ഉദിനൂര്‍: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ചരിത്രത്തിലാദ്യമായി മത്സര ഇനമായി മാറിയ ഗോത്രകലകളെ കയ്യടിയോടെ സ്വീകരിച്ച് ആസ്വാദകര്‍.
മാവിലരുടെയും മലവേട്ടുവരുടെയും ഗോത്രകലകളായ മംഗലംകളി, ഇരുളരുടെ നൃത്തം, പള്ളിയരുടെ പള്ളിയ നൃത്തം മലയപ്പുലയരുടെ ആട്ടം എന്നീ ഇനങ്ങളാണ് ഇത്തവണ കലോത്സവത്തില്‍ മത്സര ഇനങ്ങളായി അരങ്ങേറിയത്. ഈ മത്സരങ്ങളെല്ലാം വേദിയെ ഇളക്കിമറിച്ചു. കലോത്സവത്തിന്റെ അവസാന ദിവസം പ്രധാന വേദിയിലാണ് മത്സരങ്ങള്‍ നടന്നത്. മംഗലംകളി ജില്ലക്ക് പരിചിതമാണെങ്കിലും മറ്റ് ഗോത്രകലകള്‍ ആദ്യമായാണ് ജില്ലാതല മത്സരത്തിലേക്കെത്തുന്നത്.
കൃഷിക്കൊയ്ത്ത്, ആചാരാനുഷ്ഠാനങ്ങള്‍, വിവാഹം തുടങ്ങിയ വേളകളില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന കലാരൂപങ്ങള്‍ എല്ലാവരിലേക്കും എത്തണം എന്ന ലക്ഷ്യത്തോടെയാണ് ഗോത്രകലകളെ കലോത്സവവേദിയിലേക്ക് എത്തിച്ചത്.