എന്റെ കേരളം പ്രദര്‍ശന വിപണന മേള: ശ്രദ്ധ നേടി സെമിനാറുകളും കലാ പരിപാടികളും
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനകീയസൂത്രണം പിന്നിട്ട പടവുകള്‍ എന്ന സെമിനാര്‍ വിജ്ഞാനകേരളം അഡൈ്വസറും മുന്‍ മന്ത്രിയുമായ ഡോ. ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു
കാലിക്കടവ്: ജനകീയമായി വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു സംവിധാനം കേരളത്തില്‍ രൂപപ്പെട്ടു എന്നുള്ളതാണ് അധികാര വികേന്ദ്രീകരണത്തിന്റെ ഏറ്റവും വലിയ നേട്ടമെന്ന് വിജ്ഞാനകേരളം അഡൈ്വസറും മുന്‍ മന്ത്രിയുമായ ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ നാലാം ദിനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനകീയസൂത്രണം പിന്നിട്ട പടവുകള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമസഭ, കുടുംബശ്രീ, വിദ്യാലയ വികസന സമിതി തുടങ്ങി ഇന്ന് ജനപങ്കാളിത്തത്തിന് ഒരുപാട് വേദികള്‍ ഉണ്ട്. ഇതിനെയാണ് ജനാധിപത്യം എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ ഈ ഇടങ്ങളിലല്ലാം ഏതൊരു പൗരനും സധൈര്യം ഇടപെടുമ്പോഴാണ് ജനാധിപത്യം പൂര്‍ണമാകുന്നതെന്നും അതുതന്നെയാണ് നമ്മുടെ ജനകീയ ആസൂത്രണത്തിന്റെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി, ജില്ലാ ആസൂത്രണ സമിതി നോമിനി അഡ്വ. രാമചന്ദ്രന്, നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോഡിനേറ്റര്‍ കെ.ബാലകൃഷ്ണന് തുടങ്ങിയവര്‍ അനുഭവം പങ്കുവെച്ചു. കല്ലറ ഗോപനും സംഘവും അവതരിപ്പിച്ച സംഗീതനിശ നാലാം ദിവസത്തെ സംഗീത സാന്ദ്ര സായാഹ്നമാക്കി മാറ്റി. നീലേശ്വരം നീലാംബരി ഓര്‍ക്കസ്ട്ര അവതരിപ്പിച്ച മധുരഗീതം സംഗീതനിശയാണ് നിറഞ്ഞ സദസിനെ വിസ്മയിപ്പിച്ചത്. കല്ലറ ഗോപന്, റാണി ജോയ് പീറ്റര്‍, മേഘ, അമൃത, സുശാന്ത്, ഹരി, രാജു, നിതിന്‍, ജയരാജ്, ലാലു, ജനാര്ദ്ദനന്, യേശുദാസ്, സെബാസ്റ്റിന്, ജയരാജ് തുടങ്ങിയവരുടെ സംഘമാണ് സംഗീതനിശ നയിച്ചത്. ഇന്ന് രാവിലെ ജനകീയ ആരോഗ്യം എന്ന വിഷയത്തില്‍ ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ നടന്നു. വൈകിട്ട് മൂന്നു മുതല്‍ അഞ്ചുവരെ വ്യവസായ മേഖലയിലെ പുരോഗതി വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ എന്നിവ നടക്കും.
5.30 മുതല്‍ കലാപരിപാടികള്‍ യുവജനക്ഷേമ ബോര്‍ഡ് അവതരിപ്പിക്കുന്ന മാര്‍ഗ്ഗം കളി, ഇഷാ ഗ്രൂപ്പിന്റെ നൃത്തശില്പം, യക്ഷഗാനം, അംഗന്‍വാടി കുട്ടികളുടെ കലാപരിപാടി, സുഭാഷ് അറുകരയും സുരേഷ് പള്ളിപ്പാറയും അവതരിപ്പിക്കുന്ന നാടന്‍ പാട്ട് പാട്ടരങ്ങ്, 8.30 മുതല്‍ കണ്ണൂര്‍ യുവകലാസാഹിതി അവതരിപ്പിക്കുന്ന നാടകം ആയഞ്ചേരി വല്യശ്മാന്‍ എന്നിവ അരങ്ങേറും.