ഇടിമിന്നലിനെതിരെ വേണം അതീവ ജാഗ്രത

By :  Sub Editor
Update: 2025-04-11 11:31 GMT

സംസ്ഥാനത്തെ പല ഭാഗങ്ങളിലും വേനല്‍മഴക്കൊപ്പം ഇടിമിന്നലും ശക്തമാകുകയാണ്. ഇടിമിന്നലേറ്റുള്ള മരണങ്ങളും വര്‍ധിക്കുന്നു. വളര്‍ത്തുമൃഗങ്ങളും ഇടിമിന്നലിന് ഇരകളായി മാറുകയാണ്. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വൈദ്യുതി ഉപകരണങ്ങളും ഗൃഹോപകരണങ്ങളും കത്തിനശിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇടിമിന്നലിനെതിരെ അതീവ ജാഗ്രത അനിവാര്യമായിരിക്കുകയാണ്. ജീവഹാനിക്ക് പുറമെ വൈദ്യുതി-ആശയവിനിമയ ശൃംഖലകള്‍ കൂടി അവതാളത്തിലാകുന്നത് മൂലമുള്ള ബുദ്ധിമുട്ടുകളും വിവരണാതീതമാണ്. കാലാവസ്ഥാ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും മിന്നലിനെതിരെ ജാഗ്രത പാലിക്കണമെന്നും ആളുകള്‍ സ്വയം സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വേനല്‍മഴയും ഇടിമിന്നലും കാറ്റും കൂടുതലാണ്. ഇടിമിന്നലുണ്ടാകുമ്പോഴും ജാഗ്രത പാലിക്കാന്‍ തയ്യാറാകാത്തതാണ് പലര്‍ക്കും ജീവന്‍ നഷ്ടമാകാന്‍ ഇടവരുത്തുന്നത്. ബിഹാറില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലില്‍ ജീവന്‍ നഷ്ടമായത് 13 പേര്‍ക്കാണ്. കേരളത്തില്‍ ഇത്രയൊന്നും മരണം സംഭവിച്ചിട്ടില്ലെങ്കിലും മിന്നലിനെ നിസ്സാരമായി കാണാന്‍ സാധിക്കില്ല. കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം തന്നെ ആവശ്യമായ മുന്‍കരുതലെടുക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നത്. പൊതുവഴികളിലൂടെയും മറ്റും നടന്നുപോകുന്നവര്‍ ആ സമയം തന്നെ സുരക്ഷിതമായ ഇടത്തേക്ക് മാറണം. തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കുന്നവര്‍ക്കാണ് ഇടിമിന്നലേല്‍ക്കുന്നത്. വീടുകളിലുള്ളവര്‍ ഈ സമയത്ത് വരാന്തയിലിറങ്ങാന്‍ പാടുള്ളതല്ല. വാതിലുകളും ജനലുകളും അടച്ചിട്ട് വീട്ടിനകത്തുതന്നെ കഴിയുന്നതാകും ഉചിതം. ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇടിമിന്നലേല്‍ക്കുന്നവരെല്ലാം മരണപ്പെടുകയില്ല. മിന്നലിന്റെ ആഘാതത്തില്‍ പൊള്ളലേല്‍ക്കുകയോ കേള്‍വിശക്തിയോ കാഴ്ച ശക്തിയോ നഷ്ടപ്പെടുകയോ ചെയ്യുന്നവരുണ്ട്. മിന്നലാഘാതമേറ്റ ആളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ആപത്തുണ്ടാകുമെന്ന ഭയം ചിലര്‍ക്കുണ്ട്. ഈ ഭയം അസ്ഥാനത്താണ്. മിന്നലേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹമുണ്ടാകില്ല. അതുകൊണ്ട് മിന്നലേറ്റ ആളെ വേഗത്തില്‍ രക്ഷപ്പെടുത്തി പ്രഥമശുശ്രൂഷ നല്‍കാവുന്നതാണ്. ആസ്പത്രിയിലെത്തിക്കാനും മടിക്കേണ്ട ആവശ്യമില്ല. ഇടിമിന്നലുണ്ടാകുമ്പോള്‍ ടെലിഫോണ്‍ ഉപയോഗിക്കുന്നവരുണ്ട്. ഗൃഹോപകരണങ്ങളിലും വൈദ്യുതി ബന്ധമുണ്ടാകും. ഇതൊക്കെ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. ഈ സമയത്ത് വീടിന്റെ ടെറസിലും പുറത്തും കുട്ടികള്‍ കളിക്കുന്നുണ്ടെങ്കില്‍ എത്രയും വേഗം അവരെ വീട്ടിനകത്താക്കണം. രക്ഷിതാക്കളാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്. വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കുന്നതും വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുന്നതും അപകടമാണ്. ഇടിമിന്നല്‍ സമയത്ത് പശുക്കളെ പുറത്ത് കെട്ടിയാടാന്‍ പാടില്ല. തൊഴുത്തുകളിലേക്ക് മാറ്റണം. തൊഴുത്തുകള്‍ക്കും സുരക്ഷയുണ്ടാകണം. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടിവരില്ല.

Similar News