മലബാര്‍ മിറാസി

Update: 2025-03-15 10:32 GMT

 ചേരമാന്‍ പള്ളിക്കരികില്‍ റീജെന്‍ കൂട്ടായ്മ


റീജെന്‍ എന്ന ഞങ്ങടെ കൂട്ടായ്മയുടെ വൈകുന്നേരത്തെ സ്ഥിരം യാത്ര ചര്‍ച്ചകള്‍ക്കിടയിലാണ് നോമ്പ് കാലത്ത് 
ഒരു യാത്ര നടത്തിയാലോ എന്ന ചിന്തയുണ്ടാവുന്നത്. അങ്ങനെയാണ് തളങ്കര മാലിക് ദിനാര്‍ പള്ളി മുതല്‍
കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് വരെ, അതിനിടയിലുള്ള ചരിത്ര പാശ്ചാത്തലമുള്ള പള്ളികളിലൂടെ
ഒരു യാത്ര ആയാലോ എന്ന തീരുമാനത്തില്‍ എത്തുന്നത്. ആ യാത്രക്ക് ഞങ്ങള്‍ ഒരു പേരുമിട്ടു 'മലബാര്‍ മിറാസി';
മിറാസി എന്നാല്‍ പൈതൃകം എന്നാണ് അര്‍ത്ഥം. ചാറ്റ് ജി.പി.റ്റിയാണ് പേര് നിര്‍ദ്ദേശിച്ചത്. ചര്‍ച്ചകള്‍ക്കൊടുവില്‍
തളങ്കര മുതല്‍ കൊടുങ്ങല്ലൂര്‍ എന്നത് യാത്ര സൗകര്യത്തിനായി തിരിച്ചിട്ടു. ആദ്യത്തെ ഡെസ്റ്റിനേഷന്‍
ഇന്ത്യയിലെ ആദ്യത്തെ ജുമാ മസ്ജിദായ ചേരമാന്‍ പള്ളിയാക്കി. അവിട നിന്ന് തിരിച്ച് കാസര്‍കോട് വരെയുള്ള
യാത്ര, പൗരാണിക ഭാവത്തോടെ ചരിത്രം പറഞ്ഞ് തലയുയര്‍ത്തി നില്‍ക്കുന്ന പള്ളികളിലൂടെ.



പൗരാണികത തിരിച്ച് പിടിച്ച് ചേരമാന്‍ പള്ളി

ചേരവംശത്തിലെ ചേരമാന്‍ പെരുമാള്‍ രാജാവ് പ്രവാചക കാലത്ത് മക്കയില്‍ പോയി ഇസ്ലാം സ്വീകരിച്ച് തിരിച്ചുവരുമ്പോള്‍ അസുഖം ബാധിച്ച് മരണപ്പെട്ടു എന്നാണ് ചരിത്രം. അസുഖബാധിധനായ സമയത്ത് അദ്ദേഹം മാലിക് ദീനാറിന്റെ കയ്യില്‍ കൊടുങ്ങല്ലൂരിലെ പിന്‍ഗാമിക്ക് ഒരു എഴുത്ത് കൊടുത്തു. അത് പ്രകാരമാണ് ഈ പള്ളി നിര്‍മ്മിക്കപ്പെടുന്നത്. ഇന്ത്യയിലെ ആദ്യത്തെ പള്ളി, അതിനപ്പുറം തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ തന്നെ ആദ്യപള്ളിയായി പരിഗണിക്കപ്പെടുന്ന മസ്ജിദ്. കാലക്രമത്തില്‍ പുതിക്കി പണിയലുകള്‍ക്കിടയില്‍ ഇതിന്റെ പൗരാണിക ഭാവം നഷ്ടപ്പെട്ടിരുന്നു. ഇന്നിപ്പോള്‍ ഇത് 1974ന് മുമ്പ് ഉണ്ടായിരുന്ന പഴയ രൂപത്തിലേക്ക് പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാറിന്റെയും ജനങ്ങളുടെയും സഹായത്തോടെ വളരെയധികം അവതാനതയോടെയാണ് ഈ ശ്രമം നടത്തിയിരിക്കുന്നത്. പള്ളിയുടെ വലിപ്പം വര്‍ധിപ്പിക്കാനായി അണ്ടര്‍ ഗ്രൗണ്ടിലാണ് നിസ്‌കാരത്തിനുള്ള വിശാലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്. ഭൂമിക്ക് മുകളിലുള്ള പഴയഭാഗം ശ്രദ്ധയോടെ, പഴമയോടെ പുനര്‍സൃഷ്ടിച്ചിരിക്കുന്നു.



