികവിലൂടെ, ചലനവേഗതയാര്‍ന്ന ചടുലമായ ഫ്രെയിമുകളിലൂടെ, പുതിയ തലമുറയുടെ ദൃശ്യ ഭാഷയില്‍, അവതരിപ്പിക്കുന്നു. ഐതിഹ്യമാലയിലെ കള്ളിയേടത്തു നീലിയടക്കമുള്ള നിരവധി യക്ഷിക്കഥകളും, കടമറ്റത്ത് കത്തനാരുമൊക്കെ പുനരുല്‍പാദിപ്പിക്കുന്നതാണ് നാം കാണുന്നത്.

സിനിമ, ഒരു കലാരൂപമായി നിലനില്‍ക്കുമ്പോഴും ആത്യന്തികമായി ഒരു സാമ്പത്തിക സംരംഭമാണ്. 'സ്വപ്‌ന വ്യാപാരികള്‍' 'ഡ്രീം സെലേഴ്‌സ്' എന്ന് സിനിമക്കാര്‍ വിശേഷിപ്പിക്കപ്പെടാറുണ്ട്. സിനിമാ വ്യവസായം അല്ലെങ്കില്‍ ഫിലിം ഇന്‍ഡസ്ട്രി എന്ന് സിനിമാ രംഗത്തെ പൊതുവായി പറയുന്നുമുണ്ട്. മലയാളം സിനിമയുടെ കച്ചവട സാധ്യതയുടെ പരിമിതി കണ്ടറിഞ്ഞു കൊണ്ടുതന്നെ കയ്യില്‍ ഒതുങ്ങുന്ന ബജറ്റില്‍ ഒരു സൂപ്പര്‍ ഹീറോ പടം സാധ്യമാക്കുന്ന ബ്രില്യന്‍സ് ഈ സിനിമക്ക് പിന്നിലുള്ളവര്‍ കാണിച്ചിരിക്കുന്നു. സിനിമാ നിര്‍മ്മാണം എങ്ങനെ ഇക്കണോമിക്കല്‍ ആക്കാം എന്ന ആലോചനയിലൂടെ വളരെ കൗശലപൂര്‍വ്വം തിരക്കഥ മെനഞ്ഞതാണ് ഈ ബ്രില്ല്യണ്‍സില്‍ എടുത്തു പറയേണ്ടത്. കുറഞ്ഞ ദിവസത്തിനുള്ളില്‍ തന്നെ ഒരു വമ്പന്‍ ബോക്‌സോഫീസ് ഹിറ്റായി സിനിമ മാറുകയും ചെയ്തിരിക്കുന്നു. സൂപ്പര്‍മാന്‍ എന്നതിനുപകരം സൂപ്പര്‍വുമണ്‍ എന്ന ആശയം തന്നെ റെമ്യുണറേഷന്‍ അഡ്ജസ്റ്റ് ചെയ്തുകൊണ്ടുള്ള സാമ്പത്തികാസൂത്രണമാണ്.

സിനിമയില്‍ എടുത്തു പറയേണ്ട കാര്യം പശ്ചാത്തല സംഗീതമാണ്. സിറ്റ്വേഷനുകള്‍ക്കൊത്ത് മുഴുനീളെ സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന സംഗീതം ഒരിടത്തും കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്. സാധാരണ ഭൂതപ്രേത പടങ്ങളില്‍ ചെകിടടിപ്പിക്കുന്ന ശബ്ദം മുഴുനീളെ ചേര്‍ത്ത് അരോചകമാക്കാറുണ്ട്. പക്ഷേ ഇവിടെ പ്രേതം പോലും പ്രണയത്തില്‍ കുടുങ്ങുന്ന തരത്തിലാണ് കഥ കൊണ്ടുപോയിട്ടുള്ളത്. ഒപ്പത്തിനൊപ്പം സംഗീതവും. നേരത്തെ സൂചിപ്പിച്ച രാത്രിയും രാത്രിയുടെ ഇരുട്ടും ഇരുട്ടിന്റെ ഭീകരതയും എന്ന അമ്മൂമ്മക്കഥകളിലെ സിറ്റ്വേഷന്‍ ബാംഗ്ലൂര്‍ നൈറ്റ് ലൈഫുമായി കോര്‍ത്തുകൊണ്ട് അതിമനോഹരമാക്കിയിരിക്കുന്നു.

