നീലേശ്വരം: നീലേശ്വരം താലൂക്ക് പ്രഖ്യാപനം ഇഴയുന്നു. നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന നീണ്ടകാലത്തെ ആവശ്യത്തിന് പ്രതീക്ഷ നല്‍കി ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ഹൊസ്ദുര്‍ഗ് താലൂക്ക് തഹസില്‍ദാര്‍ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടുകയും ഐക്യകണേ്ഠന നീലേശ്വരം താലൂക്ക് യാതാര്‍ഥ്യമാക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. നീലേശ്വരം താലൂക്ക് ഓഫീസിന് ആവശ്യമായ കെട്ടിടം ഉള്‍പ്പെടെ എല്ലാ സൗകര്യവും ചെയ്തു കൊടുക്കാന്‍ തയ്യാറാണെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി.വി ശാന്തയും കലക്ടര്‍ അടക്കമുള്ളവരെ അറിയിച്ചിരുന്നു.
പതിനഞ്ചോളം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്ത യോഗം കഴിഞ്ഞ മാസം രണ്ട് പിന്നിട്ടെങ്കിലും നീലേശ്വരം താലൂക്ക് പ്രഖ്യാപനം ഇഴയുകയാണ്. പുതിയ സിവില്‍ സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ താലൂക്ക് ഓഫീസിനായി പുതിയ നഗരസഭ ഓഫീസോ പഴയ നഗരസഭ ഓഫീസോ താല്‍ക്കാലികമായി ഉപയോഗിക്കാവുന്നതാണെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടിയ തഹസില്‍ദാര്‍ നീലേശ്വരം താലൂക്കിനായി അനുകൂല റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കിയതോടെ എപ്പോള്‍ താലൂക്ക് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് നീലേശ്വരത്തുകാര്‍. ചെറുവത്തൂര്‍, പടന്ന, തൃക്കരിപ്പൂര്‍, പിലിക്കോട്, വലിയപറമ്പ, കയ്യൂര്‍-ചീമേനി, മടിക്കൈ തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളും നീലേശ്വരം നഗരസഭയും ഉള്‍പ്പെടുത്തിയാണ് നീലേശ്വരം താലൂക്ക് രൂപീകരിക്കേണ്ടതെന്നാണ് കലക്ടര്‍ സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ട്.