ജിന്നുകള്‍ വസിക്കുന്ന പൊന്നാനി പള്ളി

ചേരമാന്‍ പള്ളിയില്‍ നിന്ന് ലഭിക്കാത്ത പൗരാണികതയുടെ ഒരു മണം പൊന്നാനി വലിയ ജമാഅത്ത് പള്ളിയിലുണ്ട്. അതിനപ്പുറത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഖ്ബറകള്‍, മീസാന്‍ കല്ലുകള്‍, ജാറങ്ങള്‍, തലമുറകളുടെ സാക്ഷിയായി നൂറ്റാണ്ട് പിന്നിട്ട വീടുകള്‍... ഒരു ഭക്തിമയം ചുറ്റും നിലനില്‍ക്കുന്നുണ്ട്. പള്ളിക്ക് മാത്രമല്ല പൊന്നാനിയെന്ന പൗരാണിക ദേശവും പൈതൃകങ്ങളുടെ അവശേഷിപ്പുകള്‍ ഒരുപാട് ബാക്കി വെച്ചിട്ടുണ്ട്. മഖ്ദൂമൂമാര്‍ നടന്ന വഴികള്‍, പോരാട്ടത്തിന്റെ കേന്ദ്രങ്ങളായിരുന്ന ഇടങ്ങള്‍, ചരിത്രവും ഐതിഹ്യവും ചേര്‍ന്ന കഥകള്‍, കേരളത്തിലെ ഏറ്റവും പുരാതനമായ പള്ളി ദര്‍സും ഇവിടെ തന്നെയാണ്. അവിടത്തെ ഒരു വിദ്യാര്‍ത്ഥി പള്ളിയുടെ ഓരോ നിലയും ഞങ്ങള്‍ക്ക് കാണിച്ചുതന്നു. മഖ്ദൂമുമാര്‍ ജിന്നുകള്‍ക്ക് ദര്‍സ് നടത്തിയിരുന്ന സ്ഥലങ്ങള്‍, ജിന്നുകള്‍ ഭിത്തിയില്‍ കോറിയിട്ട അവരുടെ ലിപി, മഖ്ദൂമിന്റെ കാല്‍പാടുകള്‍, അങ്ങനെ കുറെ കാര്യങ്ങള്‍.


മമ്പുറപ്പൂ മഖാമിലെ...

അത്ര പൗരാണികമല്ലെങ്കിലും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മമ്പുറം സയ്യിദ് അലവി തങ്ങളുടെ ഖബറിടമാണ് മമ്പുറം മഖാമിനെയും പള്ളിയെയും കേരളത്തിലെ പ്രധാന ആത്മീയ കേന്ദ്രമാക്കി മാറ്റുന്നത്. സയ്യിദ് അലവി തങ്ങള്‍ക്ക് ശേഷം ഇവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെ ബ്രിട്ടീഷുകാര്‍ നാടുകടത്തുകയാണ് ചെയ്തത്. പിന്നീട് അദ്ദേഹം ഇസ്താമ്പുളില്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ മന്ത്രിസഭയില്‍ അംഗമൊക്കെയായി. ഇസ്താമ്പുളില്‍ വെച്ചാണ് മരണപ്പെട്ടത്. പഴയ രീതിയില്‍ പുതുക്കിപ്പണിത മഖാം, അതിനോട് ചേര്‍ന്നുള്ള പള്ളി, സ്ഥാപനങ്ങള്‍. ഒരു ചരിത്രപ്രദേശത്തെ സംരക്ഷിക്കേണ്ട രീതിയില്‍ മമ്പുറം മഖാമും പരിസരവും പരിചരിക്കപ്പെടുന്നില്ല എന്ന് വേണമെങ്കില്‍ പറയാം.



