ഗോവിന്ദ പൈ ജന്മദിനാഘോഷവും അവാര്‍ഡ് സമര്‍പ്പണവും നടത്തി

By :  Sub Editor
Update: 2025-03-25 09:59 GMT

രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദ പൈയുടെ 142-ാം ജയന്തി ആഘോഷം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു

മഞ്ചേശ്വരം: രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദ പൈയുടെ 142-ാം ജയന്തി ആഘോഷം സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ ഗിളിവിണ്ടുവില്‍ കൊണ്ടാടി.

മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ട് ജീന്‍ ലൊവിനൊ മൊന്തേരൊയുടെ അധ്യക്ഷതയില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. രാജ്യം ഉള്ളിടത്തോളം സ്മരിക്കപ്പെടേണ്ട കവിയും ബഹുഭാഷാപണ്ഡിതനും ഗവേഷകനുമാണ് ഗോവിന്ദ പൈയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ബഹുഭാഷാ സംസ്‌കൃതിയും മതേതരത്വവും പഠിക്കാന്‍ ഗോവിന്ദ പൈയുടെ കൃതികള്‍ വായിക്കണമെന്നും കുഞ്ഞമ്പു പറഞ്ഞു. കര്‍ണാടക സര്‍ക്കാരുമായി സഹകരിച്ച് ഗിളിവിണ്ടുവിന്റെ വിപുലീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുവരികയാണെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു. കവി ഡോ. രമാനന്ദ ബനാരി മുഖ്യാതിഥിയായിരുന്നു. ഗോവിന്ദ പൈ സ്മാരക അവാര്‍ഡ് വിവര്‍ത്തകന്‍ കെ.വി.കുമാരന്‍ മാസ്റ്റര്‍ക്ക് എം.എല്‍.എ. സമ്മാനിച്ചു. ഗോവിന്ദ പൈയെ കുറിച്ചുള്ള പുസ്തകമായ സുരഭിയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. സ്മാരക സമിതി സെക്രട്ടറി ഉമേഷ് എം. സാലിയാന്‍ സ്വാഗതം പറഞ്ഞു. കേരള തുളു അക്കാദമി ചെയര്‍മാന്‍ കെ.ആര്‍. ജയാനന്ദ, സതീഷ് അഡപ്പ സങ്കബൈലു, ഡോ. ജയപ്രകാശ് നാരായണ തൊട്ടത്തൊടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാലകൃഷ്ണ മാസ്റ്റര്‍ നന്ദി പറഞ്ഞു.

കുടുംബശ്രീ പ്രവര്‍ത്തകരായ ഡി. സ്മൃതി, ദീപ്തി വിപിന്‍, സവിത സുരേഷ് എന്നിവര്‍ നൃത്തം അവതരിപ്പിച്ചു. കൊട്‌ലമൊഗറു എസ്.വി.വി. എച്ച്.എസ്.എസ്. വിദ്യാര്‍ത്ഥിനികള്‍ ഗാനങ്ങള്‍ ആലപിച്ചു.

നൂതന്‍ ചക്രവര്‍ത്തി ഗോവിന്ദ പൈയുടെ ഛായാചിത്രം വരച്ചു. ബഹുഭാഷാ കവിയരങ്ങില്‍ രവീന്ദ്രന്‍ പാടി അധ്യക്ഷത വഹിച്ചു. ജയശ്രീ ഷേണായ്, സുന്ദറ ബാറഡുക്ക, സുഭാഷ് പെര്‍ള, ജ്യോത്സ്‌ന കടന്തേലു, നിര്‍മല ശേഷപ്പ, വനജാക്ഷി ചെമ്പ്രക്കാന, കുശാലാക്ഷി കുലാല്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. വനിത ആര്‍. ഷെട്ടി, ആശാ ദിലീപ്, ഡി. കമലാക്ഷ, കരുണാകര ഷെട്ടി, കമലാക്ഷ കനില, എസ്. വാസുദേവ എന്നിവര്‍ നേതൃത്വം നല്‍കി.


Similar News