വീഡിയോ ഗെയിമുകളാണ് പുതിയ തലമുറയുടെ ദൃശ്യഭാഷ രൂപപ്പെടുത്തുന്നത്. സിനിമയിലെ ടൈറ്റില്‍ ഗ്രാഫിക്‌സിലെ ചിത്രങ്ങളും മറ്റുപല ഇടങ്ങളിലും രൂപപ്പെടുന്ന ദൃശ്യരൂപങ്ങളും ഏറെക്കുറെ വീഡിയോ ഗെയിമുകളുടെ മൂവ്മെന്റിലേത് തന്നെ. കല്യാണി പ്രിയദര്‍ശന്റെ വിവിധ ആക്ഷന്‍ സീക്വന്‍സുകളുടെ മൂവ്മെന്റുകളില്‍, വീഡിയോ ഗെയിമുകളിലെ ചടുലമായ ഫ്രെയിംസ് യഥേഷ്ടം കാണാന്‍ കഴിയും. കഥാ നായിക സൂപ്പര്‍ വുമണ്‍ കല്യാണി പ്രിയദര്‍ശന്‍ തന്നെയാണ് താരം. അവര്‍ തന്നെയാണ് സിനിമാ വിജയത്തിന്റെ മുഖ്യഘടകവും. മലയാളത്തില്‍ ഇതിനുമുമ്പ് രണ്ട് പാത്തു കഥാപാത്രങ്ങളിലൂടെ, ('തല്ലുമാല'യിലും, 'ശേഷം മൈക്കി'ലും) അഭ്രപാളിയില്‍ മിന്നിത്തിളങ്ങിയ കല്യാണി പ്രിയദര്‍ശന്‍ ഇവിടെ ശരിക്കും പടവെട്ടി മിന്നിത്തിളങ്ങി.

ഐതിഹ്യമാലയില്‍ നമുക്ക് സുപരിചിതയായ നീലിയെ, ഡ്രാക്കുളയെപ്പോലെ പ്രത്യേക സന്ദര്‍ഭങ്ങളില്‍ വെളിവാകുന്ന ദംഷ്ട്രങ്ങള്‍ കഴുത്തിലമര്‍ത്തി അതും, കഥയിലെ ദുഷ്ടന്മാരുടെ മാത്രം, രക്തമൂറ്റിക്കുടിക്കുന്ന പുതിയതരം യക്ഷിയാക്കി പുതിയ ഭാവത്തില്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. അതിലവര്‍ വിജയിച്ചു എന്ന് തന്നെ പറയാം. കല്യാണിയുടെ നീലിയുടെ എല്ലാ ഹീറോയിസത്തിനിടയിലും അവരുടെ മുഖത്ത് മുഴച്ചു നിന്നിരുന്ന ഭാവം ഒരുതരം വിഷാദാത്മകതയാണ്. ദീര്‍ഘകാലത്തെ മരണമില്ലാത്ത അമരജീവിതം ഉണ്ടാക്കിയ വിരക്തിയുടെ ഭാവമായിരുന്നു കല്യാണി പ്രിയദര്‍ശന്റെ മുഖത്ത് സ്ഥായിയായി ഉണ്ടായിരുന്നത്. ഇതിനെ അഭിനയത്തിലെ ബ്രില്ല്യന്‍സ് എന്ന് വിളിക്കാം. അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ മാത്രമേ അവരുടെ മുഖത്ത് സന്തോഷം തെളിയുന്നുള്ളൂ, ഉടന്‍ തന്നെ അത് സങ്കടത്തിലേക്ക് തിരിച്ചു പോകുന്നുമുണ്ട്.

എന്നാല്‍ 'ലോക'യുടെ കഥയെന്താണെന്ന് ചോദിച്ചാല്‍, അങ്ങനെ കൃത്യമായ ഒരു കഥ ഇതിലില്ല. അത്യന്തം ചടുലമായ കുറെ ദൃശ്യങ്ങള്‍കൊണ്ടൊരു മായാജാലം. സംവിധായകന്‍ ഡൊമനിക്ക് അരുണ്‍ തന്നെ രചിച്ച തിരക്കഥയില്‍ പ്രേക്ഷകന് ഒന്നും ചിന്തിച്ചെടുക്കാന്‍ കഴിയാത്ത വിധത്തില്‍ കണ്‍ഫ്യൂഷനില്‍ തളച്ചിടുന്നുവെങ്കിലും നസ്ലിനും സഹനടന്മാരും ചേര്‍ന്നുള്ള നിരവധി ഹാസ്യ മുഹൂര്‍ത്തങ്ങള്‍ തുന്നിച്ചേര്‍ത്തുകൊണ്ട് കാഴ്ചക്കാരെ എന്‍ഗേജ്ഡ് ആക്കി നിലനിര്‍ത്തി.