കക്കുളങ്ങരയിലെ മിനാരം

കേരളത്തിലെ ഏറ്റവും പഴക്കംചെന്ന മിനാരം വളപട്ടണം കക്കുളങ്ങര പള്ളിയിലാണ്. ഓടത്തില്‍ പള്ളിയിലെ തറാവീഹ് നിസ്‌കാരം കഴിഞ്ഞ് രാത്രിയാണ് വളപട്ടണം കക്കുളങ്ങര പള്ളിയിലെത്തുന്നത്. പുരാതനവും പേടിപ്പെടുത്തുന്നതുമായ പള്ളിയും പരിസരവും. ഇബ്നു ബത്തൂത്തയുടെ കുറിപ്പുകളില്‍ ഇടം നേടിയ പള്ളിയാണിത്. അതിപുരാതനം എന്ന് തോന്നിപ്പിക്കുന്ന ഒരു ദര്‍ഗയും കുളവും കൂടിയുണ്ട് പള്ളിക്ക്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചില നവീകരണ പ്രവൃത്തികള്‍ ഇപ്പോള്‍ ഇവിടെ നടന്നുവരുന്നുണ്ട്. ചരിത്രവും സൗന്ദര്യവും നിറഞ്ഞുനില്‍ക്കുന്ന ഈ പള്ളികള്‍ക്ക് പുറമെ ഏറ്റവും പുതിയ പള്ളികളില്‍ ശ്രദ്ധേയമായ മര്‍ക്കസ് നോളജ് സിറ്റി, പാണക്കാട് കൊടപ്പനക്കല്‍ തറവാട്, ഇരിങ്ങല്‍ സര്‍ഗലയ, കൊണ്ടോട്ടിയിലെ ചില ചരിത്ര സ്മാരകങ്ങള്‍, കണ്ണൂര്‍ സിറ്റിയിലെ അത്താഴപ്പുര അടക്കമുള്ള കേന്ദ്രങ്ങളും ഞങ്ങളുടെ രണ്ടുനാള്‍ നീണ്ട ഈ യാത്രയുടെ ഭാഗമായി. തിങ്കളാഴ്ച പുലര്‍ച്ചയോടെ യാത്ര അവസാനിക്കുമ്പോള്‍ തളങ്കര മാലിക് ദിനാര്‍ പള്ളിയുടെ മിനാരങ്ങളില്‍ നിന്ന് സുബ്ഹി ബാങ്കൊലി കേള്‍ക്കാമായിരുന്നു. കൂടെ പിന്നിട്ട പള്ളികളുടെയെല്ലാം മിനാരങ്ങളില്‍ അത് പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍...



