ശ്വാസകോശം സ്‌പോഞ്ച് പോലെ എന്ന വാക്ക് നമുക്ക് സുപരിചിതമാണല്ലോ? കേരളത്തിലെ എല്ലാ സിനിമാതിയേറ്ററുകളിലും പുകവലിക്ക് എതിരെയുള്ള ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് പരസ്യം തുടങ്ങുന്നത് അങ്ങനെയായിരുന്നു. പ്രസ്തുത പരസ്യത്തിന് ശബ്ദം നല്‍കിയ ഗോപിനാഥന്‍ എന്ന ഗോപന്‍ ഇന്ന് നമ്മോടൊപ്പമില്ല. ശ്വാസകോശം സ്‌പോഞ്ച് പോലെ തന്നെയാണ്. അന്തരീക്ഷവായു ശരീരത്തിലേക്ക് അരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ശ്വാസോഛ്വാസം നടക്കുമ്പോള്‍ വീര്‍ക്കുകയും സങ്കോചിക്കുകയും ചെയ്യുന്നു. ഇതിന് തടസ്സം വരുമ്പോഴാണ് രോഗാതുരമാവുന്നത്.
ജനനം മുതല്‍ മരണം വരെ പ്രകൃതിയുമായി അല്ലെങ്കില്‍ അന്തരീക്ഷവുമായി നേരിട്ടു ബന്ധപ്പെട്ടു കിടക്കുന്ന ഒരേയൊരു ആന്തരിക അവയവമാണ് ശ്വാസകോശം. അതുകൊണ്ട് അന്തരീക്ഷത്തിലുണ്ടാകുന്ന ഏത് ചെറിയ മാറ്റവും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാവാം. അന്തരീക്ഷത്തില്‍ പുകയും വിഷവാതകങ്ങളും രാസപദാര്‍ത്ഥങ്ങളും കലരുന്നതുമൂലം ഉണ്ടാകുന്ന അവസ്ഥയാണല്ലോ അന്തരീക്ഷമലിനീകരണം. ഇങ്ങനെ മലീമസമായ അന്തരീക്ഷവായു ശ്വസിക്കുമ്പോള്‍ ശ്വാസകോശങ്ങളിലെത്തുന്നു. പിന്നീട് രോഗഹേതുവാകുകയും ചെയ്യുന്നു. ഭൂമിയുടെ ഉപരിതലത്തിന് ഏറ്റവും അടുത്തു കിടക്കുന്ന ട്രോപ്പോസ്ഫിയറില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നു. ജനിമലിനീകരണ വസ്തുക്കള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം: ഇതൊരു വലിയ വിഷയമാണ്. ചുരുക്കി പറയാം.
1) പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ കണികാ ദ്രവ്യം- ഖരവും ദ്രാവകവും ചേര്‍ന്ന വളരെ ചെറിയ കണികകള്‍ വായുവില്‍ തങ്ങിനില്‍ക്കും. അവയില്‍ 10 മൈക്രോയില്‍ താഴെയുള്ളവ ശ്വാസകോശ അറകളിലേക്ക് ആഴത്തില്‍ ചെന്നെത്തും. അങ്ങനെ രോഗങ്ങളുണ്ടാകാം.
