പഴയ പ്രസ്‌ക്ലബ് ജംഗ്ഷനില്‍ ഇന്റര്‍ലോക്ക് പരീക്ഷണവും പാളി; റോഡ് തകര്‍ന്നതോടെ യാത്രാ ദുരിതവും ഗതാഗത കുരുക്കും

Update: 2025-11-18 07:36 GMT

കാസര്‍കോട്: റോഡ് തകരല്‍ പതിവായ കാസര്‍കോട് പഴയ പ്രസ് ക്ലബ് ജംഗ്ഷനില്‍ ഇന്റര്‍ലോക്ക് പരീക്ഷണവും ഫലം കണ്ടില്ല. ഇന്റര്‍ലോക്ക് കട്ടകള്‍ ഇളകി റോഡില്‍ കുഴി രൂപപ്പെട്ടതോടെ യാത്രാ ദുരിതവും ഗതാഗത കുരുക്കും രൂക്ഷമായി. സിഗ്‌നല്‍ കണ്ട് നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ പിന്നീട് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ റോഡിലെ കുഴിയും ഇന്റര്‍ലോക്ക് കട്ടകള്‍ ഇളകി കിടക്കുന്നത് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇത് വാഹനങ്ങളുടെ സുഗമമായ യാത്രക്ക് വിനയാവുകയും വാഹനങ്ങള്‍ക്ക് കേടുപാട് പറ്റുകയും ചെയ്യുന്നു. നഗരത്തിലെ ഗതാഗത കുരുക്കിന് ഇത് പ്രധാന കാരണമാവുകയാണ്. സ്ഥിരമായി റോഡ് തകരുകയും കുഴികള്‍ രൂപപ്പെടുകയും മഴക്കാലത്ത് അപകടം പതിവാകുകയും ചെയ്ത സാഹചര്യത്തിലാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റോഡ് ഇന്റര്‍ലോക്ക് പാകിയത്. കാസര്‍കോട്-കാഞ്ഞങ്ങാട് പാത ദിവസങ്ങളോളം അടച്ചിട്ട് കൊണ്ടാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. എന്നാല്‍ മാസങ്ങള്‍ക്കകം തന്നെ ചിലയിടങ്ങളില്‍ കട്ടകള്‍ ഇളകി തുടങ്ങി. ശാസ്ത്രീയ വശം പരിശോധിക്കാതെയാണ് റോഡ് പ്രവൃത്തി നടത്തിയതെന്ന് തുടക്കത്തിലെ ആക്ഷേപം ഉയര്‍ന്നിരുന്നു. മഴക്കാലത്ത് കുഴി രൂപപ്പെട്ട് വെള്ളം കെട്ടി നില്‍ക്കുന്നതും സ്ഥിരം കാഴ്ചയായി. ട്രാഫിക് ജംഗ്ഷനിലെ കുഴികള്‍ നിറഞ്ഞ റോഡരിക് ഏതാനും ദിവസം മുമ്പാണ് കോണ്‍ക്രീറ്റ് നടത്തിയത്. ഇത് യാത്രക്കാര്‍ക്ക് ഗുണമായെങ്കിലും പ്രധാന ഭാഗത്ത് ഇന്റര്‍ലോക്ക് ഇളകിയതും മാന്‍ഹോള്‍ സ്ഥിതി ചെയ്യുന്ന ഇടങ്ങളില്‍ അപകട സാധ്യതയുള്ള കുഴികളും സൃഷ്ടിക്കുന്നുണ്ട്. നഗരത്തിന്റെ ഹൃദയ ഭാഗത്തെ പ്രധാന റോഡ് സ്ഥിരമായി തകരുന്നത് അധികൃതരുടെ അനാസ്ഥ കാരണമാണെന്ന് പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Similar News