കാസര്‍കോട് ജില്ലയില്‍ ദേശീയപാത നിര്‍മ്മാണപ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. ചിലയിടങ്ങളില്‍ ദേശീയപാതയുടെ ഭാഗമായുള്ള സര്‍വ്വീസ് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. അതേസമയം നടപ്പാത നിര്‍മ്മിച്ചിട്ടില്ല. മറ്റുചിലയിടങ്ങളില്‍ സര്‍വീസ് റോഡിനൊപ്പം നടപ്പാതയുമുണ്ട്. സര്‍വീസ് റോഡ് നിര്‍മ്മിക്കാത്ത സ്ഥലങ്ങളുമുണ്ട്. അതേസയമം ജില്ലയിലെ പല ഭാഗങ്ങളിലും സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള നടപ്പാതകള്‍ വാഹനങ്ങള്‍ കയ്യേറുകയാണ്. സര്‍വീസ് റോഡിലൂടെ ആളുകള്‍ക്ക് നടന്നുപോകാനുള്ള സൗകര്യമില്ലാത്തതിനാലാണ് നടപ്പാതകള്‍ നിര്‍മ്മിച്ചത്. എന്നാല്‍ നടപ്പാതകളില്‍ പോലും കാല്‍നടയാത്ര അസാധ്യമാക്കുന്ന വിധത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പതിവ് കാഴ്ചയാണ്. വിദ്യാനഗറിലും നായന്മാര്‍മൂലയിലും നടപ്പാതകളില്‍ വാഹനങ്ങള്‍ വരിവരിയായി നിര്‍ത്തിയിട്ടിരിക്കുന്നത് പതിവ് കാഴ്ചയാണ്. വിവിധ സ്ഥാപനങ്ങളില്‍ ലോഡിറക്കാനെത്തുന്ന വാഹനങ്ങള്‍ നടപ്പാതകളില്‍ ഏറെ നേരം നിര്‍ത്തിയിടുന്നു. എന്തെങ്കിലും ആവശ്യത്തിന് പുറത്തുപോകേണ്ടവരും വാഹനങ്ങള്‍ നടപ്പാതകളില്‍ നിര്‍ത്തിയിടുകയാണ്. ലോറികളും കാറുകളും ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും ഈ രീതിയില്‍ നിര്‍ത്തിയിടുന്നു. ഇതോടെ ആളുകള്‍ക്ക് നടന്നുപോകാന്‍ വഴിയില്ലാതാകുകയാണ്. നടപ്പാതയിലൂടെ നടന്നുവരുന്നവര്‍ മുന്നില്‍ വാഹനങ്ങള്‍ വഴിമുടക്കുമ്പോള്‍ മറ്റ് മാര്‍ഗമില്ലാതെ സര്‍വീസ് റോഡിലേക്ക് കടക്കുന്നു. ഒരു വാഹനത്തിന് പോകാന്‍ മാത്രം വീതിക്കുറവുള്ള സര്‍വീസ് റോഡിനെ കാല്‍നടയാത്രക്കായി ഉപയോഗിക്കുന്നത് അപകടകരമാണ്. നടപ്പാതയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടത് കാണുമ്പോള്‍ അതിനെ മറികടക്കാന്‍ സര്‍വീസ് റോഡിലേക്ക് കടക്കുമ്പോഴായിരിക്കും ഏതെങ്കിലും വാഹനം ചീറിപ്പാഞ്ഞുവരുന്നത്. ഈ വാഹനം തട്ടി അപകടം സംഭവിക്കാം.
വിദ്യാനഗറില്‍ വൈകുന്നേരങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ നടപ്പാതയിലൂടെ പോകാനാകാതെ സര്‍വീസ് റോഡിലൂടെയാണ് നടന്നുപോകുന്നത്. കുട്ടികള്‍ കൂട്ടത്തോടെ സര്‍വീസ് റോഡിലൂടെ പോകുമ്പോള്‍ അപകടത്തിന് സാധ്യത കൂടുതലാണ്. സര്‍വീസ് റോഡില്‍ ഗതാഗതസ്തംഭനവുമുണ്ടാകുന്നു. നടപ്പാതയിലെ വാഹനപാര്‍ക്കിംഗ് നഗ്‌നമായ നിയമലംഘനമാണ്. ദിവസവും ഇത് കാണുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുണ്ടാകുന്നില്ല. എന്തെങ്കിലും ദുരന്തം സംഭവിച്ചാല്‍ മാത്രം നടപടി സ്വീകരിക്കാമെന്ന ലാഘവബുദ്ധിയാണ് അധികാരികള്‍ക്കുള്ളത്. അതിന് കാത്തുനില്‍ക്കാതെ നടപ്പാതയില്‍ അനധികൃതമായി നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടത് യാത്രാ സുരക്ഷിതത്വത്തിന് അനിവാര്യമാണ്. ഇക്കാര്യത്തില്‍ ഇനിയും അമാന്തം കാണിക്കരുത്. വൈകുന്തോറും അപകടത്തിലാകുന്നത് കാല്‍നടയാത്രക്കാരുടെ ജീവനാണ്.