ആരോഗ്യത്തെ എങ്ങനെ ബാധിക്കും: കണികാ ദ്രവ്യത്തിന്റെ സൈസനുസരിച്ചാണ് രോഗം വരുത്തുന്നത്. പത്ത് മൈക്രോ മീറ്ററില്‍ കൂടുതലുള്ളവ ചര്‍മ്മത്തിലും കണ്ണുകളിലും അലര്‍ജിയുണ്ടാക്കും. വിട്ടുമാറാത്ത ജലദോഷവും തുമ്മലും തീവ്രമായ സൈനു സൈറ്റിസുമുണ്ടാക്കാം. പത്ത് മൈക്രോയില്‍ താഴെയുള്ളവ ശ്വാസകോശങ്ങളില്‍ ചെന്നെത്തുന്നു. ശ്വാസകോശ രോഗങ്ങളായ ആസ്തമ, സി.ഒ.പി.ഡി തുടങ്ങിയ രോഗങ്ങളുടെ തീവ്രതകൂട്ടും. ശ്വാസകോശ അലര്‍ജിയും ബ്രോന്‍ കൈറ്റിസ്-അതായത് ശ്വാസംമുട്ടല്‍, വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, ഇടക്കിടെയുള്ള അണുബാധ എന്നിവ ഉണ്ടാക്കും. കൂടാതെ ഹൃദ്രോഗ സാധ്യതയ്ക്കും ശ്വാസകോശാര്‍ബുദത്തിനും കാരണമാവാം. 2019ല്‍ ആഗോളതലത്തില്‍ ഏകദേശം രണ്ടര ലക്ഷത്തോളം ശ്വാസകോശ അര്‍ബുദ മരണങ്ങള്‍ക്ക് കാരണം വായുവില്‍ തങ്ങിനില്‍ക്കുന്ന സൂക്ഷ്മ കണിക പദാര്‍ത്ഥമായ PM 2.5ന്റെ സമ്പര്‍ക്കം മൂലമാണ്. കാര്‍ എക്സ്ഹോസ്റ്റുകള്‍ പോലുള്ള 2.5 മൈക്രോയില്‍ താഴെയുള്ള കണികാ ദ്രവ്യത്തിന്റെ സമ്പര്‍ക്കം ശ്വാസകോശ കോശങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന ഓന്‍കോ ജീനുകള്‍ സജീവമാക്കുന്നു. ഇത് അവയെ കാന്‍സറാക്കി മാറ്റുന്നു. റാഡണ്‍ ഉള്‍പ്പെടെയുള്ള ഇന്‍ഡോര്‍ വായുമലിനീകരണവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് 1,70,000 ശ്വാസകോശ അര്‍ബുദ മരണങ്ങള്‍ക്ക് കാരണമായി. N-O 2ഉം കറുത്ത കാര്‍ബണും സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ ശ്വാസകോശ അര്‍ബുദം കൂടുതലായി കണ്ടു. വായു മലിനീകരണത്തിന്റെ ഏറ്റവും വലിയ കാരണം ഫോസില്‍ (കല്‍ക്കരി മുതലായവ) ഇന്ധന ജ്വലനമാണ് പ്രധാനമായും കാറുകളുടെ ഉല്‍പ്പാദനവും ഉപയോഗവും വൈദ്യുതി ഉല്‍പ്പാദനവും ചൂടാക്കലും. ഉയര്‍ന്ന മലിനീകരണമുള്ള പവര്‍ സ്റ്റേഷനുകളും വാഹനങ്ങളുടെ എക്സ്ഹോസ്റ്റുകളും പുറത്തുവിടുന്ന മലിനീകരണം മൂലം ലോകമെമ്പാടും പ്രതിവര്‍ഷം 4.5 ദശലക്ഷം അകാല മരണങ്ങള്‍ സംഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു. സൈസ് 0.1 മൈക്രോഗ്രാമിലും ചെറിയ കണികകള്‍ ശ്വാസകോശങ്ങളില്‍ നിന്നും രക്തധമനികളില്‍ കയറി മസ്തിഷ്‌ക രോഗങ്ങളും പക്ഷാഘാതവും ഉണ്ടാക്കാം.
2) നൈട്രജന്‍ ഡൈ ഓക്‌സൈഡ് (N-O2) ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാക്കും. ഇത് മുമ്പെയുള്ള ആസ്തമയുടെയും സി.ഒ.പി.ടിയുടെയും രോഗ തീവ്രതകൂട്ടി ജീവിതനിലവാരം മോശമാക്കും.
3) ഓസോണ്‍ (03) അന്തരീക്ഷത്തിലെ താഴെ നിലകളിലുള്ള ഓസോണ്‍ ശ്വാസകോശത്തിന് iritation ഉണ്ടാകുകയും ഇന്‍ഫക്ഷന് സാധ്യത കൂട്ടുകയും ചെയ്യുന്നു. ഇതും ശ്വാസകോശ രോഗികളുടെ രോഗതീവ്രത കൂട്ടുന്നു.