പോര്‍ച്ചുഗീസുകാര്‍ തീയിട്ട മിഷ്‌കാല്‍ പള്ളി

ഒരുകാലത്ത് കോഴിക്കോട് ലോകത്ത് അറിയപ്പെടുന്ന കച്ചവട കേന്ദ്രമായിരുന്നു. ആ സമയത്ത് 40 കപ്പലുകളുടെ ഉടമയായിരുന്നു യമനി വ്യാപാരി നഖുദ മിഷ്‌കാല്‍ സാമൂതിരി നല്‍കിയ സ്ഥലത്ത് നിര്‍മ്മിച്ച പള്ളിയാണ് മിഷ്‌കാല്‍ പള്ളി. 1340ലാണ് ഇത് നിര്‍മ്മിച്ചത്.1510ല്‍ പോര്‍ച്ചുഗീസുകാരുമായുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി പോര്‍ച്ചുഗീസുകാര്‍ പള്ളിക്ക് തീയിട്ടു. അതിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും കാണാം. പിന്നീട് നായന്മാരും മുസ്ലിംകളും ഒന്നിച്ച് പൊരുതി പോര്‍ച്ചുഗീസുകാരെ തുരുത്തി. ചാലിയം കോട്ട പിടിച്ചെടുത്തതിന് ശേഷം പള്ളി പുതുക്കി പണിതു. ഇന്നും നഖുദ മിഷ്‌കാല്‍ കോഴിക്കോടിന്റെ ഹൃദയഭാഗത്ത് നിര്‍മ്മിച്ച പള്ളി ഇവിടത്തെ വിശ്വാസികളുടെ പ്രധാന പ്രാര്‍ത്ഥനാ കേന്ദ്രമാണ്.


നാദാപുരം പള്ളിയിലെ ചന്ദനക്കുടം...

നാദാപുരം പള്ളിയിലെത്തിയ ഉടനെ അവിടെ കണ്ട പള്ളി മുഅദ്ദിനോട് പാട്ടിലൂടെ കേട്ട ചന്ദനക്കുടം എവിടെയാണെന്നാണ് അന്വേഷിച്ചത്. അങ്ങനെയൊരു ചന്ദനക്കുടം ഇല്ലെന്നും അതൊരു കാവ്യസൃഷ്ടി മാത്രമാണെന്നും മനസ്സിലായി. പൗരാണിക ഭാവത്തോടെ ഉയരമുള്ള ഒരു പ്രദേശത്ത് തലയുയര്‍ത്തി നില്‍ക്കുന്ന പള്ളിയാണ് നാദാപുരം പള്ളി. 400 വര്‍ഷത്തിലധികം പഴക്കമുണ്ട്. പാരമ്പര്യവും പൗരാണികതയും അതേപോലെ സംരക്ഷിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. അതിന്റെ ഭാഗമായി മൈക്ക് പോലും ഈ പള്ളിയില്‍ ഉപയോഗിക്കുന്നില്ല.


കുഞ്ഞാലി മരക്കാര്‍ പള്ളി

വടകര ഇരിങ്ങല്‍ കുഞ്ഞാലി മരക്കാര്‍ സ്മാരകത്തിനും മ്യൂസിയത്തിനും തൊട്ടടുത്തായാണ് കുഞ്ഞാലി മരക്കാര്‍ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. കാസര്‍കോട് മാലിക് ദിനാര്‍ പള്ളി, പൊന്നാനിയിലെ പഴയ പള്ളികളുടെയൊക്കെ ഒരു ചെറിയ മാതൃക എന്ന് പറയാം. പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള കുഞ്ഞാലി മരക്കാരുമാരുടെ ചെറുത്തുനില്‍പ്പിന്റെ പ്രതീകമെന്നോണം തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ പള്ളി.


കേയിമാര്‍ നിര്‍മ്മിച്ച ഓടത്തില്‍ പള്ളി

തലശ്ശേരിയില്‍ ഡച്ചുകാരുടെ കരിമ്പിന്‍ തോട്ടത്തില്‍ തലശേരിയിലെ കേയി കുടുംബത്തിലെ മൂസകാക്ക ബ്രിട്ടീഷുകാരില്‍ നിന്ന് സ്ഥലം വാങ്ങിച്ച് നിര്‍മ്മിച്ച പള്ളി. പള്ളിയുടെ മേല്‍ക്കൂരയുടെ കിരീടം സ്വര്‍ണ്ണം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. വളരെ വിശാലമായതും ഉയരം കൂടിയതുമായ അകത്തളമാണ് ഈ പള്ളിയുടെ പ്രതേകതകളിലൊന്ന് ഒരു തറാവീഹ് നിസ്‌ക്കാരത്തിനാണ് ഞങ്ങള്‍ ഇവിടെ എത്തിച്ചേര്‍ന്നത്.




 



Similar News