രാജ്യത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിക്കുന്ന ആത്മഹത്യാപ്രവണതകള്‍ ഏറെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. നിസാര പ്രശ്നങ്ങള്‍ക്ക് പോലും കുട്ടികള്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ ഏറെ ദുഃഖകരമാണ്. കഴിഞ്ഞ ദിവസം ബന്തടുക്ക മാണിമൂലയില്‍ ദേവിക എന്ന പതിനഞ്ചുവയസുകാരി തൂങ്ങിമരിച്ച സംഭവവും സാധാരണ വാര്‍ത്തയില്‍ ഒതുങ്ങിയിരിക്കുന്നു. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്താണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. കാരണം എന്തുതന്നെയായാലും താങ്ങാന്‍ കഴിയാത്ത മാനസിക സമ്മര്‍ദ്ദമാണ് ആ പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് വ്യക്തമാണ്. സ്‌കൂളില്‍ നിന്നുള്ള പ്രശ്‌നമാണോ അതോ വീട്ടില്‍ നിന്നുള്ള പ്രശ്‌നമാണോ ദേവികയെ ജീവന്‍ വെടിയാന്‍ പ്രേരിപ്പിച്ചതെന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. അതുമല്ലെങ്കില്‍ വീടുമായും സ്‌കൂളുമായും ബന്ധമില്ലാത്ത വേറെ എന്തെങ്കിലും ഈ പ്രശ്‌നം കുട്ടിക്ക് നേരിടേണ്ടിവന്നിട്ടുണ്ടോയെന്ന ചോദ്യവും ഉയരുന്നുണ്ട്. എവിടെയും സമാധാനവും ആശ്വാസവും കിട്ടാതെ വന്നപ്പോഴാണ് ദേവിക മരണത്തിന്റെ വഴി തിരഞ്ഞെടുത്തതെന്ന് വ്യക്തമാണ്.
അക്കാദമിക് സമ്മര്‍ദ്ദം, തൊഴിലില്ലായ്മ, റാഗിങ്, ഒറ്റപ്പെടല്‍, പ്രണയ പരാജയം, സാമൂഹിക വിവേചനം, സാമ്പത്തിക പ്രശ്നങ്ങള്‍, സാമൂഹിക അവഗണന, കുടുംബ ഘടനയിലെ മാറ്റം എന്നിവയാണ് ആത്മഹത്യ കൂടുന്നതിനുള്ള കാരണങ്ങളായി കണ്ടെത്തിയിരിക്കുന്നത്. ജനസംഖ്യാ വര്‍ധനയുടെ തോതിനെക്കാളും വേഗത്തിലാണ് ആത്മഹത്യാ നിരക്ക്. 10 വര്‍ഷത്തിനിടക്ക് 24 വയസിന് താഴെയുള്ളവരുടെ ജനസംഖ്യ രാജ്യത്ത് 58.2 കോടിയില്‍ നിന്ന് 58.1 കോടിയിലേക്ക് ചുരുങ്ങിയ ഘട്ടത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യകളുടെ എണ്ണം 6654ല്‍ നിന്ന് 13,044ലേക്ക് ഉയര്‍ന്നു.
കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ രാജ്യത്തെ ആകെ ആത്മഹത്യാനിരക്കില്‍ വര്‍ഷം തോറും ശരാശരി 2 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥി ആത്മഹത്യാനിരക്ക് 4 ശതമാനം കൂടി. ഈ വര്‍ഷത്തെ ആകെ ആത്മഹത്യാനിരക്കിന്റെ 7.6 ശതമാനമാണ് വിദ്യാര്‍ത്ഥി ആത്മഹത്യ. ഇത് ഇനിയും കൂടാനാണ് സാധ്യത. രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും പരിഹാരം കാണാനും ശ്രമിക്കാത്തതാണ് ആത്മഹത്യകള്‍ പെരുകാന്‍ കാരണം. കുട്ടികളെ ശാരീരികമായും മാനസികമായും വേദനിപ്പിക്കാത്ത വിധത്തിലായിരിക്കണം അവരുടെ പ്രശ്‌നങ്ങളെ സമീപിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ അത്തരം സമീപനങ്ങളില്ലാത്തത് കുട്ടികളെ വല്ലാത്ത അരക്ഷിതാവസ്ഥയിലെത്തിക്കുകയാണ് ചെയ്യുന്നത്. കുട്ടികളുടെ കാര്യത്തില്‍ ഇനിയെങ്കിലും രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും കൂടുതല്‍ ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു.