PERUNNAL | ജനറല്‍ ആസ്പത്രിയില്‍ സി.എച്ച് സെന്ററിന്റെ ശ്രദ്ധേയ പ്രവര്‍ത്തനം
റമദാനില്‍ ഒരു മാസം നോമ്പ് തുറയും അത്താഴവും, പെരുന്നാളിന് ഉച്ചഭക്ഷണം;
ജനറല്‍ ആസ്പത്രിയിലെ സി.എച്ച് സെന്റര്‍ കൗണ്ടറില്‍ നിന്ന് ഭക്ഷണം വിതരണം ചെയ്യുന്നു
കാസര്‍കോട്: കാസര്‍കോട് സി.എച്ച് സെന്റര്‍ ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് റമദാന്‍ മാസത്തില്‍ ജനറല്‍ ആസ്പത്രിയില്‍ ഒരുക്കിയ നോമ്പ് തുറ കൗണ്ടര്‍ പെരുന്നാള്‍ ദിനത്തിലെ ഭക്ഷണം നല്‍കി സമാപിച്ചു. ഒരു മാസത്തിനിടയില്‍ കൗണ്ടറില്‍ നോമ്പ് തുറ വിഭവങ്ങള്‍ വാങ്ങാനും അത്താഴ ഭക്ഷണത്തിനുമായി എത്തിയത് പതിനായിരത്തില്‍ അധികം ആളുകളാണ്. എല്ലാ ദിവസവും മുന്നൂറില്‍ അധികമാളുകള്‍ നോമ്പ് തുറ ഭക്ഷണത്തിനും നൂറില്‍ അധികം ആളുകള്‍ അത്താഴത്തിനുമായി എത്തിയിരുന്നു. പെരുന്നാള്‍ ദിവസമായ തിങ്കളാഴ്ച ആസ്പത്രിയിലുള്ള രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ അടക്കമുള്ളവര്‍ക്കും ഉച്ചഭക്ഷണം നല്‍കി. സ്‌നേഹ വീട്ടിലെ അന്തേവാസികള്‍ക്കുള്ള ഭക്ഷണവും സി.എച്ച് സെന്റര്‍ എത്തിച്ച് നല്‍കി. പെരുന്നാള്‍ ദിനത്തിലെ ഭക്ഷണ വിതരണത്തിന് കരീം സിറ്റി ഗോള്‍ഡ്, അഷ്‌റഫ് എടനീര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, മാഹിന്‍ കുന്നില്‍, മുസമ്മില്‍, സാബിര്‍ ബെള്ളിപ്പാടി എന്നിവര്‍ നേതൃത്വം നല്‍കി.