കലോത്സവത്തില്‍ ഉമ്മയുടെ നേട്ടം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ആവര്‍ത്തിച്ച് മകന്‍

By :  Sub Editor
Update: 2024-11-30 10:04 GMT

കാസര്‍കോട്: 20 വര്‍ഷം മുമ്പ് ഉമ്മ ഒന്നാം സ്ഥാനം നേടിയ അതേ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുറഹ്മാന്‍ നാസിം. ഹൈസ്‌കൂള്‍ വിഭാഗം അറബിക് പദ്യം ചൊല്ലലിലാണ് നാസിം എ ഗ്രേഡോടെ സംസ്ഥാന തലത്തിലേക്ക് അര്‍ഹത നേടിയത്. ഇതേ സ്‌കൂളില്‍ അധ്യാപികയായ ഉമ്മ തസ്‌ലീന 2003ല്‍ പത്താം തരത്തില്‍ പഠിക്കുമ്പോള്‍ അറബിക് പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. തസ്‌ലീനയും ടി.ഐ.എച്ച്.എസ്.എസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണ്. 2005ല്‍ പ്ലസ് ടുവില്‍ പഠിക്കുമ്പോള്‍ ഉറുദു പദ്യംചൊല്ലലിലും തസ്‌ലീനക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഒപ്പന ടീമിലും തസ്‌ലീന അംഗമായിരുന്നു. നിലവില്‍ ടി.ഐ.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഒപ്പന പരിശീലിപ്പിക്കുന്നതിന്റെ പിന്നണിയിലും തസ്‌ലീന സജീവമാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് ഉമ്മ നേടിയ സമ്മാനനേട്ടം മകനും ആവര്‍ത്തിച്ചത് ഏവര്‍ക്കും കൗതുകമായി. കാസര്‍കോട് നഗരസഭാ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ. അബ്ദുറഹ്മാന്‍ കുഞ്ഞി മാഷിന്റെ മകനും അബുദാബിയില്‍ സര്‍ക്കാര്‍ ജീവനക്കാരനുമായ വിദ്യാനഗര്‍ ചാലയിലെ സജീദാണ് നാസിമിന്റെ പിതാവ്.

Similar News