കീം ബിഫാം പ്രവേശന പരീക്ഷ: ജില്ലയില്‍ ആയിഷത്ത് സഹല ഒന്നാമത്

By :  Sub Editor
Update: 2025-07-02 10:54 GMT

കാസര്‍കോട്: കീം ബിഫാം പ്രവേശന പരീക്ഷയില്‍ ജില്ലയില്‍ ഒന്നാംസ്ഥാനം നേടി മധൂര്‍ കുഡ്ലു മന്നിപ്പാടിയിലെ ടി.കെ ആയിഷത്ത് സഹല. 2016ലെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനക്കാരിയായിരുന്ന ടി.കെ സാബിറയുടെ നേട്ടം ആവര്‍ത്തിക്കുകയായിരുന്നു സഹോദരി സഹല. മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക് നേടിയ സാബിറ നിലവില്‍ ജനറല്‍ ആസ്പത്രിയില്‍ താല്‍ക്കാലിക ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ്. 300ല്‍ 255.12 മാര്‍ക്ക് നേടിയാണ് സഹല ജില്ലയില്‍ ഒന്നാമതെത്തിയത്. സംസ്ഥാനത്ത് 157-ാം റാങ്കാണ്. ഉളിയത്തടുക്ക ജയ്മാത സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പത്താം ക്ലാസും കാഞ്ഞിരപ്പള്ളിയിലെ സെന്റ് ആന്റണീസ് സ്‌കൂളില്‍ പ്ലസ്ടു പഠനവും പൂര്‍ത്തിയാക്കിയ സഹല പാലാ ബ്രില്യന്‍സിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഒരുവര്‍ഷംകൂടി പരിശീലനവും പരിശ്രമവും തുടര്‍ന്ന് റാങ്ക് മെച്ചപ്പെടുത്തി സര്‍ക്കാര്‍ ക്വാട്ടയില്‍ തന്നെ ഫാര്‍മസി പഠനം സാധ്യമാക്കാനുള്ള ശ്രമമാണ് ഇനി നടത്തുകയെന്നാണ് സഹല പറയുന്നത്. ഉളിയത്തടുക്ക ഫതഹ് ജുമാ മസ്ജിദ് മദ്രസ അധ്യാപകന്‍ ടി.എച്ച് കബീറിന്റെയും സാലിയ ബീവിയുടെയും മകളാണ്.

Similar News