EID UL FITER | വ്രതമെടുത്ത വിശുദ്ധിയുമായി വിശ്വാസികള്‍ ആഹ്ലാദത്തോടെ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു
തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഖുത്തുബ നിര്‍വഹിക്കുന്നു
കാസര്‍കോട്: ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം അല്ലാഹുവിനെ പ്രകീര്‍ത്തിച്ച് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. റമദാന്‍ 29ന് രാത്രി ശവ്വാല്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച പെരുന്നാളായി ഖാസിമാര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഞായഴാഴ്ച സന്ധ്യക്ക് മഗരിബ് നിസ്‌കാരം കഴിഞ്ഞയുടനെ ഈദുല്‍ ഫിത്വറിന്റെ വരവറയിച്ച് പള്ളികളില്‍ നിന്ന് തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. കൊടും വേനലിലും അല്ലാഹുവിനോടുള്ള അചഞ്ചലമായ പ്രീതിയില്‍ ഒരു മാസം മുഴുവനും നോമ്പെടുത്ത ആത്മ നിര്‍വൃതിയോടെയാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേറ്റത്. ഞായറാഴ്ച രാത്രി നേരം പുലരും വരെ നഗരത്തില്‍ തിരക്ക് അനുഭവപ്പെട്ടു. തിങ്കളാഴ്ച രാവിലെ വിശ്വാസികള്‍ പുത്തന്‍ ഉടുപ്പണിഞ്ഞ്, സുഗന്ധം പൂശി പെരുന്നാള്‍ നിസ്‌കാരത്തിനായി പള്ളികളിലേക്കും ഈദ് ഗാഹുകളിലേക്കും നീങ്ങി. ഒട്ടുമിക്ക പള്ളികളിലും ലഹരി വിരുദ്ധ പ്രഖ്യാപനങ്ങളും സന്ദേശങ്ങളും ഉയര്‍ന്നുകേട്ടു. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പെരുന്നാള്‍ നിസ്‌കാരത്തിനും ഖുത്തുബക്കും നേതൃത്വം നല്‍കി. കൊമ്പനടുക്കം അന്‍സാറുല്‍ ഇസ്ലാം ജുമാ മസ്ജിദില്‍ ഖത്തീബ് ഷറഫുദ്ദീന്‍ മൗലവി മഞ്ചേരിയും ചെമ്മനാട് ജുമാ മസ്ജിദില്‍ ഹാഫിസ് യൂസുഫ് ഖാസിമി അല്‍ കൗസരി തളിപറമ്പ്, കാസര്‍കോട് ഹസനത്തുല്‍ ജാരിയാ ജുമാ മസ്ജിദില്‍ ഖത്തീബ് അത്തീഖ് റഹ്മാന്‍ അല്‍ ഫൈദിയും പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി ഖുതുബ നിര്‍വഹിച്ചു. പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം പരസ്പരം ആശ്ലേഷിച്ച് സ്‌നേഹം പങ്കിട്ട വിശ്വാസികള്‍ ബന്ധുഗൃഹങ്ങള്‍ സന്ദര്‍ശിച്ച് കുടുംബബന്ധവും ഊട്ടിയുറപ്പിച്ചു.
പരവനടുക്കം ആലിയ ഈദ് ഗാഹില്‍ ആലിയ അറബിക്ക് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ കെ.പി. ഖലീലു റഹ്മാന്‍ നദ്വി പെരുന്നാള്‍ ഖുതുബ നിര്‍വഹിച്ചു സംസാരിക്കുന്നു
കാസര്‍കോട് വിസ്ഡം സെന്ററിന് സമീപം സംഘടിപ്പിച്ച ഈദ്ഗാഹില്‍ റഫീഖ് മൗലവി പെരുന്നാള്‍ ഖുതുബ നിര്‍വ്വഹിക്കുന്നു