TEMPLE FEST | മധൂര്‍ ക്ഷേത്ര ബ്രഹ്മകലശോത്സവത്തിന് തിരക്കേറി; ആദ്യ ദിനം തന്നെ എത്തിയത് ആയിരങ്ങള്‍

By :  Sub Editor
Update: 2025-03-28 10:28 GMT

മധൂര്‍: മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ നടക്കുന്ന ബ്രഹ്മകലശോത്സവത്തിന് ഭക്തജനത്തിരക്കേറി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും കര്‍ണാടകയില്‍നിന്നുമായി ആയിരങ്ങളാണ് ക്ഷേത്രോത്സവത്തിന്റെ ആദ്യദിവസമായ ഇന്നലെ എത്തിയത്. വൈദിക പരിപാടിയുടെ ഭാഗമായി ക്ഷേത്രം തന്ത്രി, വാസ്തുശില്‍പി എന്നിവരെ ആദരിച്ചു. എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമിയെ പൂര്‍ണകുംഭത്തോടെ സ്വീകരിച്ചു.

ഉച്ചയ്ക്ക് വെള്ളിക്കോത്ത് വിഷ്ണു ഭട്ടും സംഘവും അവതരിപ്പിച്ച ശാസ്ത്രീയ സംഗീതം, എം.എസ്. ഗിരിധറിന്റെയും സംഘത്തിന്റെയും ദാസസങ്കീര്‍ത്തനം എന്നിവ നടന്നു. വൈകിട്ട് സാംസ്‌കാരിക പരിപാടികളും ധാര്‍മ്മിക സഭയുമുണ്ടായി. ഇന്ന് രാവിലെ അരണിയില്‍ അഗ്‌നിമഥനം, സഞ്ജീവനി മഹാമൃത്യുഞ്ജയ യാഗം, ധാരാന്ത ബിംബശുദ്ധി പ്രക്രിയ, ധാമമാണില മോഹന്‍ ദാസ് പരമഹംസ സ്വാമിക്ക് പൂര്‍ണകുംഭ സ്വാഗതം തുടങ്ങിയവ നടന്നു. ഉച്ചക്ക് ഒരുമണിക്ക് ബള്ളപ്പദവ് യോഗീഷ് ശര്‍മ്മയും സംഘവും അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന, വൈകിട്ട് 4ന്‌സുബ്രഹ്മണ്യമഠ വിദ്യാപ്രസന്ന തീര്‍ത്ഥ സ്വാമിക്ക് പൂര്‍ണകുംഭസ്വീകരണം, 4.30ന് ധാര്‍മികസഭ, മുഖ്യപ്രഭാഷണം പഞ്ച ഭാസ്‌കരഭട്ട്, വൈകിട്ട് 7.30ന് ചലച്ചിത്രനടി നവ്യാ നായരുടെ നൃത്തപരിപാടി, 9 നാട്യമണ്ഡപം സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സിന്റെ നാട്യാര്‍ച്ചനം എന്നിവയുണ്ടാകും. ഉളിയത്തടുക്കയിലെ മൂലസ്ഥാനത്ത് മദറു മഹാമാത മൊഗേറസമാജം നിര്‍മ്മിച്ച മഹാദ്വാര ഗോപുരം എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമി ഉദ്ഘാടനം ചെയ്തു.

Similar News