4. Volatile organic compounds (Vocs) ഇതും ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാക്കുന്നു. മൊത്തത്തില്‍ അന്തരീക്ഷ മലിനീകരണം ശ്വാസകോശത്തിന് ഉടവുണ്ടാക്കും.
ആസ്തമ ഇീുറ തുടങ്ങിയ അസുഖങ്ങളും ശ്വാസകോശത്തിന് പര്‍മനന്റ് ഡാമേജും ഉണ്ടാക്കും. കൂടാതെ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെയും ബാധിക്കും. പ്രസവാനന്തരം ഇത്തരം കുട്ടികളില്‍ ശ്വാസകോശ രോഗങ്ങള്‍ക്ക് സാധ്യത കൂടുതലുമായിരിക്കും. വായുമലിനീകരണം മൂലമുള്ള ശ്വാസകോശ രോഗ സാധ്യത ഏറ്റവും കൂടുതലുള്ളത് ശിശുക്കള്‍ക്കും കുട്ടികള്‍ക്കും. അവരുടെ സാധാരണ ശ്വസനം മുതിര്‍ന്ന കുട്ടികളെയും മുതിര്‍ന്നവരെയും അപേക്ഷിച്ച് വേഗത്തിലായിരിക്കും. പ്രായമായവര്‍, പുറത്ത് ജോലി ചെയ്യുന്നവര്‍ അല്ലെങ്കില്‍ പുറത്ത് കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍, ഹൃദ്രോഗമോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ളവര്‍ എന്നിവര്‍ക്ക്ശ്വാസകോശ രോഗങ്ങള്‍ വരാം. വയസ്സു കൂടുംതോറും ശ്വാസകോശത്തിന്റെ കപാസിറ്റി കുറഞ്ഞുവരും. മലിനമായ അന്തരീക്ഷ വായു ശ്വസിക്കുക വഴി പ്രായമായവരില്‍ വേഗത്തില്‍ രോഗം പിടിപെടാം. പിന്നീടുള്ളത് നേരത്തെ തന്നെ ശ്വാസകോശ രോഗവും ഹൃദ്രോഗവും ഉള്ളവര്‍. വായുമലിനീകരണം കൊണ്ട് അവരുടെ രോഗങ്ങള്‍ മൂര്‍ച്ഛിക്കാം. യു.എസ് ആസ്ഥാനമായ ഹെല്‍ത്ത് ഇഫക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കനുസരിച്ച് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യരുടെ മരണത്തിന് കാരണമാകുന്നതില്‍ അന്തരീക്ഷമലിനീകരണത്തിന് രണ്ടാം സ്ഥാനമാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലും ചൈനയിലുമാണ്. 2021ല്‍ ഇന്ത്യയില്‍ മരിച്ചത് 21 ലക്ഷം പേരാണ്. ലോകത്താകമാനം മരിച്ചത് ഏഴുലക്ഷം കുട്ടികളുമാണ്. വരും കാലങ്ങളില്‍ അന്തരീക്ഷമലിനീകരണം തടയാനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കിയില്ലെങ്കില്‍ കാലക്രമേണ രോഗാതുരരായ മനുഷ്യവംശമായിരിക്കും ഭൂമിയിലുണ്ടാവുക. Dum Spiro Spero (ഡും സ്പിറൊ സ്‌പെറൊ) എന്ന് ഒരു ലാറ്റിന്‍ ചൊല്ലുണ്ട്. while i breath i hope-ഞാന്‍ ശ്വസിക്കുമ്പോള്‍ ഞാന്‍ പ്രതീക്ഷിക്കുന്നു. മലിനമായ വായു ശ്വസിക്കുമ്പോള്‍ നമുക്ക് എന്ത് പ്രതീക്ഷകളാണുണ്ടാവുക?