ദേശീയ ബോള്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ്: ഇരട്ട വെള്ളിത്തിളക്കവുമായി എം.പി ഇന്റര്‍നാഷണല്‍ സ്‌കൂള്‍

By :  Sub Editor
Update: 2025-04-22 11:07 GMT

ഹരിയാനയില്‍ നടന്ന ദേശീയ ബോള്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ റണ്ണര്‍സ് അപ്പായ എം.പി. ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ടീം

പെരിയടുക്ക: ഹരിയാനയിലെ അമ്പാലയില്‍ നടന്ന രണ്ടാമത് ദേശീയ ബോള്‍ ഹോക്കി (ഡെക് ഹോക്കി) ചാമ്പ്യഷിപ്പില്‍ കാസര്‍കോട് എം.പി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി. ഹരിയാന അമ്പാലയിലെ എന്‍.സി.സി സീനിയര്‍ സെക്കണ്ടറി സ്‌കൂളിലാണ് മത്സരങ്ങള്‍ നടന്നത്. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഡല്‍ഹിയും ജൂനിയര്‍ വിഭാഗത്തില്‍ പഞ്ചാബും ചാമ്പ്യന്‍മാരായി. ജൂനിയര്‍ വിഭാഗം ഫൈനല്‍ മത്സരത്തില്‍ മുഴുവന്‍ സമയം അവസാനിച്ചിട്ടും സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ ടൈ ബ്രേക്കറിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. ഇതാദ്യമായാണ് എം.പി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കുട്ടികള്‍ ഒരു ദേശീയ മത്സരത്തില്‍ പങ്കെടുക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തത്. കേരള ടീമിനായി കളിക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്ത എം.പി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും പ്രാപ്തരാക്കിയ ടീം കോച്ച് ആദര്‍ശ് ദേവദാസ്, അധ്യാപകരായ അഹമിദ് ജുബൈര്‍, സഫ്വാന്‍ പാലോത്ത് തുടങ്ങിയവരെയും സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. എം.എ മുഹമ്മദ് ഷാഫി, വൈസ് ചെയര്‍മാന്‍ ഷഹീന്‍ മുഹമ്മദ് ഷാഫി, മാനേജര്‍ ഷംസുദീന്‍ പി.എം, പ്രിന്‍സിപ്പാള്‍ ഡോ: അബ്ദുല്‍ ജലീല്‍ പി, അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് ജാഫര്‍ സാദിഖ് ഷെറൂള്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.


Similar News