RAILWAY STATION | കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം പ്ലാറ്റ്‌ഫോമിലെ ശൗചാലയങ്ങള്‍ അടച്ചു; യാത്രക്കാര്‍ക്ക് ദുരിതം
കാഞ്ഞങ്ങാട്: പകരം സംവിധാനം കാണാതെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ് ഫോമിലെ രണ്ട് പൊതു ശൗചാലയങ്ങള്‍ അടച്ചു. ഇതോടെ നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി. അറ്റകുറ്റപ്പണിക്ക് വേണ്ടി ആണ് രണ്ട് ശൗചാലയങ്ങളും ഒരേ സമയത്ത് അടച്ചിട്ടത്. ഇത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇനി ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തുന്നത് യാത്രക്കാര്‍ക്ക് ശൗചാലയം ഉപയോഗിക്കാന്‍ രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്ക് എത്തേണ്ട അവസ്ഥയാണുള്ളത്. ഇതിനായി കൂറ്റന്‍ പടികള്‍ കയറിയിറങ്ങി മേല്‍ നടപ്പാലം വഴി വേണം രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്താന്‍. അടച്ചിട്ട ശൗചാലയത്തില്‍ ഒരു അറിയിപ്പും നല്‍കിയിട്ടുണ്ട്. അറ്റകുറ്റ പണി നടക്കുന്നത് കാരണം അടച്ചിട്ടിരിക്കുന്നു. മറ്റ് പ്ലാറ്റ് ഫോമുകളില്‍ ടോയ്‌ലറ്റ് സൗകര്യം ലഭ്യമാണ് എന്നാണ് അറിയിപ്പ്. മറുഭാഗത്തെത്തുക എന്നത് വയോധികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. ലിഫ്റ്റ് സൗകര്യമുണ്ടെങ്കിലും ഏറെ ദൂരം നടക്കണം. അതിനിടെ പരാതി ഉയര്‍ന്നപ്പോള്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ വിശ്രമം മുറിയിലെ ശൗചാലയങ്ങള്‍ ഉപയോഗിക്കാവുന്നതാണെന്ന് പറയുന്നുണ്ടെങ്കിലും നോട്ടീസില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.