ദുല്‍ഖര്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള പ്രൊഡക്ഷന്‍ ടീം ഒപ്പത്തിനൊപ്പം കൂട്ടുനിന്നു സഹകരിച്ചു. നേരത്തെ സൂചിപ്പിച്ച ജേക്സ് ബിജോയിയുടെ മുഴുനീള സംഗീതം ഒരു സെക്കന്റ് പോലും കൂട്ടുവിടാതെ കഥ പറച്ചിലില്‍ ഒപ്പം ചേര്‍ന്നു. നിമിഷ് രവിയുടെ സിനിമോട്ടോഗ്രഫി, ചമന്‍ ചാക്കോയുടെ എഡിറ്റിംഗ്, റോണക്സ് സേവ്യറുടെ മേക്കപ്പ്, യാനിക്ക് ബെന്‍ ഒരുക്കിയ ആക്ഷന്‍ കൊറിയോഗ്രാഫി-എല്ലാരും ചേര്‍ന്നുതീര്‍ത്ത കാഴ്ചയുടെ ഒരു മായാ'ലോക'മാണ് ഈ സിനിമ.

സിനിമ അവസാനിച്ചെന്ന് കരുതി കുറച്ചുപേര്‍ എഴുന്നേറ്റ് പോകുമ്പോഴും മറ്റെന്തൊക്കെയോ പ്രതീക്ഷിച്ച് പ്രേക്ഷകര്‍ കുറച്ചു പേര്‍ ഇരിക്കുന്നുണ്ട്. അവര്‍ നിരാശരാകേണ്ടി വരുന്നില്ല. അവര്‍ക്കായി സിനിമ അല്‍പം കൂടിയുണ്ടായിരുന്നു. വീണ്ടൂം ഇതാവര്‍ത്തിക്കുന്നു. പിന്നെയും സിനിമ തുടരുന്നു. 'ലോക' ഒരു പുതിയ സിനിമാനുഭവം തന്നെയാണ്. സംവിധായകന്റെയും അണിയറ പ്രവര്‍ത്തകരുടേയും വിജയമാണ് ഇത് എന്നു പറയാതെ വയ്യ.

നിഷ്‌കളങ്ക കാമുകനായ സണ്ണിയെന്ന കഥാപാത്രം നസ്ലിന്‍ ഗഫൂറിന്റെ കയ്യില്‍ ഭദ്രമാണ്. നൂറൂ വര്‍ഷം മുമ്പ് ജനിച്ച് മരിച്ച, ഓരോ 20 വര്‍ഷവും രാജ്യം മാറിമാറി പുനര്‍ജ്ജനിക്കുന്ന അമാനുഷികയായ ഒരു പ്രേതകഥാപാത്രത്തിന്റെ നീക്കങ്ങളെ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തുന്നത് നസ്ലിന്റെ സണ്ണിയെന്ന കഥാപാത്രമാണ്.

മൊത്തത്തില്‍ കാസ്റ്റിംഗ്, സംവിധാനം, സ്‌ക്രിപ്റ്റ്, പ്രൊഡക്ഷന്‍ ക്വാളിറ്റി എല്ലാം കൊണ്ടും മനോഹരമായ ഒരു ദൃശ്യവിരുന്ന്. കാമിയോ കഥാപാത്രമായി വരുന്നത് മമ്മൂട്ടി ആയിരിക്കും എന്ന് പ്രതീക്ഷയുണ്ടായിരുന്നു. ടോവിനോ ആണ് വന്നത്. സിനിമ മറ്റുപല ഐതിഹ്യമാലകള്‍ക്കും ഇടം നല്‍കിയാണ് അവസാനിപ്പിച്ചിരിക്കുന്നത്. അതിലൊക്കെ മമ്മൂട്ടി അടക്കമുള്ള കഥാപാത്രങ്ങള്‍ കാമിയോ ആയി വരും എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.

ബേസിലാണ് മിന്നല്‍ മുരളിയിലൂടെ സൂപ്പര്‍മാന്‍ ഫിക്ഷന്‍ കഥാപാത്രത്തെ മലയാളത്തില്‍ അവതരിപ്പിച്ചുകൊണ്ട് നമ്മെ ഞെട്ടിച്ചത്. 'ലോക' കഥാപാത്ര നിര്‍മിതിയിലും തിരക്കഥയിലും അതിനോളം എത്തില്ലെങ്കിലും പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ ഏറെ മുന്നിലാണ്. എന്തൊക്കെയായാലും ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച കുട്ടികള്‍ മിടുക്കരാണ്. അവരെ അഭിനന്ദിക്കാതെ വയ്യ. പ്രത്യേകം ഓര്‍ക്കുക. ഇത് കണ്ണിനും കാതിനും മാത്രം ആസ്വദിക്കാനുള്ള ഒരു സിനിമയാണ്.

Similar News