വിദ്യാഭ്യാസ-ആരോഗ്യ-പൊതുമരാമത്ത് വകുപ്പുകളിലൊക്കെ അഴിമതിയും കെടുകാര്യസ്ഥതയും കൊടി കുത്തിവാഴുമ്പോള്‍ യുവജന പ്രസ്ഥാനങ്ങളുടെ അനങ്ങാപ്പാറ നയം കേരളത്തിനെ ഏറെ പിന്നോട്ട് നയിക്കുമെന്ന് പറയേണ്ടതില്ല.
ക്ഷുഭിത യൗവനം വെന്റിലേറ്ററിലോ, അതോ വാര്‍ധക്യത്തിലോ, അതല്ല ഉറക്കത്തിലാണോ എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ പോലും പറ്റാത്ത രൂപത്തില്‍ നിര്‍ജ്ജീവമാണ് കേരളത്തിലെ യുവജന പ്രസ്ഥാനങ്ങള്‍.
നവകേരള വികസനത്തിന് യുവാക്കള്‍ നല്‍കിയ പങ്ക് വിസ്മരിക്കാവതല്ല. കാരണം യുവജന പ്രക്ഷോഭങ്ങള്‍ കൊണ്ടാണ് കേരളം ഇന്ത്യയിലെ മറ്റിതര സംസ്ഥാനങ്ങളെക്കാളും ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലടക്കം 'നമ്പര്‍ വണ്‍' ആയി മാറാന്‍ സാധിച്ചത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്ന മരം ഏതാണ് എന്ന് ചോദിച്ചപ്പോള്‍ സ'മരം' ആണ് എന്ന് ഉത്തരം പറയാന്‍ മിമിക്രിക്കാരന് പ്രചോദനം നല്‍കിയതും കേരളത്തിലെ യുവജന പ്രസ്ഥാനങ്ങളുടെ സമരവീര്യമാണ്. വ്യവസായവും നിക്ഷേപവും കേരളത്തില്‍ വരാതിരിക്കാന്‍ കാരണം പോലും കേരളത്തിന്റെ പുകഴ്‌പെറ്റ സമര പാരമ്പര്യമാണെന്ന് അഭിപ്രായപ്പെട്ടവരും വിരളമല്ല.
പക്ഷേ ഇന്ന് ഈ യുവജന പ്രസ്ഥാനങ്ങള്‍ക്ക് എന്ത് പറ്റി എന്ന് ചോദിക്കുകയാണ് വര്‍ത്തമാന കേരളത്തിലെ സംഭവ വികാസങ്ങള്‍.
വിദ്യാഭ്യാസ-ആരോഗ്യ-പൊതുമരാമത്ത് വകുപ്പുകളിലൊക്കെ അഴിമതിയും കെടുകാര്യസ്ഥതയും കൊടി കുത്തിവാഴുമ്പോള്‍ യുവജന പ്രസ്ഥാനങ്ങളുടെ അനങ്ങാപാറ നയം കേരളത്തിനെ ഏറെ പിന്നോട്ട് നയിക്കുമെന്ന് പറയേണ്ടതില്ല.
വിദ്യാഭ്യാസരംഗം ഏകദേശം തകര്‍ന്ന അവസ്ഥയിലാണ്. ഉന്നത വിദ്യാഭ്യാസ രംഗമാണ് ഏറെ കഷ്ടം. ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് ഉന്നത വിദ്യാഭ്യാസത്തിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടി. പകുതിയിലധികം സര്‍വ്വകലാശാലകള്‍ക്ക് നാഥനില്ലാത്ത അവസ്ഥയാണ്. പരീക്ഷകളും ഫലങ്ങളും ക്രമം തെറ്റിയ അവസ്ഥയിലായിട്ടും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ നിസ്സംഗത അത്ഭുതപ്പെടുത്തുന്നു. പരീക്ഷാഫലങ്ങള്‍ ആഘോഷമായി അവതരിപ്പിച്ച കാലത്തില്‍ നിന്നും അക്കങ്ങള്‍ പോലും ശരിയായി കൂട്ടി വായിക്കാനറിയാത്ത ഒരു കാലഘട്ടത്തിലേക്ക് കടന്നുവരുമ്പോള്‍ അതിനെ പ്രതിരോധിക്കാനാവാത്തത് കേരളത്തിന്റെ തനതു രീതിക്ക് യോജിച്ചതല്ല.
പൊതുജനാരോഗ്യ രംഗമാണ് മറ്റൊരു ദുരന്തം. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ ദയനീയാവസ്ഥ ഡിപാര്‍ട്ട്‌മെന്റ് തലവന്‍ തന്നെ വെളിപ്പെടുത്തിയിട്ടും അതിനെ ഏറ്റുപിടിക്കാനും മാറ്റം കൊണ്ടുവരാനും യുവജന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടതരത്തില്‍ ആയില്ല എന്നത് സങ്കടകരമാണ്. എന്തിനേറെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചിട്ട് പോലും അതിനെ ന്യായീകരിക്കുന്നവരുടെ തൊലിക്കട്ടി അപാരമാവാനും കാരണം യുവജന പ്രസ്ഥാനങ്ങളുടെ പോരായ്മയാണ്.
പൊതുമരാമത്ത് രംഗം പറയാതിരിക്കലാണ് ഭേദം. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ദേശീയപാത ഒരൊറ്റ മഴയില്‍ തന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളം ഒഴുകിപ്പോയിട്ടും ശരിയായി പ്രതികരിക്കാന്‍ സാധിക്കാതെ പോയത് എന്തുകൊണ്ടാണ്. കുറച്ച് കാലങ്ങള്‍ക്ക് മുമ്പാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ കേരളം തന്നെ നിശ്ചലമായേനെ.
ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന മൂന്ന് വകുപ്പുകള്‍ ചൂണ്ടിക്കാണിച്ചു എന്ന് മാത്രം. ആഭ്യന്തര വകുപ്പിന്റെ പോരായ്മ ഇതിലെല്ലാം മേലെയാണ്. ഓരോ വകുപ്പും പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയാല്‍ തടുത്ത് നിര്‍ത്താന്‍ പറ്റാത്ത സമരത്തിന്റെ വേലിയേറ്റത്തിന് തന്നെ കേരളം സാക്ഷിയാകേണ്ടതാണ്. ഖേദകരമെന്ന് പറയട്ടെ നമ്മുടെ യുവജന സംഘടനകള്‍ വെന്റിലേറ്ററിലാണ്. തുടര്‍ഭരണത്തിന്റെ ആലസ്യത്തില്‍ യുവജനപ്രസ്ഥാനത്തിന്റെ നിഷ്‌ക്രിയത്വം ഏറെ ദോഷം ചെയ്യുന്നത് ഇടതുപക്ഷത്തിനായിരിക്കും. തുടര്‍ഭരണമാണ് ബംഗാളിലും ത്രിപുരയിലും ഇടതുഭരണത്തെ വേരോടെ പിഴുതെറിയാന്‍ ഇടയാക്കിയത്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സമരപാത മറന്നാല്‍ ഇടതില്ലാത്ത ഇന്ത്യയിലേക്കുള്ള ദൂരം വിദൂരമല്ല എന്ന് ഓര്‍മ്മപ്പെടുത്തുകയാണ്.