ഡോഗ് ഷെല്‍ട്ടര്‍ ഹോം പദ്ധതിയും നടപ്പിലായില്ല; അനിശ്ചിതത്വത്തിലായി എ.ബി.സി കേന്ദ്രം
എ.ബി.സി. കേന്ദ്രം
മുള്ളേരിയ: തെരുവുനായ്കള്‍ പെരുകികൊണ്ടിരിക്കുമ്പോള്‍ നായകളെ പിടികൂടി വന്ധ്യംകരിക്കുന്ന എ.ബി.സി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായി. തെരുവുനായ്ക്കളെ പിടികൂടി ഷെല്‍ട്ടറുകളിലേക്കുമാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് മുളിയാറിലെ എ.ബി.സി കേന്ദ്രം (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) താല്‍കാലികമായി അടച്ചിട്ടത്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയ ശേഷമെ ഇനി വീണ്ടും പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുകയുള്ളൂ. വന്ധ്യംകരിക്കുന്ന നായ്ക്കളെ സുപ്രീംകോടതി ഉത്തരവു പ്രകാരം പിടിച്ച സ്ഥലത്ത് തുറന്നുവിടാന്‍ കഴിയില്ല. പകരം ഷെല്‍ട്ടറുകളിലേക്ക് മാറ്റേണ്ടി വരും. എന്നാല്‍ അത്തരത്തിലുള്ള ഷെല്‍ട്ടറുകള്‍ ജില്ലയിലെ ഒരു തദ്ദേശ സ്ഥാപനങ്ങളിലുമില്ല. തെരുവുനായകളെ താമസിപ്പിക്കാന്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോമുകള്‍ തുടങ്ങാന്‍ മൂന്ന് വര്‍ഷം മുമ്പ് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് രണ്ട് ഷെല്‍ ട്ടര്‍ ഹോം ഒരുക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ഷെല്‍ട്ടര്‍ ഹോം ഒരുക്കിയിട്ടില്ല. ഇത് കാരണമാണ് കോടതി ഉത്തരവ് എ.ബി.സി കേന്ദ്രത്തിന് തിരിച്ചടിയായത്. സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള മുളിയാറിലെ എ.ബി.സി കേന്ദ്രം രണ്ടര മാസം മുമ്പാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഒരു ദിവസം 20 നായകളെ വന്ധ്യംകരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. അങ്ങനെ ഒരു മാസം 500-600 നായ്ക്കളെ വന്ധ്യംകരിച്ച് ജില്ലയിലെ രൂക്ഷമായ തെരുവുനായ ശല്യം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മെയ് 19ന് മന്ത്രി ജെ. ചിഞ്ചുറാണിയാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവിടെ നിന്നുള്ള ദുര്‍ഗന്ധവും നായ്ക്കളുടെ കുരയും കാരണം പരിസരവാസികള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. അതിനു ശേഷം നായ്ക്കളുടെ എണ്ണം പകുതിയായി കുറച്ചാണ് പ്രവര്‍ത്തിച്ച് കൊണ്ടിരുന്നത്.